|    Jun 18 Mon, 2018 5:18 pm
FLASH NEWS

കാതുകൊണ്ട് കണ്ടറിഞ്ഞ സംഗീതജ്ഞന്‍

Published : 18th October 2015 | Posted By: swapna en

ഓര്‍മ്മ/ എ.എസ്. മുഹമ്മദ്കുഞ്ഞി
രവീന്ദ്ര ജെയിന്‍ വിടവാങ്ങി. ഹിന്ദി സിനിമയുടെ സുവര്‍ണകാലത്തിന്റെ മുഖമുദ്രയായ മെലഡിയെ 70കളിലും 80കളിലും നിലനിര്‍ത്തിയ ഈ അന്ധനായ സംഗീതജ്ഞന്‍ യേശുദാസിലൂടെ മലയാളത്തെയും സ്‌നേഹിച്ചിരുന്നു. യേശുദാസ്-രവീന്ദ്ര ജെയിന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരുപിടി ഹിറ്റ് ഗാനങ്ങളിലൂടെയാണ് നാം രവീന്ദ്ര ജെയിനിനെ കേട്ടു തുടങ്ങുന്നത്. യേശുദാസിന്റെ സ്വരഭാവത്തെ അത്ര കണ്ട് ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. തനിക്കെന്നെങ്കിലും കാഴ്ച തിരിച്ചുകിട്ടുകയാണെങ്കില്‍ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം യേശുദാസിന്റേതായിരിക്കുമെന്ന് അദ്ദേഹമൊരിക്കല്‍ പറയുക പോലുമുണ്ടായി.

യേശുദാസ് പ്രശംസ അവിടെക്കൊണ്ടും നിര്‍ത്തിയില്ല ജെയിന്‍. അദ്ദേഹം തിരഞ്ഞെടുത്ത ‘വോയ്‌സ് ഓഫ് ഇന്ത്യ’ യേശുദാസ്      ആയിരുന്നു. പക്ഷേ, യേശുദാസ് എന്ന സ്വരവിസ്മയത്തിന് ഹിന്ദി ഉച്ഛാരണത്തോട് നീതിപുലര്‍ത്താനാവാതെ വന്നതാണ് അവിടെ തടസ്സമായി നിന്നത്. നിരവധി മികച്ച ഗാനങ്ങള്‍ ഉണ്ടായിയെന്നു മാത്രമല്ല, അവയൊക്കെ ഹിറ്റുകളായിത്തീര്‍ന്നെങ്കിലും അദ്ദേഹത്തിന് ഹിന്ദിബെല്‍ട്ടില്‍ വേണ്ടത്ര ആസ്വാദകരെ സൃഷ്ടിക്കാനായില്ലെന്നതാണ് പരമാര്‍ഥം.

രവീന്ദ്ര ജെയിനും യേശുദാസും താളവും സ്വരവുമായി വര്‍ത്തിച്ച ഒരു പിടി പാട്ടുകള്‍ നമ്മുടെ മനസ്സിലുണ്ട്. ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ…’, ‘ആജ് സെ പഹലെ…’, ‘ജബ് ദീപ് ജലെ…’ (ചിറ്റ്‌ചോര്‍-76). ‘ഗോരിയാരെ…’ (നയ്യാ-79), ‘യെ മേരെ ഉദാസ് മന്…'(മാന്‍ അഭിമാന്‍-80), ‘തേരീ ബോലി മുസ്‌കുറാനോം നെ…'(ബാബുല്‍-86) തുടങ്ങി ആശാ ബോസ്‌ലെ ആലപിച്ച ഏക മലയാള ഗാനം, മാങ്കൊമ്പ് ഗോപാലകൃഷണന്റെ രചന, ‘സ്വയംവര ശുഭദിന മംഗളങ്ങള്‍…’ (സുജാത-77) മലയാളികള്‍ എക്കാലവും ഓര്‍മിച്ചുവയ്ക്കുന്നതായി.യേശുദാസിനെ ഹിന്ദി സിനിമാസംഗീതത്തിന് പരിചയപ്പെടുത്തുന്നതിന് എത്രയോ മുമ്പ് രവീന്ദ്ര ജെയിന്‍, എക്കാലവും സംഗീതാസ്വാദകര്‍ ഓര്‍മിച്ചുവയ്ക്കുന്ന ഒരുപിടി ഹിറ്റുകള്‍ സൃഷ്ടിച്ചു വിട്ടുകഴിഞ്ഞിരുന്നു.

ജെയിന്‍ ശ്രുതിയിട്ട് അനശ്വരമാക്കിയ ഒരു ഗാനം ലതാ മങ്കേഷ്‌കറുടെ ഗോള്‍ഡന്‍ ഹിറ്റ് ലിസ്റ്റിലുണ്ട്- ‘ഫാക്കിറ’യിലെ ‘ദില് മേ തുഝെ ബിട്ടാക്കെ…’ സാഹിര്‍ ലുധിയാന്‍വിയുടെ മികച്ച രചനകളിലൊന്നായി വാഴ്ത്തപ്പെടുന്ന ‘ഇന്‍സാഫ്   ക തറാസു’വിലെ ആ വിഷാദഗാനം ‘ലോഗ് ഔറത്ത് കെ ഫഖ്ത് ജിസ്മി സമഝ് ലേത്തേ ഹെ…’- രവീന്ദ്ര ജെയിന്‍ ചിട്ടപ്പെടുത്തി നല്‍കിയപ്പോള്‍ അത് ആശാജിയുടെ ഗാനരത്‌നങ്ങളിലൊന്നായി എഴുതിച്ചേര്‍ക്കപ്പെട്ടു. ‘കര്‍ലൂംഗീ മേ ബന്ദ് ആക്കെ …’, ‘സുന്‍ രെ തേരീ പുകാര്‍…’, ‘തപസ്യ’യിലെ ‘ജോ രാഹ ചൂനീ തുംനെ…’, ‘നദിയാ കെ പാറി’ലെ ഹേംലതാ -ജസ്പാല്‍ സിങ് ആലപിച്ച, ‘കോന് ദിസാ മെ ലേക്കെ ചലാ രെ ബട്ടുരിയാ…’ ഇങ്ങനെയെത്രയെത്ര മധുമനോജ്ഞ ഗാനങ്ങള്‍. ‘സലാഖേം’ പടത്തിലെ ഖവാലികളെല്ലാം നമ്മെ വിസ്മയഭരിതരാക്കുക തന്നെ ചെയ്യും.

ഇന്ത്യയുടെ എണ്ണപ്പെട്ട ഭാഷകളിലായി 150ല്‍പ്പരം സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന രവീന്ദ്ര ജെയിന്‍, ശ്രുതിയിട്ട മിക്കവയുടെ രചനയും അദ്ദേഹം തന്നെ നിര്‍വഹിച്ചതാണ്. കാവ്യ ശില്‍പ്പങ്ങള്‍ക്കോ ഗാനങ്ങള്‍ക്കോ ഒരിക്കലും ചേരാത്ത പദങ്ങള്‍ ചേര്‍ത്തുകൊണ്ട് അശ്ലീല ഗാനങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലഘട്ടത്തില്‍, നല്ല പദങ്ങള്‍ കോര്‍ത്ത കാവ്യസമാനമായ വരികളായിരുന്നു അവ. പ്രകൃതിയെ അകക്കണ്ണ് കൊണ്ട് നോക്കിക്കണ്ട് വര്‍ണന നടത്തിയതിനെക്കുറിച്ച് ഉര്‍ദു ശായരികള്‍ ‘മുശായിറ’കളില്‍ വിസ്മയം പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ആശാജി ഒരു ഗാനം ആലപിച്ച ‘സുജാത’യ്ക്കു പുറമെ ബാലചന്ദ്ര മേനോന്റെ ‘സുഖം സുഖകരം’, ‘ആകാശത്തിന്റെ നിറം’ എന്നീ പടങ്ങള്‍ക്ക് സംഗീതം പകരാന്‍ മാത്രമെ ജെയിനിന് അവസരമൊത്തുള്ളൂ. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ അറബി, ഉര്‍ദു, പേര്‍ഷ്യന്‍ എന്നിവ കൂടി അദ്ദേഹത്തിനു        വശമായിരുന്നു.

‘ലിപി പബ്ലിക്കേഷന്‍’ ഇറക്കാന്‍ പോകുന്ന ഈ ലേഖകന്റെ ഹിന്ദിസിനിമാ സംഗീതത്തെക്കുറിച്ചുള്ള പുസ്തകത്തില്‍ രവീന്ദ്ര ജെയിനിനെ ചേര്‍ത്തിട്ടില്ല. അത് 60കളുടെ ഒടുവില്‍ വരെ വരുന്ന സംഗീത ശില്‍പ്പികളെ ഉള്‍പ്പെടുത്തിയതായതു കൊണ്ടാണ്. ശേഷം വരുന്ന സംഗീതസംവിധായകന്‍ എന്ന പരിഗണനവച്ചു കൊണ്ട് അതിന്റെ രണ്ടാം ഭാഗത്തിലാണ് ജെയിന്‍ വരുക.1944 ഫെബ്രുവരിയില്‍ ആയുര്‍വേദവൈദ്യനും സംസ്‌കൃതപണ്ഡിതനുമായ ഇന്ദ്രമണി ജെയിന്‍-കിരണ്‍ എന്നിവരുടെ ഏഴു മക്കളില്‍ മൂന്നാമനായി അലിഗഡിലായിരുന്നു രവീന്ദ്ര ജെയിന്റെ ജനനം.

ജന്മനാ കാഴ്ചയില്ലാതെ പിറന്ന കുട്ടി, വളരെ ചെറുപ്പത്തിലെ തൊട്ടടുത്ത ജൈന ക്ഷേത്രത്തിലെ ഭജനകള്‍ അതേപടി ഏറ്റു ചൊല്ലുന്നത് ശ്രദ്ധയില്‍ പെട്ട പണ്ഡിറ്റ് ഇന്ദ്രമണി, കുട്ടിയുടെ സംഗീതാഭിരുചി നേരത്തേ കണ്ടെത്തുകയായിരുന്നു. അല്‍പ്പം വളര്‍ന്നപ്പോള്‍ കുട്ടിക്ക് അതേ ക്ഷേത്രത്തില്‍ ഭജന്‍ ആലപിക്കാനവസരം നല്‍കി. പിന്നീട് അച്ഛന്‍, രവീന്ദ്രന് കണ്ടെത്തിയതും സംഗീതവഴി തന്നെ. ഹാര്‍മോണിയത്തില്‍ അസാമാന്യ വൈഭവം കാട്ടിയ രവീന്ദ്രനെ പണ്ഡിറ്റ് ജി.എല്‍. ജെയിന്‍, പണ്ഡിറ്റ് ജനാര്‍ദ്ദന ശര്‍മ എന്നിവരുടെ കീഴില്‍ സംഗീതമഭ്യസിക്കാന്‍ കൊണ്ടു ചെന്നാക്കി.

16ാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തി സിനമാസംഗീതരംഗത്ത് നിലയുറപ്പിച്ചു. 70കളുടെ തുടക്കത്തില്‍ മുംബൈയിലെത്തിയ ജെയിനിനെ ഭാഗ്യങ്ങള്‍ക്കൊപ്പം നിര്‍ഭാഗ്യവും ജീവിതത്തിലുടനീളം പിന്തുടര്‍ന്നിരുന്നു. കാലം അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസെന്ന് അടയാളപ്പെടുത്തുമായിരുന്ന പല രചനകളും പടങ്ങള്‍ വെളിച്ചം കാണാതെ പോയതുകൊണ്ട്  ആസ്വാദകര്‍ക്ക് തീരാ നഷ്ടമായി. റഫി-സ്വരമാധുരിയുടെ വിളി കേട്ടാണ് ജെയിന്‍ മുംബൈയിലെത്തുന്നത്. ആദ്യഗാനം ചിട്ടപ്പെടുത്തിയത് റഫിസാബിന് വേണ്ടി തന്നെ. പക്ഷേ. നമുക്ക് കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയെന്ന് മാത്രം.

തുടര്‍ന്ന് ലതാജി ആലപിച്ച ‘തേരാ മേരാ സാത്ത് രഹെ…’,  ആശാജിയെക്കൊണ്ട് പാടിച്ച ‘സജ്‌നാ ഹെ മുഝെ… ‘ (രണ്ടും സൗദാഗര്‍) ശ്രദ്ധിക്കപ്പെട്ടു. കിശോര്‍ജി ആലപിച്ച ‘ഗുംഗ് റൂ കി തറാഹ്…’ (ചോര്‍ മചായെ ശോര്‍) ഹിറ്റായി. ‘തേരി ബന്‍സി പുകാരെ…’, ‘ഗീത് ഗാത്താ ചല്‍’ തൊട്ടടുത്ത വര്‍ഷമിറങ്ങുന്നു. അതോടെ രവീന്ദ്ര ജെയിനും ഒരു താരമായി. രാമാനന്ദ് സാഗറിന്റെ ‘രാമായണ്‍’ സീരിയല്‍ ആരംഭിക്കുന്നതു മുതല്‍ ഭക്തിനിര്‍ഭരമായി രവീന്ദ്ര ജെയിന്‍ സംഗീതം. പിന്നീടതൊരു ട്രെന്റായി. തുടര്‍ന്നുവന്ന ഭക്തി സീരിയലുകള്‍ക്കെല്ലാം ജെയിനൊരു അവിഭാജ്യഘടകമായി. അവസാനം ‘പൃഥ്വീരാജ് ചൗഹാന്‍’ സീരിയലിനും. ആശാജിയുടെ ‘ഓം നമൊ ശിവായ’, ‘ഗുരുവന്ദനം’, ‘ഗാന്ധി ടീച്ചിങ്‌സ്’, ജ്യേഷ്ംസഹോദരന്‍ രണ്ടു പതിറ്റാണ്ടിലധികം സമയമെടുത്തു കൊണ്ട് പൂര്‍ത്തിയാക്കിയ ഖുര്‍ആന്‍ പദ്യ രൂപവും അടക്കം നിരവധി ആല്‍ബങ്ങളും പിറന്നത് രവീന്ദ്ര ജെയിന്‍ സംഗീതത്തിലാണ്.യേശുദാസിനെക്കൊണ്ട് പാടിച്ച സെമി ക്ലാസിക്കല്‍ ‘ഷഡ്ജനെ പായാ…(താന്‍സെന്‍)’ വെളിച്ചം കണ്ടില്ല. അതു കണ്ടിരുന്നെങ്കില്‍ യേശുദാസ് ഉയരങ്ങള്‍ താണ്ടുമായിരുന്നെന്ന് ജെയിന്‍ വേദനയോടെ അനുസ്മരിച്ചിരുന്നു.

ഏതായാലും ഒന്നോര്‍ക്കാം. ‘താന്‍സനെ’ വെള്ളിത്തിരയില്‍ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമമായിരുന്നു ജെയിന്‍ നടത്തിയത്. ഒരേ സീക്വന്‍സില്‍ പല രാഗങ്ങള്‍ പരീക്ഷിച്ച അപൂര്‍വ സന്ദര്‍ഭം. ജെയിനിന്റെ തന്നെ രചന, ബിലാവല്‍, ഭൈരവി, യമന്‍ കല്യാണ്‍. ബഹാര്‍, ദര്‍ബാരി, മേഘ് രാഗങ്ങളില്‍. 1976ല്‍ യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് വാങ്ങിക്കൊടുക്കുന്നതും രവീന്ദ്ര ജയിനാണ്-‘ചിറ്റ്‌ചോറി’ലൂടെ. റഫി, മുകേഷ് തുടങ്ങി ഇന്ത്യ കണ്ട മികച്ച ഗായകരെക്കൊണ്ടെല്ലാം പാടിക്കാനായെങ്കിലും ഹേമലതയെയും യേശുദാസിനെയുമാണ് രവീന്ദ്ര ജെയിന്‍ തന്റെ ശ്രുതികള്‍ക്ക് അനുയോജ്യ സ്വരമായി കണ്ടെത്തിയത്. 2015ലാണ് പദ്മശ്രീ നല്‍കി ജെയിനിനെ രാജ്യം ആദരിക്കുന്നത്.

ഉര്‍ദു കാവ്യം ‘ഉജാലോം കാ സില്‍സില’യ്ക്ക് യു.പിയുടെ ഹിന്ദി ഉര്‍ദു സാഹിത്യ അവാര്‍ഡ് 97ല്‍ ലഭിച്ചു. ദാദാസാഹെബ് ഫാല്‍ക്കെ അക്കാദമി അവാര്‍ഡ്, നാഷനല്‍ യൂത്ത് അവാര്‍ഡ്, ബംഗാള്‍ ഫിലിം ജേണലിസ്റ്റ് അവാര്‍ഡ്, ഇന്റര്‍നാഷനല്‍ സൂഫി മിഷന്‍ ഓഫ് ഇന്ത്യയുടെ ‘അമീര്‍ ഖുസ്രു’ അവാര്‍ഡ്, തീര്‍ത്ഥങ്കര മഹാവീര്‍ യൂനിവേഴ്‌സിറ്റിയുടെ ‘ഡോ. ഓഫ് ഫിലോസഫി’ ബിരുദം അങ്ങനെ ബഹുമതികള്‍ ഏറെ നേടി ആ കലാകാരന്‍.  ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss