കാന്‍ മേളയില്‍ ഖത്തര്‍ സഹായത്തില്‍ നിര്‍മിച്ച സിനിമകള്‍ക്ക് പുരസ്കാരം
Published : 24th May 2016 | Posted By: sdq

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്(ഡിഎഫ്ഐ) ധന സഹായം നല്കിയ ഏഴ് സിനിമകളില്‍ നാലെണ്ണത്തിന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം. കഴിഞ്ഞ ദിവസം സമാപിച്ച 69ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്. മികച്ച നടനും തിരക്കഥയ്ക്കുമുള്ള പുരസ്കാരം നേടിയ ദി സെയില്സ്മാന് എന്ന ചിത്രം ഡിഎഫ്ഐയുടെ സാമ്പത്തിക സഹകരണത്തോടെ നിര്‍മിച്ചതാണ്. ഡിഎഫ്ഐ ഗ്രാന്റില്‍ നിര്‍മിച്ച ഡിവൈന്സിന് കാമറ ഡി ഓര് പുരസ്കാരമാണ് ലഭിച്ചത്. മിമോസാസ്, ഡയമണ്ട് ഐലന്റ് എന്നിവ ക്രിട്ടിക്സ് വീക്ക്, ഡയറക്ടേഴ്സ് ഫോര്‍ട്ട്നൈറ്റ് വിഭാഗങ്ങളില്‍ അംഗീകാരം നേടി.
വികാരനിര്‍ഭരമായ കുടുംബ കഥ പറയുന്ന അഷ്ഗര് ഫഹദിയുടെ ‘സെയില്സ്മാന്’ എന്ന സിനിമയിലെ അഭിനയത്തിന് ഇറാന്റെ ഷഹാബ് ഹുസയ്നാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേക സാഹചര്യത്തില്‍ പുതിയ ഫഌറ്റിലേക്ക് താമസം മാറിയ കുടുംബത്തിന്റെ ജീവിതത്തില്‍ മുന്‍ വാടകക്കാരുമായി ബന്ധപ്പെട്ട സംഭവം സൃഷ്ടിക്കുന്ന നാടകീയ മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ‘എ സപറേഷന്‍’ എന്ന ഫര്‍ഹാദിയുടെ 2011ലെ ചിത്രം മികച്ച വിദേശ ഭാഷ സനിമയ്ക്കുള്ള ഓസ്കര് നേടിയിരുന്നു.
ഫ്രഞ്ച് മൊറോക്കന്സംവിധായക ഹൗദ ബിന്യാമിന ഡിഎഫ്ഐ ഗ്രാന്റില്‍ നിര്‍മിച്ച ‘ഡിവൈന്‍സ്’ എന്ന ചിത്രത്തിന് കാമറ ദിഓര്‍ പുരസ്കാരം ലഭിച്ചത് വലിയ അംഗീകാരമായി. നഗര പ്രാന്തത്തില്‍ കഴിയുന്ന കൗമാരക്കാരിയായ കുടിയേറ്റക്കാരിയുടെ കഥ പറയുന്ന ഈ ചിത്രം ചലച്ചിത്ര മേളയുടെ ഡയരക്ടേര്‍സ് ഫോര്‍ട്ട് നൈറ്റിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.
മൊറോക്കന്‍ മരുഭൂമിയിലൂടെയുള്ള വിലാപ യാത്രയില്‍ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് മിമോസാസിന്റെ ഇതിവൃത്തം.
ഒലിവര്‍ ലാക്സിയുടെ ‘മിമോസാസി’ന് ക്രിട്ടിക്സ് വീക്കില്‍ നെസ്പ്രിസോ ഗ്രാന്റ് പ്രൈസ് ലഭിച്ചു. കമ്പോഡിയന്‍ സിനിമാ നര്മാതാവ് ഡാവി ചൂവിന്റെ ‘ഡയമണ്ട് അയലന്റ്ി’ന് എസ്എസിഡി അവാര്‍ഡും ലഭിച്ചു.
ബ്രിട്ടീഷ് സംവിധായകന് കെന്‍ ലോച്ചിന്റെ ‘ഐ ഡാനിയല്‍ ബ്ലേക്കി’നാണ് ഇത്തവണത്തെ ‘പാം ദി ഓര്’ പുരസ്കാരം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് കെന്‍ലോച്ചിന്റെ സിനിമയക്ക് പാംദി ഓര് പുരസ്കാരം ലഭിക്കുന്നത്. കടബാധ്യതയും ചെലവ്ചുരുക്കലും കൊണ്ട് ബുദ്ധിമുട്ടുന്ന യൂറോപ്പിലെ പട്ടിണി ചിത്രീകരിക്കപ്പെട്ട സിനിമയാണ് ‘ഐ ഡാനിയല്‍ ബ്ലേക്ക്’.
ഇടത് ആഭിമുഖ്യമുള്ള 80കാരനായ കെന്നിന്റെ സനിമയക്ക് ലോകത്തെ അറിയപ്പെട്ട സിനിമാ അവാര്‍ഡുകളിലൊന്നായ പാംദിഓര് ലഭിച്ചത് ആശ്ചര്യത്തോടെയാണ് ലോകം ഉറ്റുനോക്കിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.