|    Dec 11 Tue, 2018 8:17 am
Home   >  Sports  >  Football  >  

കാനറികളുടെ സുല്‍ത്താന്‍

Published : 5th June 2018 | Posted By: vishnu vis

തോറ്റിടത്തു നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് ബ്രസീലിന്റേത്. കാല്‍പന്ത് കളിയില്‍ ബ്രസീലിന്റെ വീഴ്ചയും വാഴ്ചയും ഫുട്‌ബോള്‍ ലോകം ഏറെ കണ്ടതാണ്. ഇന്നിതാ ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറും പരിക്കിനെ അതിജീവിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.  പിഎസ്ജിക്ക് വേണ്ടിയുള്ള മല്‍സരത്തിനിടെ പരിക്കേറ്റതിന് ശേഷം ഇന്നലെ ക്രൊയേഷ്യക്കെതിരായ മല്‍സരത്തിലൂടെ ലോകകപ്പിലേക്ക് തിരിച്ചു വന്ന നെയ്മറായിരുന്നു ഞായറാഴ്ചത്തെ റിയല്‍ ഹീറോ.
ആദ്യ ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതെ ടിറ്റോ ബ്രസീലിയന്‍ ടീമിനെ കളത്തിലിറക്കിയപ്പോള്‍ തന്നെ താരത്തിന്റെ പരിക്കിനെ കുറിച്ച് ലോകഫുട്‌ബോള്‍ ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ 46ാം മിനിറ്റില്‍ നെയ്മറെ ഇറക്കി കോച്ച് പരീക്ഷിച്ചതോടെ ലോകത്തിനതൊരു പുത്തനുണര്‍വേകി. ആ ഉണര്‍വില്‍ നിന്നായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍, അതും നെയ്മറിലൂടെ. നെയ്മറില്ലെങ്കില്‍ ബ്രസീലില്ല എന്ന് ആധുനിക ഫുട്‌ബോള്‍ പ്രേമികള്‍ വിശ്വസിക്കുമ്പോള്‍  ആ വിശ്വാസങ്ങളെ തച്ചുടയ്ക്കാന്‍ ബ്രസീല്‍ ടീമിനാവില്ല. അതായിരുന്ന ഞായറാഴ്ച നിറഞ്ഞാടിയ നാടകീയ രംഗങ്ങളുടെ ചുരുക്കം. 2015,16,17 വര്‍ഷങ്ങള്‍ നെയ്മറിന്റെ സുവര്‍ണകാലമായിരുന്നു. രാജ്യത്തിന് വേണ്ടിയും ബാഴ്‌സലോണക്ക് വേണ്ടിയും നിറഞ്ഞാടിയ നെയ്മറിനെ അന്ന് റാഞ്ചാന്‍ ലോകോത്തര ക്ലബുകള്‍ അണിനിരന്നപ്പോള്‍ ലോകത്തിലെ തന്നെ ക്ലബ് റെക്കോഡ് വിലയ്ക്കാണ് താരത്തെ ഫ്രഞ്ച് കരുത്തരായ പിഎസ്ജി സ്വന്തമാക്കിയത്.  തന്റെ 18ാം വയസ്സില്‍ ബ്രസീല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച നെയ്മര്‍ കരിയറിലാകെ 84 മല്‍സരങ്ങളില്‍ നിന്ന് 54 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2010ല്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടിയാണ് താരം സീനിയര്‍ ടീമിലെ രംഗപ്രവേശനം ഗംഭീരമാക്കിയത്.
2011ലെ തെക്കേ അമേരിക്കന്‍ യൂത്ത് ചാംപ്യന്‍ഷിപ്പില്‍ നെയ്മറിന്റെ തകര്‍പ്പന്‍ പ്രകടന മികവിലാണ് ബ്രസീല്‍ കിരീടം ഉയര്‍ത്തിയത്. ഇതു തന്നെ 2013ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലും തുടര്‍ന്നു. 2014-15 സീസണില്‍ പരിക്കും സസ്‌പെന്‍ഷനും നെയ്മറെ വിട്ടുമാറാതെ പിന്തുടര്‍ന്നപ്പോള്‍ താരത്തിന് 2014 ലോകകപ്പും 2015ലെ കോപ്പ അമേരിക്കയും നഷ്ടമായി. എന്നാല്‍ അടുത്ത വര്‍ഷം സ്വന്തം രാജ്യത്ത് നടന്ന ഒളിംപിക്‌സില്‍ പുരുഷ ഫുട്‌ബോളില്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ചാണ് ടീമിന്റെ നായകന്‍ ലോകത്തിന്റെ ആവേശത്തിന് ഊര്‍ജം പകര്‍ന്നത്. ഇനിയൊരു ലോകകപ്പുണ്ടെങ്കില്‍ നെയ്മര്‍ തന്നെയായിരിക്കും തങ്ങളുടെ നായകനെന്ന് അന്ന് ലോകം വിധിയെഴുതി. ആ വിധിക്ക് മറുവിധിയില്ലാതെ ലോകം അതേറ്റെടുത്തു. മോസ്‌കോയില്‍ ബ്രസീല്‍ ടീം പന്ത് തട്ടാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ പരിക്കിന്റെ പിടിയിലായെന്ന് ലോകം വിരഹത്തോടെ ഉറ്റുനോക്കിയ നെയ്മറിന്റെ കീഴില്‍ വീണ്ടും സാംബാനൃത്തം അരങ്ങേറുമെന്ന് തീര്‍ച്ച. ആ നൃത്തച്ചുവടില്‍ ആറ് ലോകകപ്പ് കിരീടമെന്ന അപൂര്‍വ ചരിത്രവുമായാണ് നെയ്മറും സംഘവും സര്‍ക്കസുകളുടെ നാട്ടില്‍ നിന്ന് തിരിക്കാനൊരുങ്ങുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss