|    Jan 24 Tue, 2017 12:27 am

കാത്തിരുന്നു കാത്തിരുന്നു മെലിഞ്ഞുപോയവര്‍

Published : 15th November 2015 | Posted By: SMR

ഇന്‍സാന്‍

കുഞ്ഞിക്കാവമ്മ കഴിഞ്ഞ ആറുമാസമായി ആരെയോ കാത്തിരിക്കുകയാണ്. കുഞ്ഞാത്തുവും കുഞ്ഞേലിയും ഇതുപോലെ കാത്തിരിപ്പു തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. കടലിനക്കരെ പോയ മാരനെയോ പുഴ കടന്നുപോയ കാമുകനെയോ അല്ല ഇവരാരും കാത്തിരിക്കുന്നത്. പകരം പെന്‍ഷന്‍ മണിയോര്‍ഡറുമായി വരുന്ന പോസ്റ്റ്മാനെയാണ്. സംസ്ഥാന സര്‍ക്കാര്‍ അശരണര്‍ക്കും അഗതികള്‍ക്കും നല്‍കിവരുന്ന ക്ഷേമപെന്‍ഷനുകളും കാത്ത് ആയിരങ്ങളാണ് ഓരോ ദിവസവും പോസ്റ്റ് ഓഫിസുകള്‍ കയറിയിറങ്ങുന്നത്. ഫണ്ടിന്റെ ലഭ്യതക്കുറവോ സര്‍ക്കാരിന്റെ അനാസ്ഥയോ അല്ല ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ കാരണം. പോസ്റ്റല്‍ അധികൃതരുടെ അനാവശ്യ പിടിവാശിയാണ് കേരളത്തിലെ പെന്‍ഷന്‍കാര്‍ക്ക് അത് യഥാസമയം ലഭിക്കാതിരിക്കാനുള്ള കാരണമെന്ന മന്ത്രിസഭായോഗത്തിലെ വെളിപ്പെടുത്തല്‍, ഫണ്ട് ലഭിച്ചിട്ടും അത് വിതരണം ചെയ്യാതിരുന്ന പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.
60 വയസ്സ് പിന്നിട്ട ആണ്‍മക്കളില്ലാത്ത വയോധികര്‍ക്കും ആലംബഹീനരായ വിധവകള്‍ക്കുമാണ് ആദ്യകാലത്ത് പെന്‍ഷന്‍ നല്‍കിവന്നിരുന്നത്. പെന്‍ഷന്‍ നല്‍കാനുള്ള മാനദണ്ഡങ്ങളാവട്ടെ വളരെ കര്‍ശനവുമായിരുന്നു. കാലാന്തരത്തില്‍ ഇത്തരം പെന്‍ഷനുകള്‍ സാമൂഹികസുരക്ഷയുടെ ഭാഗമായി കൂടുതല്‍ അവശവിഭാഗങ്ങള്‍ക്കും ലഭ്യമായിത്തുടങ്ങി. അറുപതിലെത്തിയ വയോധികര്‍, പ്രായഭേദമെന്യേ വിധവകള്‍, അവിവാഹിതര്‍, മറ്റുതരത്തില്‍ അഗതികളായവര്‍ മുതലായവര്‍ക്കാണ് ഇപ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ നല്‍കിവരുന്നത്. പണ്ടുകാലത്ത് മാസംതോറും നല്‍കിയിരുന്ന പെന്‍ഷന്‍ തുക വിവിധ കാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കലാണ് ഇപ്പോള്‍ നല്‍കിവരുന്നത്.
തപാല്‍ ഓഫിസ് വഴി പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള തുക ഒരുമാസം മുമ്പ് സര്‍ക്കാര്‍ പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിനെ ഏല്‍പിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ 758 കോടി 61 ലക്ഷം രൂപയില്‍ 705 കോടി രൂപ പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കാതെ മുടക്കം വരുത്തി. പോസ്റ്റല്‍ വകുപ്പിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ വകുപ്പുതലവനായ പോസ്റ്റ്മാസ്റ്റര്‍ ജനറലിനെ വിളിച്ചുവരുത്തി വിശദീകരണം ആരായാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയെയും സാമൂഹികനീതി വകുപ്പ് മന്ത്രിയെയും ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും പോസ്റ്റല്‍ അധികാരികളുടെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ നല്‍കിയ തുകയില്‍ 30 കോടി 26 ലക്ഷം രൂപ മാത്രമേ ഇനി വിതരണം ചെയ്യാന്‍ ബാക്കിയുള്ളൂ എന്നാണ് സര്‍ക്കാരിനു നല്‍കിയ വിശദീകരണം. ഇതു തൃപ്തികരമായിരുന്നില്ല. എന്നാല്‍ സര്‍ക്കാരാവട്ടെ, ഈ കണക്ക് തെറ്റാണെന്നാണു വ്യക്തമാക്കിയത്. പെന്‍ഷന്‍കാരാവട്ടെ, പൈസയ്ക്കായി പോസ്റ്റ്മാനെയും കാത്ത് പടിവാതിലിനരികെ പാറാവാണുതാനും.
തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാര്‍ തപാല്‍ വകുപ്പിനു നല്‍കിയ കോടികളുടെ പെന്‍ഷന്‍ തുക ഇപ്പോഴും അതിന്റെ അവകാശികളായ ആളുകളുടെ കൈകളില്‍ എത്തിയിട്ടില്ലായെന്നതാണു യഥാര്‍ഥ വസ്തുത. 80 വയസ്സ് വരെയുള്ളവര്‍ക്ക് 600 രൂപയും 80 പിന്നിട്ടാല്‍ 1100 രൂപയുമാണ് ഇപ്പോള്‍ വിവിധ വിഭാഗം പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ആറുമാസത്തിലൊരിക്കല്‍ ലഭിക്കുന്ന ഈ തുക അശരണര്‍ക്കും ആലംബഹീനര്‍ക്കും വലിയ ആശ്വാസം തന്നെയാണ്. ജനകീയാസൂത്രണകാലത്തു വന്ന മാറ്റങ്ങളുടെ ഭാഗമായി അഗതികളുടെ പെന്‍ഷന്‍ അനുവദിക്കലും വിതരണംചെയ്യലും റവന്യൂ വകുപ്പില്‍നിന്ന് എടുത്തുമാറ്റി. ഇതിനെ തുടര്‍ന്ന് ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നതിലും മറ്റും ജനകീയ ഇടപെടലുകള്‍ വ്യാപകമായി. പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള യോഗ്യതാമാനദണ്ഡങ്ങളില്‍ വന്ന സമൂലമാറ്റം മൂലം അനര്‍ഹരായ പലര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നതായി പരാതി ഉയര്‍ന്നെങ്കിലും ഇതൊന്നും ആരും ചെവികൊള്ളാറില്ല. പണ്ടത്തേക്കാള്‍ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ട ഇക്കാലത്ത് പഞ്ചായത്ത് സമിതികളും മുനിസിപ്പല്‍ കൗണ്‍സിലുകളും നിലവിലുള്ള പല യോഗ്യതാമാനദണ്ഡങ്ങളും മറ്റും മറികടന്നാണ് പലര്‍ക്കും പെന്‍ഷനുവേണ്ടി ശുപാര്‍ശകള്‍ നല്‍കുന്നത്.
പെന്‍ഷന്‍കാര്‍ക്ക് ബാങ്കുകള്‍ മുഖേന പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നീക്കം ഫലപ്രാപ്തി കാണാതിരുന്ന സാഹചര്യത്തിലാണ് തപാല്‍ ഓഫിസുകള്‍ വഴി പോസ്റ്റ്മാനിലൂടെ പെന്‍ഷന്‍ തുക പെന്‍ഷന്‍കാരുടെ വീടുകളില്‍ എത്തിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. പണ്ടുകാലം മുതല്‍ ഈ രീതിയാണു സര്‍ക്കാര്‍ അവലംബിച്ചിരുന്നത്. പരസഹായം കൂടാതെ പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത പ്രായംചെന്നവര്‍ക്ക് പോസ്റ്റ്മാന്‍ മുഖേന ലഭിക്കുന്ന പെന്‍ഷന്‍ തുക അനുഗ്രഹം തന്നെയാണ്. ജീവിതത്തിന്റെ സായംകാലത്ത് അശരണര്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യം അകാരണമായും ദുരുദ്ദേശ്യത്തോടെയും വൈകിക്കുന്നത് കൊടിയ പാപമാണ്. ആറുമാസത്തിലൊരിക്കലെങ്കിലും പോസ്റ്റ്മാന്‍ വരും, വരാതിരിക്കില്ല എന്ന അവരുടെ പ്രതീക്ഷയ്ക്ക് ചുവപ്പുനാടയുടെ ചുറ്റിക്കെട്ടില്ലാതെ തന്നാലാവുന്നത് ചെയ്യാന്‍ തുനിയുന്ന ജനപ്രതിനിധിക്ക് താന്‍ വീണ്ടും വരും എന്ന് ഉറച്ചു വിശ്വസിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക