|    Apr 20 Fri, 2018 5:05 am
FLASH NEWS

കാപ്പില്‍ തീരങ്ങളില്‍ അനധികൃത മണല്‍ ഖനനം

Published : 25th November 2016 | Posted By: SMR

വര്‍ക്കല: ഒരു ഇടവേളയ്ക്കു ശേഷം അനധികൃത കരമണല്‍ ഖനനം രൂക്ഷമായതോടെ കാപ്പില്‍ കടല്‍, കായല്‍ തീരങ്ങള്‍ പാരിസ്ഥിതിക ഭീഷണിയില്‍. പോലിസിന്റെ കര്‍ശന വിലക്കുമൂലം കഴിഞ്ഞ രണ്ടു വര്‍ഷ—മായി മണല്‍ഖനനം സമ്പൂര്‍ണമായി നിലച്ച മട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ മണല്‍ഖനനം പൂര്‍വാധികം സജീവമാവുകയാണ്. മണ്‍സൂണ്‍ തുടങ്ങുന്ന ജൂണ്‍ മുതല്‍ തുടര്‍ച്ചയായി മൂന്നുമാസം മണല്‍ഖനനം നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവു നിലനില്‍ക്കുന്ന സാഹചര്യത്തിലാണു കാപ്പില്‍ തീരദേശങ്ങള്‍ മണല്‍മാഫിയകള്‍ അന്യായമായി കൊള്ളയടിക്കുന്നത്. അയിരൂര്‍ പോലിസ് മാസപ്പടി കൈപ്പറ്റി, നിയന്ത്രണത്തില്‍ പരോക്ഷമായി ഇളവുവരുത്തിയതാണ് ഇതിനു കാരണമെന്നു പ്രദേശവാസികള്‍ പരാതിപ്പെടുന്നു. തീരത്തെത്തുന്നവരില്‍ അധികവും പുറമെ നിന്നുള്ളവരാണ്. കാപ്പില്‍ പോസ്‌റ്റോഫിസ് ജങ്ഷനില്‍ നിന്നു പടിഞ്ഞാറുവശം കായല്‍ കടന്നു കടല്‍ത്തീരത്തെത്തുന്ന സംഘം, പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ നിറച്ചു വള്ളത്തില്‍ മറുകരയിലെത്തിച്ചു ചെറുതും വലുതുമായ വാഹനങ്ങളില്‍ കടത്തുകയാണു പതിവ്. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലു വരെയാണു ഖനനം. ഒരു ദിവസം ഇത്തരത്തില്‍ നിരവധി ലോഡുകളാണ് പോലിസിന്റെ മൗനാനുവാദത്തോടെ കടത്തുന്നത്. പൊഴിമുഖത്തെ തീരപ്രദേശങ്ങളില്‍ മണല്‍ കുഴിച്ചെടുത്തു രൂപപ്പെട്ട കിടങ്ങുകള്‍ നിരവധിയാണ്. കാപ്പില്‍ പടിഞ്ഞാറെ പൊഴിമുഖത്തിന് സമീപം കടലിനും കായലിനും മധ്യേ അനുദിനം ശോഷിച്ചുവരുന്ന ഇടത്തട്ടിടിച്ചുള്ള അനധികൃത ഖനനം ഏറെ ഭവിഷ്യത്തുകള്‍ക്ക് ഇടനല്‍കുമെന്നു മല്‍സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടുന്നു. കായലിന്റെ അടിവിതാനത്തിനും വിസ്തൃതിക്കും അസ്വാഭാവിക രൂപപരിണാമങ്ങള്‍ സംഭവിക്കുന്നതുള്‍െപ്പടെ മണലൂറ്റു നിമിത്തം ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. കണ്ടല്‍ നശീകരണം, കുടിവെള്ള ദൗര്‍ലഭ്യം, കരയിടിച്ചില്‍ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ക്കു പുറമെ ഉള്‍നാടന്‍ മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥകളെയും മണല്‍ഖനനം ഏറെ ദോഷകരമായാണു ബാധിക്കുന്നത്. 2001ലെ നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണ ആക്ടും പ്രാബല്യത്തിലുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ള അംഗീകൃത തൊഴിലാളികള്‍ നമ്പറുള്ള തോണികളില്‍ അംഗീകൃത കടവുകളില്‍ നിന്നു നേരിട്ടു മണല്‍ ശേഖരിച്ച് അതതു പഞ്ചായത്തുകളില്‍ പണമടച്ച്  ഫോറം കൈപ്പറ്റുന്ന സമ്പ്രദായവും ഇന്നില്ല. ഇത്തരത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനധികൃത മണല്‍ഖനനത്തെ നിയമാനുസൃതം നിയന്ത്രിക്കാന്‍ പഴുതുകള്‍ ഏറെയുണ്ടെങ്കിലും പ്രയോജനപ്പെടുത്താറില്ല. അനധികൃത മണല്‍ഖനനത്തിന് എതിരേയുള്ള പോലിസ്, റവന്യൂ വകുപ്പുകളുടെ ഇടപെടലും അത്ര ക്രിയാത്മകമല്ലെന്നാണ് ആക്ഷേപം. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിശ്ചിത പിഴയടച്ച് സ്റ്റേഷനില്‍ നിന്നു വിടുതല്‍ നേടുന്നതും മാഫിയകള്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss