|    Oct 22 Mon, 2018 5:04 pm
FLASH NEWS

കാന്‍സര്‍ രോഗികള്‍ക്ക് അനുഗ്രഹമായി മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം

Published : 25th September 2017 | Posted By: fsq

 

കെ കെ അര്‍ജ്ജുനന്‍

മുളങ്കുന്നത്ത്കാവ്: കാന്‍സര്‍ രോഗികള്‍ക്ക് അനുഗ്രഹമായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം മാത്യകയാകുന്നു. കാന്‍സര്‍ ചികില്‍സയ്ക്ക് ഏറ്റവും അനിവാര്യമായ കാന്‍സര്‍ സര്‍ജറികളാണ് ഇതിനകം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയത്. 2016 ല്‍ 667 ഉം 2017 ല്‍ 709 കാന്‍സര്‍ സര്‍ജറികളാണ് ഇവിടെ നടത്തിയത്. മെഡിക്കല്‍ കോളജില്‍ ആറ് സര്‍ജറി യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സര്‍ജറി യൂണിറ്റ് രണ്ടില്‍ 2017 ല്‍ ഇതിനകം 188 ഉം ഒന്നാം യൂണിറ്റ് 98, മൂന്നാം യൂണിറ്റ് 115, നാലാംയൂണിറ്റ് 122, അഞ്ചാം യൂണിറ്റ് 70, ആറാം യൂണിറ്റ് 70 എന്നിങ്ങനെ ചെയ്യുന്ന സര്‍ജറികളുടെ കണക്കുകള്‍ നീളുന്നു. സ്വകാര്യ ഹൈടെക് ആശുപത്രികളില്‍ ഒരു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെ ചിലവ് വരുന്ന ക്യാന്‍സര്‍ സര്‍ജറികള്‍ സൗജന്യമായും ആര്‍എസ്ബിവൈ, കാരുണ്യ പദ്ധതി പ്രകാരവുമാണ് ഇവിടെ ചെയ്തു കൊടുക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവും പല തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുമ്പോളും കാന്‍സര്‍ രോഗികളുടെ സര്‍ജറിയുടെ കാര്യത്തില്‍ ഈ കുറവുകള്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കാട്ടാറില്ല. രോഗികള്‍ക്ക് യാതൊരുകുറവും ഉണ്ടാകാതിരിക്കാന്‍  ഇവിടത്ത ഡോക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു.  മാറിടത്തിലെ കാന്‍സര്‍ മൂലം ദുരിതം അനുഭവിച്ചിരുന്ന 306 സ്ത്രികള്‍ക്ക് വിജയകരമായ സര്‍ജറികള്‍ നടത്താന്‍ സാധിച്ചു. ആമാശയ കാന്‍സര്‍ 114, തൊലി പുറത്തെ കാന്‍സര്‍ 114 എന്നിവ ഇവയില്‍ ചിലത് മാത്രം. കൂടാതെ   എന്‍ഡോസ്‌കോപ്പി വിഭാഗം, ഒ പി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ മെഡിക്കല്‍ കോളജിലെ അറിയാതെ പോകുന്ന സേവനങ്ങള്‍ ഏറേയാണ്. ഇവിടെത്ത അനസ്‌തേഷ്യ വിഭാഗവും നേഴ്‌സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ ജിവനക്കാരുടെ സഹകരണവും എടുത്തുപറയേണ്ടവയാണ്. ഡോക്ടര്‍മാരുടെ കുറവ് നികത്തുകയും ആവശ്യമായ യന്ത്ര സാമഗ്രികളും ലഭ്യമാക്കിയാല്‍ മദ്ധ്യ കേരളത്തിലെ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയായി തൃശുര്‍ ഗവ. മെഡിക്കല്‍ കോളജ് മാറുകയും മികവ് പുലര്‍ത്താനും സാധിക്കും.  ബ്രസ്റ്റ് കാന്‍സറിനെകുറിച്ച് വിദേശ പഠനം സിദ്ധിക്കുകയും ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ ഡോ. സി രവീന്ദ്രന്‍, ഡോ. സതീദേവി  എന്നിവരുടെ നേതൃത്തിലുള്ള വിദഗ്ദരായവരുടെ സേവനവും മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തിനുണ്ട്. സര്‍ക്കാര്‍ ആശുപത്രിയെ അവഗണനയോട് കൂടി നോക്കുന്ന ജനം ഇവിടെ ചെയ്യുന്ന ജനോപകാരപ്രദമായ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നതാണ്. ചിലവ് കുറഞ്ഞതും വളരെ ശുഭ പ്രതീക്ഷ നല്‍കുന്നതുമായ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തിലേക്ക്  രോഗബാധിതരുടെ വന്‍തിരക്കാണ് ഉണ്ടാകുന്നത്. നിലവില്‍ ജീവിത ശൈലി രോഗവും കാന്‍സര്‍ രോഗികളുടെ എണ്ണവും നാട്ടില്‍ വര്‍ധിച്ച് വരുന്നത് ഏറേ ആശങ്കയിലാണ്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന നെഞ്ചുരോഗ ആശുപത്രിയിലാണ് കാന്‍സര്‍ റേഡിയേഷനും കീമോ തെറാപ്പി ചികില്‍സയും ഉള്ളത്. ഇവിടെ മിനി ആര്‍ സി സി യായി ഉയര്‍ത്താനുള്ള നീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമാണ് ഉള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss