|    Nov 16 Fri, 2018 1:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാപെക്‌സ് അഴിമതി സിബിഐ അന്വേഷിക്കണമെന്ന ഹരജി തീര്‍പ്പാക്കി

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ (കാപെക്‌സ്) അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. അഴിമതി ആരോപിക്കപ്പെടുന്ന 2014-15 സാമ്പത്തികവര്‍ഷത്തെ മാത്രം ഇടപാടുകളുടെ പരിശോധനയില്‍ പ്രഥമദൃഷ്ട്യാ 3.59 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നും വിപുലമായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കുറച്ചുകൂടി സമയം ആവശ്യമുണ്ടെന്നതുമുള്‍പ്പെടെ ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.
അഴിമതിയെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും കാര്യക്ഷമമല്ലെന്നും സിബിഐക്ക് വിടണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി മനോജ് കടകമ്പള്ളി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഡയറക്ടര്‍ ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയ കോട്ടയത്തെ കമ്പനിയുമായി മാനേജിങ് ഡയറക്ടര്‍ കരാര്‍ ഒപ്പിട്ട് അസംസ്‌കൃത കശുവണ്ടി വാങ്ങിയെന്നും കാപെക്‌സിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമുള്ള കേസിലാണ് അന്വേഷണം നടക്കുന്നത്. കാപെക്‌സ് എംഡി ആര്‍ ജയചന്ദ്രന്‍, കമേഴ്‌സ്യല്‍ മാനേജര്‍ പി സന്തോഷ് കുമാര്‍, കരാറുകാരായ ജെഎംജെ ട്രെയ്‌ഡേഴ്‌സ് പ്രൊപ്രൈറ്റര്‍ ജയ്‌മോന്‍ ജോസഫ്, സിനര്‍ജി സിസ്റ്റം എക്‌സിക്യൂട്ടീവ് സി എസ് സാജന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ജെഎംജെ കമ്പനിയുമായി കാപെക്‌സ് എംഡിയും കമേഴ്‌സ്യല്‍ മാനേജരും ഗൂഢാലോചന നടത്തി ചട്ടലംഘനത്തിലൂടെ കരാര്‍ നല്‍കി നിലവാരം കുറഞ്ഞ അസംസ്‌കൃത കശുവണ്ടി വാങ്ങി കാപെക്‌സിന് കീഴിലെ 10 കമ്പനികള്‍ക്ക് നല്‍കിയതിലൂടെ കരാറുകാര്‍ക്ക് കോടികളുടെ ലാഭവും കാപെക്‌സിന് നഷ്ടവുമുണ്ടാക്കിയെന്നാണ് ആരോപണം. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് വിജിലന്‍സ് കൊല്ലം ഡെപ്യൂട്ടി സൂപ്രണ്ട് അശോക കുമാര്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്.
ഇതുവരെ 21 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. 76 രേഖകള്‍ പിടിച്ചെടുത്തു. ഇനിയും കൂടുതല്‍ സാക്ഷികളെ ചോദ്യംചെയ്യാനുണ്ട്. ഇതുവരെ നടന്നത് ഒന്നാം പ്രതിയായ എംഡി ചുമതല വഹിച്ചിരുന്ന 2014-15 കാലത്തെ നാല് ടെന്‍ഡറുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയും മൊഴിയെടുപ്പുമാണ്. പ്രതികളായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരേ അഴിമതി നിരോധന നിയമം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നതായും പ്രഥമദൃഷ്ട്യാ കണ്ടെത്താനായി.
ആരോപണവിധേയനായ എംഡി ചുമതലയിലിരുന്ന 2011-12 മുതല്‍ 2014-15 വരെയുള്ള മുഴുവന്‍ കാലയളവില്‍ 40 ടെന്‍ഡര്‍ നടപടികളാണ് നടന്നത്. വിശദ അന്വേഷണം നടത്തിയാല്‍ നഷ്ടക്കണക്ക് ഇനിയും പല മടങ്ങ് ആയേക്കാമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കാര്യക്ഷമതയും വിശ്വാസ്യതയുമുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനാല്‍ കൂടുതല്‍ സമയം വേണ്ടതുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടതില്ലെന്നും വിജിലന്‍സ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss