|    Dec 13 Thu, 2018 11:07 pm
FLASH NEWS

കാനനപാതകളില്‍ അപകട സാധ്യതയെന്ന് റെയില്‍വേ

Published : 26th May 2018 | Posted By: kasim kzm

നഹാസ് എം  നിസ്താര്‍   
പെരിന്തല്‍മണ്ണ: കാറ്റും മഴയും ശക്തമാവുന്നതോടെ കാനനപാതകളിലൂടെയുള്ള യാത്ര അപകട സാധ്യത ഏറെയെന്ന് റെയില്‍വേ. റെയില്‍ പാതയ്ക്ക് ഇരുവശങ്ങളിലുമായി നില്‍ക്കുന്ന തണല്‍ മരങ്ങളാണ് ശക്തമായ കാറ്റിലും മഴയിലും റെയില്‍വെയുടെ വില്ലനാവുന്നത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഷൊര്‍ണൂര്‍ റെയില്‍പാളത്തിലേയ്ക്ക് വീണത് പതിമൂന്നിലധികം വന്‍ മരങ്ങളാണ്. ഷൊര്‍ണൂരില്‍നിന്നുള്ള വിവിധ പാതകളിലാണു മരങ്ങള്‍ വീഴുന്നത്. ഇതില്‍ പല പാതകളും വൈദ്യുതി ലൈനുകള്‍ കൂടിയായതോടെ അപകടസാധ്യതയുണ്ടാക്കുന്നുണ്ട്.  2017 മെയ് മാസത്തില്‍ പാലക്കാട്-പൊള്ളാച്ചി പാതയില്‍ ഓടുന്ന തീവണ്ടിക്കുമേല്‍ മരംവീണ് എന്‍ജിനും ഏഴ് കോച്ചുകളും പാളംതെറ്റി അപകടമുണ്ടായിരുന്നു.
പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ഈവര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ 13 സ്ഥലത്താണ് മരം വീണത്. തീവണ്ടി ഗതാഗതം പലയിടത്തും മുടങ്ങുകയും ചെയ്തു. പോത്തനൂര്‍-പാലക്കാട് റൂട്ടില്‍ രണ്ട്, പാലക്കാട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ഒന്ന്, ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഒന്ന്, കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ മൂന്ന്, പാടില്‍-ജെക്കോട്ടൈ റൂട്ടില്‍ ഒന്ന് എന്നിങ്ങനെയാണ് മരങ്ങള്‍ വീണത്. ഈ റൂട്ടുകളില്‍ എവിടെയുണ്ടാവുന്ന അപകടവും കേരളത്തിലുടനീളമുള്ള തീവണ്ടി ഗതാഗതത്തെ ബാധിക്കുന്നതാണ്. ഇക്കാലയളവില്‍ അഞ്ച് മരങ്ങള്‍ വീണ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടാണ് കൂടുതല്‍ അപകട സാധ്യതയേറിയത്.  2015-16 വര്‍ഷത്തില്‍ 31 തവണ മരം വീണതിനെത്തുടര്‍ന്ന് നടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു. പാളത്തിനരികിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുനീക്കിയതിനെത്തുടര്‍ന്ന് 2016-17, 2017-18 വര്‍ഷത്തില്‍ ഇരുപതില്‍ താഴെ സംഭവങ്ങള്‍ മാത്രമാണുണ്ടായത്. എന്നാല്‍, ഇക്കുറി കാലവര്‍ഷം എത്തുന്നതിനു മുമ്പുതന്നെ 13 മരങ്ങള്‍ വീണതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.
മാത്രമല്ല, ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരിച്ചതോടെ അപകടസാധ്യതയും കൂടി. വൈദ്യുതീകരിച്ച പാളങ്ങളില്‍ മരം വീണാല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനും സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ സമയം വേണം. ഡിവിഷനുകീഴില്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്‍കി മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്ഥലത്തുള്ളവയും മുറിച്ചുതുടങ്ങിയിട്ടുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ റെയില്‍വേ നിയമപ്രകാരം നടപടിയെടുക്കാനും വ്യവസ്ഥയുണ്ട്. മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വനംവകുപ്പ് നിശ്ചയിച്ച വിലപ്രകാരം നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്.
കഴിഞ്ഞ ദിവസം തുവ്വൂരില്‍ റെയില്‍ പാതയ്ക്കു മീതെ മരം വീണത് കണ്ട വിദ്യാര്‍ഥിയാണ്  അരക്കിലോമീറ്ററോളം ഓടിച്ചെന്ന് തീവണ്ടിക്ക് അപകട മുന്നറിയിപ്പു നല്‍കിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഈ ഭാഗത്ത് മരം വീഴുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാനനപാതയാക്കി പ്രഖ്യാപിച്ച നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ പലയിടത്തും കൂറ്റന്‍ മരങ്ങള്‍ അപകടാവസ്ഥയിലാണ്.
മഴയും കാറ്റും ശക്തമാവുന്നതോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ മണ്ണിടിച്ചിലും മരം പൊട്ടിവീഴ്ച്ചയും പതിവാകും. അതേസമയം, റെയില്‍വേ പാതയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനു പകരം കൊമ്പുകളും മറ്റും കൃത്യസമയത് മുറിച്ചുമാറ്റുക വഴി ഹരിതപാത നിലനിര്‍ത്താനാവുമെന്നാണു പ്രകൃതി സ്‌നേഹികള്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss