|    Oct 21 Sun, 2018 3:29 pm
FLASH NEWS

കാപ്പക്‌സിലും കാഷ്യു കോര്‍പറേഷനിലും ബോണസായി വേണ്ടത് 15 കോടി

Published : 19th August 2016 | Posted By: SMR

കൊല്ലം: തൊഴില്‍ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ 800 കശുവണ്ടി ഫാക്ടറികളില്‍ പകുതിയില്‍ കൂടുതലും അടഞ്ഞുകിടക്കുന്നു. 325 ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഈ ഫാക്ടറികളിലേറെയും. കശുവണ്ടി വികസന കോര്‍പറേഷന്റെ അടഞ്ഞ് കിടന്ന 30 ഫാക്ടറികളില്‍ 11 എണ്ണം ബുധനാഴ്ചയും ബാക്കിയുള്ളവ ഇന്നലേയും തുറന്നതായി മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അറിയിച്ചു.
കഴിഞ്ഞ സെപ്തംബര്‍ 20ന് പൂട്ടിയ ഫാക്ടറികളാണ് 330 ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ തുറന്നത്. നിയമങ്ങളില്‍ ഇളവുകള്‍ വരുത്തി ആഭ്യന്തര വിപണിയില്‍ നിന്നും തോട്ടണ്ടിക്ക് ടെന്‍ഡര്‍ വിളിച്ചതോടെയാണ് ഫാക്ടറികള്‍ തുറക്കാനായത്. 900 ടണ്‍ തോട്ടണ്ടിയാണ് കാഷ്യു കോര്‍പറേഷന്‍ വാങ്ങിയത്. അതേസമയം, ഒരേ ദിവസം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോര്‍പറേഷനും കാപ്പക്‌സും ടെന്‍ഡര്‍ വിളിച്ചതെങ്കിലും കാപ്പെക്‌സ് ഫാക്ടറികളില്‍ തോട്ടണ്ടി എത്തിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കമ്പനിയുടെ പക്കലുള്ള തോട്ടണ്ടികള്‍ ഘട്ടംഘട്ടമായി എത്തിക്കാമെന്നാണ് ടെന്‍ഡര്‍ എടുത്ത കമ്പനിയുടെ നിലപാട്. 20 ലോഡ് തോട്ടണ്ടിയെങ്കിലും ആദ്യം എത്തിച്ചാലേ കാപ്പെക്‌സിനു കീഴിലുള്ള പത്തു ഫാക്ടറികളും തുറക്കാനാവൂ. നാലാം ദിവസം വീണ്ടും 20 ലോഡ് വീതം എത്തിക്കണം. ഇതു കാണിച്ചു കാപ്പെക്‌സ് എംഡി ആര്‍ രാജേഷ് കമ്പനി അധികൃതര്‍ക്കു കത്തയച്ചു.
അതേസമയം, തോട്ടണ്ടി നല്‍കാന്‍ നെഗോസേഷ്യന്‍ നല്‍കി വില ഉറപ്പിക്കുകയും പിന്നീടു നിലപാട് മാറ്റുകയും ചെയ്യുന്ന കമ്പനിയുടെ നിലപാട് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. കാപ്പെക്‌സിനു തോട്ടണ്ടി ലഭ്യമാകാതിരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം തുടരുന്നതായാണു സര്‍ക്കാരിന്റെ സംശയം. കരാര്‍ വച്ച ശേഷം അതില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
എല്ലാ കാഷ്യു ഫാക്ടറികളും ഉടന്‍ തുറക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കാഷ്യു കോര്‍പറേഷന്റെ ഫാക്ടറികളില്‍ 12500 തൊഴിലാളികളും കാപ്പക്‌സിന്റെ ഫാക്ടറികളില്‍ 3200 തൊഴിലാളികളുമാണ് നിലവിലുള്ളത്. ജോലിക്കാരുടെ എണ്ണത്തില്‍ കുറവുണ്ട്. ഓണം കഴിയുന്നതോടെ കാപ്പക്‌സിന്റേയും കാഷ്യു കോര്‍പറേഷന്റേയും ഫാക്ടറികളില്‍ പുതിയതായി തൊഴിലാളികളെ നിയമിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ ഫാക്ടറികളില്‍ ഇത്തവണ ഓണത്തിന് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിന് 15 കോടി രൂപ വേണമെന്നും മന്ത്രി പറഞ്ഞു.

ഫാക്ടറി അടച്ചിടല്‍: സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

കൊല്ലം: സര്‍ക്കാരിനോട് എതിരായി നില്‍ക്കാന്‍ വന്‍കിട കശുവണ്ടി ഫാക്ടറി ഉടമകള്‍ നോക്കേണ്ടെന്ന് വകുപ്പ് മന്ത്രിയുടെ മുന്നറിയിപ്പ്. കശുവണ്ടി ശേഖരിച്ച് വച്ച ശേഷം ഫാക്ടറികള്‍ തുറക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഓണം കഴിയുന്നത് വരെ ഫാക്ടറി തുറക്കുന്നത് നീട്ടികൊണ്ടുപോകാനാണ് ശ്രമം. സര്‍ക്കാരുമായി സഹകരിച്ച് ഫാക്ടറികള്‍ തുറക്കുന്നതാണ് നല്ലത്. ഓണത്തിന് മുമ്പ് ഫാക്ടറികള്‍ തുറക്കുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതുണ്ടായില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ ആലോചിക്കുമെന്നും മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെറുകിട കശുവണ്ടി ഫാക്ടറികളില്‍ ചില ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രം ഏര്‍പ്പെടുത്തിയ ഇറക്കുമതി ചുങ്കം ഉള്‍പ്പടെ ചെറുകിട ഉടമകള്‍ക്ക് പ്രതിസന്ധിയായിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ബാങ്ക് പ്രതിനിധികളുടെ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചെറുകിട ഫാക്ടറികളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും വായ്പ പുനക്രമീകരിക്കാനും കൃത്യമായ തിരിച്ചടവിനുള്ള സൗകര്യം ചെയ്യാനും ദേശസാല്‍കൃത ബാങ്കുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവര്‍ അനുഭാവപൂര്‍ണമായ പ്രതികരണമാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ വന്‍കിട ഫാക്ടറി ഉടമകള്‍ക്ക് നിലവില്‍ യാതൊരു പ്രശ്‌നങ്ങളും നിലനില്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കാഷ്യു ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് വീണ്ടും നിവേദനം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കാഷ്യു ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കാഷ്യു കോര്‍പറേഷനിലെ അഴിമതി സംബന്ധിച്ച് നിലവില്‍ നടക്കുന്ന ഒരു അന്വേഷണത്തിലും സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss