|    Jul 25 Tue, 2017 4:19 pm
FLASH NEWS

കാപ്പക്‌സ് ഫാക്ടറികള്‍ ഇന്ന് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും

Published : 23rd August 2016 | Posted By: SMR

കൊല്ലം:ഇടനിലക്കാരെ ഒഴിവാക്കി തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്ത് കാപ്പെക്‌സിന്റെയും കശുവണ്ടി വികസന കോര്‍പറേഷന്റെയും ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ്, കശുവണ്ടി വ്യവസായ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പെരുമ്പുഴ കാപ്പെക്‌സ് ഫാക്ടറി അങ്കണത്തില്‍ കാപ്പെക്‌സ് ഫാക്ടറികളുടെ പുനര്‍പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കശുവണ്ടി വ്യവസായ മേഖലയില്‍ ശക്തമായി ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ഇവ രണ്ടും മാറ്റിയെടുക്കുക്കേണ്ടതുണ്ട്.
നേരിട്ടുള്ള കശുവണ്ടി ഇറക്കുമതിക്ക് കോര്‍പറേഷനും കാപ്പെസ്‌കും കൂട്ടായി പ്രവര്‍ത്തിക്കണം. കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിനുവേണ്ട പണം സര്‍ക്കാര്‍ ലഭ്യമാക്കും. ഇന്നോടെ കാപ്പെക്‌സിന്റെ പത്തു ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കും. കശുവണ്ടി വികസന കോര്‍പറേഷന്‍ ഇതിനോടകം 30 ഫാക്ടറികള്‍ തുറന്നിട്ടുണ്ട്. ഫാക്ടറികളുടെ നവീകരണത്തിനായി ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപയില്‍ 25 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. നിലവില്‍ കോര്‍പറേഷനിലും കാപ്പെക്‌സിലും കൂടി ആകെ 16000 ഓളം തൊഴിലാളികളുണ്ടാകും. അവരുടെ ശേഷി പൂര്‍ണമായും വിനിയോഗിച്ചാലേ ലക്ഷ്യം കൈവരിക്കാനാകൂ.
അവര്‍ക്ക് ന്യായമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണം. ഓണം കഴിഞ്ഞാല്‍ അധികമായി വേണ്ടി വരുന്ന തൊഴിലാളികളെ എടുക്കണം. എല്ലാ ദിവസവും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആവശ്യത്തിന് തോട്ടണ്ടി വേണം. ഓണം കഴിഞ്ഞ് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് രണ്ടു മാനേജ്‌മെന്റുകളും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു. ഇളമ്പള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ  പ്രേമചന്ദ്രന്‍ എം പി, മുന്‍ എംഎല്‍എ എ എ അസീസ്, ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനേജിങ് ഡയറക്ടര്‍ ആര്‍ രാജേഷ്, ഫാക്ടറി മാനേജര്‍ ഹസീനാ ബീവി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക