|    Oct 23 Tue, 2018 2:01 am
FLASH NEWS

കാന്‍സര്‍ പ്രതിരോധത്തിന് ജില്ലയില്‍ സമഗ്രപദ്ധതി

Published : 28th January 2017 | Posted By: fsq

 

കണ്ണൂര്‍: കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍ക്കരണത്തിനുമായി ജില്ലയില്‍ സമഗ്ര പദ്ധതി നടപ്പാക്കുന്നു. പ്രാരംഭ ദശയില്‍ അര്‍ബുദം കണ്ടുപിടിക്കാന്‍ കഴിയുന്ന പരിശോധനാ ക്ലിനിക്കുകള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കുകയും ചികില്‍സാ സൗകര്യം വിപുലമാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലായിരിക്കും പദ്ധതി. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിക്ക് മേല്‍നോട്ടവും സാങ്കേതിക പിന്തുണയും നല്‍കും. പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇതുസംബന്ധിച്ച ആലോചനാ യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാന്‍സറിനെക്കുറിച്ച് നിലനില്‍ക്കുന്ന അമിതഭയം ഇല്ലാതാക്കുകയും ചികില്‍സാ സൗകര്യം വിപുലമാക്കുകയുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനും നേരിടാനും ജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടിസ്ഥാനത്തില്‍ അര്‍ബുദ നിര്‍ണയ ക്ലിനിക്കുകള്‍ സ്ഥാപിക്കുകയാണ് ഇതില്‍ പ്രധാനം. രോഗനിര്‍ണയ പരിശോധന, ബോധവല്‍ക്കരണം, അര്‍ബുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരിക്കും ഇവിടെ നടത്തുക. ഇതോടൊപ്പം കമ്മ്യൂണിറ്റി കാന്‍സര്‍ രജിസ്ട്രി ഉണ്ടാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.  ഓരോ പ്രദേശത്തെയും സവിശേഷ രോഗസാഹചര്യം വര്‍ഷംതോറും അപഗ്രഥിച്ച് മനസ്സിലാക്കാന്‍ രജിസ്ട്രി സഹായകമാവുമെന്ന് പദ്ധതി വിശദീകരിച്ച എംസിസി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ജില്ലയില്‍നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററില്‍ 9369 രോഗികളാണ് എത്തിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട അന്നനാള, ആമാശയ അര്‍ബുദമാണ് വടക്കന്‍ മേഖലയില്‍ കൂടുതലായി കാണുന്നത്. സ്ത്രീകളില്‍ അണ്ഡാശയ, ഗര്‍ഭാശയ അര്‍ബുദം കൂടുതലായി കണ്ടുവരുന്നതായി കണക്കുകള്‍ കാണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും ജനങ്ങളുടെയും വിപുലമായ യോഗങ്ങള്‍ ചേരും. ഇതിന്റെ ഭാഗമായുള്ള ശില്‍പശാല താമസിയാതെ ചേര്‍ന്ന് വിശദാംശം തയ്യാറാക്കാനും യോഗത്തില്‍ ധാരണയായി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എ ടി മനോജ്, ഡോ. കെ ടി രേഖ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss