|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കാന്‍സര്‍ രോഗികള്‍ക്കുള്ള വിഗ് നിര്‍മാണത്തിന്റെ മറവില്‍ വന്‍ തട്ടിപ്പു സംഘങ്ങള്‍

Published : 27th September 2017 | Posted By: fsq

 

കണ്ണൂര്‍: കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയുള്ള വിഗ് നിര്‍മാണത്തിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പു സംഘങ്ങളെന്ന് ആക്ഷേപം. ഇത്തരം വ്യാജ സംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാന്‍സര്‍ രോഗികള്‍ക്ക് വര്‍ഷങ്ങളായി കേശദാനം ചെയ്യുന്ന സന്നദ്ധസംഘടനയായ ഒറപ്പടി കലാകൂട്ടായ്മ രംഗത്ത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ പരാതി നല്‍കി. കേശദാന ക്യാംപുകള്‍ സംഘടിപ്പിച്ചാണ് ഇത്തരം തട്ടിപ്പു നടത്തുന്നതെന്നാണ് ആരോപണം. ഓരോ ക്യാംപിലും 20 മുതല്‍ 100 വരെ ആളുകളുടെ മുടി ഇത്തരത്തി ല്‍ ശേഖരിക്കുന്നുണ്ട്.സ്ത്രീകള്‍ക്ക് വിഗ് നിര്‍മിക്കാന്‍ ചുരുങ്ങിയത് 12 ഇഞ്ച് നീളത്തിലെങ്കിലും മുടി വേണം. എന്നാല്‍, ഇത്തരം ക്യാംപുകളില്‍ ആറിഞ്ച് മുടിയാണു ശേഖരിക്കുന്നത്. ഈ മുടി ഹെയര്‍ ഫിക്‌സിങ് മേഖലയിലേക്കാണ് എത്തുന്നതെന്നാണു സംശയമുയരുന്നത്. ഇതിനു വേണ്ടി പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്. കോടികള്‍ മറിയുന്ന ബിസിനസാണ് മുടിവ്യാപാരമെന്ന വിവരങ്ങളും പുറത്തുവരുന്നു.സ്ത്രീകള്‍ക്കുള്ള ഒരു വിഗിന് മാര്‍ക്കറ്റില്‍ 15,000 മുതല്‍ ഒരുലക്ഷം രൂപ വരെയാണു വില. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു വിദ്യാലയത്തില്‍ നടത്തിയ കേശദാന ക്യാംപില്‍ തൃശൂര്‍ അമല ആശുപത്രിക്ക് മുടി സംഭാവന ചെയ്യുന്നെന്നാണ് സംഘാടകര്‍ അറിയിച്ചത്. എന്നാല്‍, ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു ക്യാംപ് നടത്താന്‍ കേരളത്തില്‍ ഒരു സംഘടനയെയും തങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. അര്‍ബുദരോഗികളായ സ്ത്രീകള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനു വേണ്ടിയെന്ന പേരില്‍ സ്‌കൂളുകളും കോളജുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ചാണ് കേശദാനക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളെയും ഇതിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. മലബാര്‍ മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പു വ്യാപകമായിട്ടുള്ളത്. മലബാറിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റി നിലനില്‍ക്കെ കേരളത്തിനു പുറത്തുള്ള ആശുപത്രികളുടെ പേരിലാണ് കേരളത്തില്‍ വിഗ് നിര്‍മിക്കാനുള്ള കേന്ദ്രങ്ങളില്ലെന്ന വ്യാജ പ്രചാരണത്തിലൂടെ കേശദാനക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. ഇത്തരക്കാരുടെ പ്രവര്‍ത്തനം കാരണം ഈ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന പല സന്നദ്ധസംഘടനകള്‍ക്കും പ്രയാസമുണ്ടാവുന്നതായി ഒറപ്പൊടി കലാകൂട്ടായ്മ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss