|    Oct 17 Wed, 2018 6:12 am
FLASH NEWS

കാന നിര്‍മാണത്തിലെ അപാകത; മാള ടൗണില്‍ വെള്ളക്കെട്ട് രൂക്ഷം

Published : 9th September 2017 | Posted By: fsq

 

മാള: ടൗണിന്റെ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് മാള ടൗണില്‍ നടന്ന കാന നിര്‍മാണത്തിലെ അപാകത നിമിത്തം വെള്ളക്കെട്ട് അതിരൂക്ഷം. ശക്തമായ ഒരു മഴ പെയ്താല്‍ തന്നെ രൂപപ്പെടുന്ന വെള്ളക്കെട്ട് സൃഷ്ടിക്കുന്ന ദുരിതം ഏറെയാണ്. പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപത്തായുള്ള രണ്ട് കെട്ടിട സമുച്ചയങ്ങളിലേക്ക് മെയിന്‍ റോഡില്‍ നിന്നും കയറുന്നിടത്താണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ലാഭം ഔട്ട്‌ലെറ്റും നീതി മെഡിക്കല്‍ സ്‌റ്റോറുമടക്കം നിരവധി സ്ഥാപനങ്ങളും പത്രങ്ങളുടെ ബ്യൂറോ ഓഫിസുകളും പ്രവര്‍ത്തിക്കുന്നയിടത്തേക്കുള്ള വഴിയാണിത്. രണ്ടര വര്‍ഷത്തോളം മുന്‍പാണ് ടൗണ്‍ സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി കാനകള്‍ പുതുക്കി പണിതതും ടൈല്‍സ് പാകിയതും ഇത്തരം ഭാഗങ്ങളില്‍ കാനയുടെ ഉയരം കുറച്ച് സ്ലാബിടുകയാണ് ചെയ്തത്. ഇത്തരം ഭാഗങ്ങളില്‍ കാനക്ക് മേലെ വരുന്ന വെള്ളത്തെ കാനയിലേക്ക് കടത്തി വിടാനായി വളരെ ചെറിയൊരു ദ്വാരം മാത്രമാണുള്ളത്. ഇരുമ്പിന്റെ ഗ്രില്ലും സ്ഥാപിച്ചിട്ടുണ്ട്. തപാലാപ്പീസിന് സമീപത്ത് നിന്നുമുള്ള വെള്ളമെല്ലാം കുത്തിയൊലിച്ച് എത്തുന്നത് ഇവിടേക്കാണ്. അതിനാല്‍ തന്നെ ശക്തമായ മഴയത്ത് നിമിഷ നേരം കൊണ്ട് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. സ്ഥാപന ഉടമകളും ജീവനക്കാരും ഉപഭോക്താക്കളുമായുള്ള നൂറ് കണക്കിന് പേരാണ് ദുരിതം അനുഭവിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss