|    Nov 18 Sun, 2018 11:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കാനറികള്‍ പറന്നുയരുമോ…

Published : 2nd July 2018 | Posted By: kasim kzm

സമറ: ലോക ഫുട്‌ബോള്‍ ആരാധകര്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച മൂന്ന് സൂപ്പര്‍ താരങ്ങളില്‍ രണ്ടുപേര്‍ ക്വാര്‍ട്ടര്‍ കാണാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ മൂന്നാമന്‍ ജൂനിയര്‍ നെയ്മറിന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. ഇന്ന് നെയ്മറിന്റെ സ്വന്തം ബ്രസീല്‍ ആദ്യ റൗണ്ടില്‍ ജര്‍മനിയുടെ പുറത്ത് പോകലിന് കാരണക്കാരായ മെക്‌സിക്കോയെ സമറയിലെ 35 ഡിഗ്രി ചൂടേറിയ കോസ്‌മോസ് സ്റ്റേഡിയത്ത് നേരിടുമ്പോള്‍ അല്‍പം ഭയന്നുതന്നെയാണ് കളത്തിലിറങ്ങുക. എന്നാല്‍ അഞ്ച് തവണ ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലിന്റെ ഒത്തിണക്കം ഇന്ന് കളത്തില്‍ അവതരിച്ചാല്‍ മെക്‌സിക്കോ ചാരമാവുമെന്നുറപ്പ്. അത്രയും പ്രബലശക്തിയുള്ള ടീമാണ് ബ്രസീല്‍. കഴിഞ്ഞ ലോകകപ്പിലും ബ്രസീലിന്റെ പ്രകടനം മോശമായിരുന്നില്ലെന്ന് 2014ലെ മാമാങ്കം വീക്ഷിച്ച ഓരോ ആരാധകനും അറിയാം. ഈ ലോകകപ്പില്‍ തങ്ങളുടെ റെക്കോഡ് തിരുത്തിക്കുറിക്കാന്‍ പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ചിറങ്ങുന്ന കാനറികളാണ് ഇനി ഈ ലോകകപ്പില്‍ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ആരവം. അര്‍ജന്റീനയും ജര്‍മനിയും പോര്‍ച്ചുഗലുമെല്ലാം തലതാഴ്ത്തി റഷ്യയോട് വിടപറഞ്ഞിരിക്കുന്നു.
ലോക ഒന്നാം നമ്പര്‍ ടീമിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കന്‍ പട. ലോകകപ്പ് ഫുട്‌ബോളില്‍ നാളിതുവരെ രണ്ട് തവണ ക്വാര്‍ട്ടറിലെത്തി പോരാട്ടം അവസാനിപ്പിച്ച മെക്‌സിക്കോയ്ക്ക് ഒരു കിരീടം പോലും നാട്ടിലെത്തിക്കാനായിട്ടില്ല. എന്നാല്‍ 1994ല്‍ മുതല്‍ ഈ ലോകകപ്പ് വരെ തുടര്‍ച്ചയായി ആറ് പ്രീക്വാര്‍ട്ടറില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന മെക്‌സിക്കോയ്ക്ക് എന്നാല്‍ പിന്നീടങ്ങോട്ടുള്ള പടിചവിട്ടാന്‍ കഴിഞ്ഞിരുന്നില്ല.

ഗ്രൂപ്പില്‍ ഇവര്‍
ഇ ഗ്രൂപ്പില്‍ മോശം തുടക്കത്തിന് ശേഷം രണ്ട് ജയവും ഒരു സമനിലയും നേടി ചാംപ്യന്‍മാരായാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചതെങ്കില്‍ എഫില്‍ തകര്‍പ്പന്‍ തുടക്കത്തോടെ രണ്ട് ജയവും ഒരു തോല്‍വിയും സ്വന്തമാക്കി രണ്ടാം സ്ഥാനവുമായാണ് മെക്‌സിക്കോ അവസാന ആറില്‍ ഇടം കണ്ടെത്തിയത്. ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1ന്റെ സമനില വഴങ്ങേണ്ടി വന്ന സാംബ നാട്ടങ്കക്കാര്‍ മികച്ച തിരിച്ചുവരവാണ് രണ്ടാം മല്‍സരത്തില്‍ നടത്തിയത്. സെര്‍ബിയയുടെ ഉശിരന്‍ കളിമികവിനു മുന്നിലും പതറാതെ പോരാടിയ ബ്രസീല്‍ 2-0ന് ജയിച്ച് ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. സെര്‍ബിയക്കെതിരായ മൂന്നാം മല്‍സരത്തിലും 2-0ന് വെന്നിക്കൊടിനാട്ടിയാണ് ടീം ഗ്രൂപ്പ് ഘട്ടമെന്ന ആദ്യ കടമ്പ കടന്നത്. എന്നാല്‍ 2014 ലോകകപ്പ് ചാംപ്യന്‍മാരായ ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിന് നാണംകെടുത്തി ലോകകപ്പ് പ്രവേശനം ഗംഭീരമാക്കിയ മെക്‌സിക്കോ രണ്ടാം മല്‍സരത്തില്‍ കൊറിയയെ 2-1ന് പരാജയപ്പെടുത്തി വിജയം തുടര്‍ന്നു. അതോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത ഏറെക്കുറേ ഉറപ്പിച്ച മെക്‌സിക്കോയ്ക്ക് സ്വീഡനെതിരായ അവസാന മല്‍സരത്തില്‍ 3-0ന്റെ അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നു. എങ്കിലും മറുവശത്ത് ജര്‍മനിയെ കൊറിയ പരാജയപ്പെടുത്തിയതോടെ ടീം പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുകയായിരുന്നു.
കളിക്കളത്തില്‍ ഇവര്‍
ആദ്യ മല്‍സരത്തിന് ശേഷം കോച്ച് ടിറ്റെയുടെ തന്ത്രങ്ങളാല്‍ കളിക്കളത്തില്‍ വിസ്മയം തീര്‍ക്കുന്ന ബ്രസീല്‍ ടീമാണ് മൈതാനത്ത് വാഴുന്നത്. അതോടെ മോശമല്ലാത്ത മാര്‍ജിനില്‍ ജയിച്ച അവസാനത്തെ രണ്ട് മല്‍സരങ്ങളും വന്‍ പ്രതീക്ഷയും ടീമിന് നല്‍കി. എന്നാല്‍ മെക്‌സിക്കോയാവട്ടെ മികച്ച തുടക്കത്തിന് ശേഷം സ്വീഡനെതിരായ അവസാന മല്‍സരത്തില്‍ 0-3 ന്റെ പരാജയം നേരിട്ടതോടെ പ്രതിരോധത്തിന്റെ ദൗര്‍ബല്യം അവര്‍ തിരിച്ചറിഞ്ഞു. ഇന്ന് ജയിച്ചാല്‍ 1994 മുതല്‍ നിരന്തരമായി മെക്‌സിക്കോയെ വേട്ടയാടുന്ന ക്വാര്‍ട്ടര്‍ തടസ്സം ഇന്ന് ബ്രസീലിനോടുള്ള മല്‍സരത്തോടെ നീക്കാനാണ് അവര്‍ ശ്രമിക്കുക. കൗണ്ടര്‍ അറ്റാക്കിന് വളരെ പേരുകേട്ട ടീമായ മെക്‌സിക്കോയെ നേരിടാന്‍ പ്രതിരോധത്തെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയാവും ഇന്ന് ബ്രസീല്‍ എതിര്‍ ടീമിനെതിരേ കളിക്കുക.
ഒരു ഗോള്‍ നേടുകയും അതിലുപരി ടീമിനായി ഗോളടിക്കാന്‍ ഒട്ടനവധി അവസരങ്ങള്‍ സമ്മാനിക്കുകയും ചെയ്ത സൂപ്പര്‍ ഡ്രിബ്ലര്‍ നെയ്മറിന്റെ ഫോമും ടീമിന്റെ വിജയപ്രതീക്ഷയ്ക്ക് – -ചിറക് മുളയ്ക്കുന്നുണ്ട്. – കൂടാതെ ബ്രസീലിന്റെ വിജയത്തിന് വേണ്ടി നിര്‍ണായകമായ രണ്ട് ഗോളുകള്‍ നേടി ടീമിന്റെ ടോപ് സ്‌കോററായ കോട്ടീഞ്ഞോയും ഡേവിഡ് സില്‍വയും പരിക്കില്‍ നിന്നു മോചിതനായ മാഴ്‌സലോയും കൂടി ചേരുമ്പോള്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരുടെ ആക്രമണ-പ്രതിരോധ നിര ഭദ്രം. എന്നാല്‍ പരിക്കേറ്റ പ്രതിരോധ താരം ഡഗ്ലസ് കോസ്റ്റയുടെ അഭാവവും ബ്രസീലിന് തിരിച്ചടിയാണ്.
അതേസമയം, മുന്‍ കളികളില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതോടെ ഈ മല്‍സരത്തില്‍ നിന്ന് സസ്‌പെന്‍ഷന്‍ നേരിട്ട മെക്‌സിക്കോയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഹെക്ടര്‍ മൊറീനോയുടെ അഭാവം ടീം കളിമികവിന് വന്‍ ആഘാതം സൃഷ്ടിക്കും. കോച്ച് യുവാന്‍ കാര്‍ലോസ്് ഒസോരിയോയുടെ കീഴില്‍ മെക്‌സിക്കന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് തട്ടിയ താരമായ മൊറീനോ ഇല്ലാത്തത് കോച്ചിനും വന്‍ പ്രതിസന്ധി നല്‍കുന്നുണ്ട്. എങ്കിലും ഈ ലോകകപ്പോടെ വിരമിക്കാനൊരുങ്ങുന്ന സൂപ്പര്‍ താരം ചിചാരിറ്റോയ്ക്ക് കിരീടത്തില്‍ മുത്തമിടാന്‍ അവസരം നല്‍കാനുള്ള പുറപ്പാടിലാണ് മെക്‌സിക്കോ. കൊറിയക്കെതിരേ വിജയഗോള്‍ നേടിയ സൂപ്പര്‍ താരം തന്നെയാണ് മെക്‌സിക്കോയുടെ ആക്രമണ കുന്തമുന.
ആറാമതൊരു കിരീടം നാട്ടിലെത്തിക്കാനായി തീപ്പന്തങ്ങള്‍ പായിക്കുന്ന ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലും കന്നി കിരീടത്തോടെ ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ അമരത്തെത്താന്‍ മെക്‌സിക്കോയും കോസ്‌മോസ് സ്റ്റേഡിയത്ത് കച്ചകെട്ടി ഇറങ്ങുമ്പോള്‍ വിജയത്തിന്റെ തുലാസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss