|    Feb 23 Fri, 2018 9:55 am
FLASH NEWS

കാത്തിരിപ്പിനൊടുവില്‍ ആട്ടായം കിഴക്കേക്കടവ് വഴി കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നു

Published : 26th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: നാട്ടുകാരുടെ നിരന്തര ആവശ്യത്തിനൊടുവില്‍ ഗ്രാമീണ മേഖലകള്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നു. മൂവാറ്റുപുഴയില്‍നിന്നും ആസാദ് റോഡ്, ആട്ടായം, കിഴക്കേകടവ്, മുളവൂര്‍, കുരുമ്പിനാംപാറ വഴി കോതമംഗലത്തേക്ക് ഫെബ്രുവരി രണ്ട് മുതല്‍ ബസ് ഓടിത്തുടങ്ങും. രണ്ടര വര്‍ഷം മുമ്പുവരെ ഇതുവഴി കെഎസ്ആര്‍ടിസി സ ര്‍വീസ് നടത്തിയിരുന്നു. നഷ്ടമാണന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇതുവഴിയുള്ള സര്‍വീസ് പൊടുന്നനെ നിര്‍ത്തി. ഇതോടെ കാര്‍ഷിക മേഖല ഉള്‍പെടുന്ന ഈ പ്രദേശങ്ങളിലുള്ള നൂറു കണക്കിന് ആളുകള്‍ക്ക് യാത്ര ദുരിതമായി. ഓട്ടോറിക്ഷകളെയും മറ്റും ആശ്രയിച്ചാണ് ഈ പ്രദേശത്തുകാര്‍ മൂവാറ്റുപുഴ, കോതമംഗലം ടൗണുകളില്‍ എത്തിച്ചേര്‍ന്നിരുന്നത്. ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനവും പരാതികളുമായി ഓഫിസുകള്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് കാലത്ത് ഈ പ്രദേശത്തുകാര്‍ മുഖ്യമായും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു കെഎസ്ആര്‍ടിസി ബസ് സര്‍വീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എല്‍ദോ എബ്രഹാമിനോട് നാട്ടുകാര്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് എല്‍ദോ നല്‍കിയ ഉറപ്പാണ് ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ യാഥാര്‍ഥ്യമാവുന്നത്. എംഎല്‍എയായി തിരഞ്ഞെടുക്കപെട്ട ഉടന്‍ അദ്ദേഹം കെഎസ്ആര്‍ടിസി അധികൃതരുമായി വിഷയം സംസാരിക്കുകയും അടിയന്തരമായി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നഷ്ട കണക്കുകള്‍ ഉദ്യോഗസ്ഥര്‍ നിരത്തിയെങ്കിലും കെഎസ്ആര്‍ടിസിയുടേത് സേവനമാണെന്നും ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുന്ന തരത്തില്‍ സര്‍വീസ് ആരംഭിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇത് അധികൃതര്‍ അംഗീകരിച്ചെങ്കിലും ഇതിനിടയില്‍ മണ്ഡലകാലമെത്തിയതോടെ കൂടുതല്‍ ബസ്സുകള്‍ അതിലേക്കായി കെഎസ്ആര്‍ടിസി നീക്കിവച്ചതോടെ ഇതുവഴിയുള്ള സര്‍വീസ് ആരംഭിക്കുന്നതിന് താമസം നേരിട്ടു. മണ്ഡലകാലം അവസാനിച്ചതോടെ കെഎസ്ആര്‍ടിസി അധികൃതരെ വീണ്ടും സമീപിച്ച് ഈ റൂട്ടിലെ യാത്രാപ്രശ്‌നം ബോധ്യപ്പെടുത്തിയതോടെയാണ് രണ്ടു മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനമായത്. യാത്രാ ദുരിതം അനുഭവിച്ചിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ആശ്വാസകരണമാണ്. രണ്ടിന് രാവിലെ 9ന് എല്‍ദോ എബ്രഹാം എംഎല്‍എ സര്‍വീസ് ഫഌഗോഫ് ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss