|    Sep 23 Sat, 2017 6:15 pm
FLASH NEWS

കാത്തിരിപ്പുകള്‍ക്ക് വിരാമം; കോഴിച്ചാല്‍ റവന്യൂ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

Published : 4th July 2016 | Posted By: SMR

ചെറുപുഴ: കോഴിച്ചാല്‍ റവന്യൂവിലേക്ക് നിര്‍മിക്കുന്ന സ്റ്റീല്‍ പാലത്തിന്റെ നിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കാര്യങ്കോട് പുഴയ്ക്കു കുറുകെ 44 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. കോഴിച്ചാല്‍ റവന്യൂവില്‍ താമസിക്കുന്ന 32ഓളം കുടുംബങ്ങളുടെ മൂന്ന് പതിറ്റാണ്ടത്തെ ആവശ്യത്തിനൊടുവിലാണ് പുഴ കടക്കാന്‍ സുരക്ഷിതമായ പാലം യാഥാര്‍ഥ്യമാവുന്നത്.
വര്‍ഷങ്ങളായി റവന്യൂ നിവാസികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മുളപ്പാലത്തിന് സമാന്തരമായാണ് 2 മീറ്റര്‍ വീതിയിലും 7.5 മീറ്റര്‍ ഉയരത്തിലുമായി പാലം നിര്‍മിക്കുന്നത്. പുഴയുടെ മധ്യഭാഗത്ത് തീര്‍ത്ത കോണ്‍ക്രീറ്റ് തൂണില്‍ ഉറപ്പിക്കുന്ന ഇരുമ്പ് ഗര്‍ഡറില്‍ സ്റ്റീല്‍ പ്ലേറ്റുകള്‍ നിരത്തിയാണ് പാലം നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് തൂണിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗര്‍ഡറുകള്‍ ഉറപ്പിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
1.5 മീറ്റര്‍ വീതിയില്‍ തൂക്കുപാലമാണ് ഇവിടെ ആദ്യം വിഭാവനം ചെയ്തിരുന്നത്. പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്തിന്റെയും ഗുണഭോകതാക്കളുടെയും വിഹിതം ഉള്‍പ്പെടുത്തി സ്റ്റീല്‍ പാലമായി പദ്ധതി മാറ്റി. പാലം പൂര്‍ത്തിയാവുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പാലത്തിലൂടെ കടന്നുപോകാന്‍ കഴിയും. റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലുള്‍പ്പെടുത്തി റവന്യൂവകുപ്പാണ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്. പ്രദേശ െത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിരന്തരമായ അപേക്ഷയും ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന റോഷി ജോസിന്റെ നിരന്തര ഇടപെടലും പരിഗണിച്ച് മുന്‍ ജില്ലാ കലക്ടര്‍ പി ബാലകിരണാണ് റവന്യൂ വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിച്ചത്.
മൂന്നുമാസത്തിനകം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. അഴീക്കോട് സില്‍ക്കിനാണ് നിര്‍മാണചുമതല. പാലം തുറന്നുകൊടുക്കുന്നതേ ാടെ കനത്ത മഴയില്‍ ജീവന്‍ പണയംവച്ച് കാര്യങ്കോട് പുഴ കടന്ന് കോഴിച്ചാലിലും പരിസരപ്രദേശങ്ങളിലുമെത്തി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിനും ഇതോടെ ശാശ്വതപരിഹാരമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക