|    Jan 19 Thu, 2017 5:54 am
FLASH NEWS

കാതിക്കുടം എന്‍ജിഐഎല്‍ കമ്പനി മാലിന്യം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിരിഞ്ഞ് നോക്കാത്തതില്‍ വ്യാപക പ്രതിഷേധം

Published : 6th January 2016 | Posted By: SMR

ചാലക്കുടി: കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയിലെ പൈപ്പ് പൊട്ടി മാലിന്യം പ്രദേശമാകെ പരന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിരിഞ്ഞ് നോക്കിയില്ല. മലിനജലം ഒഴുകി കുടിവെള്ള സ്രോതസ്സടക്കമുള്ള മലിനമാക്കി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനക്കെത്താത്ത നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ഇപ്പോഴും കമ്പനിയില്‍ നിന്നും മാലിന്യങ്ങളടങ്ങിയ വെള്ളം പൈപ്പിലൂടെ ഒഴുക്കിവിടുന്നുണ്ട്. ആക്ഷന്‍ കൗണ്‍സിലും നാട്ടുകാരും പ്രദേശത്ത് കാവലുള്ളതിനാല്‍ പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കമ്പനിക്കകത്തെ ടാങ്കുകളിലെ മലിനജലം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകയാണ്. ഇന്നലെ രാവിലെ കമ്പനിക്ക് പുറത്ത് റോഡിലേക്കും പരിസരങ്ങളിലേക്കും വന്‍ തോതിലാണ് മലിനജലം ഒഴുകിയെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനി അധികൃതര്‍ പുറത്തേക്ക് ഒഴുക്കിവിടുന്നത് ഉച്ചയോടെ നിര്‍ത്തിവച്ചു. സമീപത്തെ പാടങ്ങളില്‍ മലിനജലം വന്‍ തോതില്‍ കെട്ടികിടക്കുകയാണ്. ഇത് നാലാം തവണയാണ് പൈപ്പ് പൊട്ടുന്നത്. വന്‍ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ദുരിതത്തിലായി. ദേഹാസ്വസ്ഥം അനുഭവപ്പെട്ട പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് പൈപ്പ് പൊട്ടിയ വിവരം അറിഞ്ഞത്. കമ്പനിയില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള കാരിക്കപ്പാലത്തിനടിയിലാണ് കോണ്‍ക്രീറ്റ് പൈപ്പ് പൊട്ടി മാലിന്യവെള്ളം പുറത്തേക്കൊഴുകുന്നത്.
മലിന വെള്ളം കാരിക്കതോടിലൂടെ പുഴയിലേക്കാണ് ചെന്ന് പതിക്കുന്നത്. മഴവെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി പഞ്ചായത്ത് നിര്‍മിച്ച തോടിലൂടെയാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഒഴുകികൊണ്ടിരിക്കുന്നത്. ശനിയാഴ്ച കാരിക്കതോട് വൃത്തിയാക്കാനായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികളില്‍ മൂന്ന് പേര്‍ ഇവിടെ കുഴഞ്ഞ് വീണിരുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് പലര്‍ക്കും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ പണി നിര്‍ത്തിവച്ച് തൊഴിലാളികള്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രദേശത്ത് വന്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പുഴക്കരികില്‍ പരിശോധന നടത്തിയപ്പോഴാണ് തോടിലൂടെ കമ്പനിയിലെ മലിന ജലം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പുല്ല് പടര്‍ന്ന് കാട് പിടിച്ച് നില്‍ക്കുന്നതിനാല്‍ തോടിലൂടെ മലിനജലം ഒഴുകുന്നത് ആരുടേയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഞായരാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മഴവെള്ളം ഒഴിക്കേണ്ട തോടില്‍ മാലിനജലം കണ്ടത്. തുടര്‍ന്ന് അന്വേഷണത്തില്‍ അരക്കിലോമീറ്ററോളം അകലെയുള്ള കാരിക്കപാലത്തിനടിയില്‍ പൈപ്പ് പൊട്ടിയത് ശ്രദ്ധയില്‍പെട്ടത്. കമ്പനിയിലെ പ്രവര്‍ത്തികള്‍ക്ക് ശേഷം റീസൈക്കിള്‍ ചെയ്ത വെള്ളം മണ്ണിനടിയില്‍ കുഴിച്ചിട്ട പൈപ്പുകള്‍ വഴി പുഴയിലേക്ക് ഒഴുക്കിവിടാനാണ് അനുമതി നല്കിയിട്ടുള്ളത്. എന്നാല്‍ വെള്ളം റീസൈക്കിള്‍ ചെയ്യാതെ മാലിന്യങ്ങളടക്കമാണ് രാത്രികാലങ്ങളില്‍ കമ്പനി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. മലിനജലം എത്തുന്ന പുഴയുടെ ഈ പ്രദേശത്ത് പത്തില്‍പരം കുടിവെള്ള പദ്ധതികളുണ്ട്. കൊടുങ്ങല്ലൂര്‍ നി.
മണ്ഡലത്തിലുള്ളവരടക്കം ആറില്‍പരം ലക്ഷം പേരാണ് ഈ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. കമ്പനിയില്‍ ഉത്പാദനം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചരിക്കുന്നതിനെ തുടര്‍ന്ന് ഇവിടെ അവശേഷിക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി പുഴയിലേക്ക് ഒഴുക്കിവിടുകയാണെന്നും ആരോപണമുണ്ട്. മുന്‍കാലങ്ങളില്‍ ഉല്‍പാദനത്തിന് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ലെന്നും പറയുന്നു.
എല്ലില്‍ നിന്നും ഗുളികകള്‍ക്കാവശ്യമായ ക്യാപ്‌സൂളുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ലോഡ് കണക്കിന് എല്ലുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുമായി ഇവിടെയെത്തുന്നത്. എല്ലുകള്‍ ശുചീകരിക്കുന്ന സമയത്തുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാതെ നേരിട്ട് പുറത്തേക്കൊഴുക്കുന്നതായും നേരത്തെ പരാതികളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നിരവധി സമരങ്ങളും ഇവിടെ അരങ്ങേറിയിരുന്നു. കോടതിയുടെപ്രത്യേക ഉത്തരവ് തരപ്പെടുത്തിയാണ് കമ്പനി കാലങ്ങളായി പ്രവര്‍ത്തിച്ച് വരുന്നത്.
ഒരാഴ്ച മുമ്പ് നിരവധി പേര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടി ആശുപത്രിയിലെത്തിയിരുന്നു. ഇത് സംബന്ധിച്ച് കമ്പനി അധികൃതര്‍ക്കും പഞ്ചായത്തധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിയുയര്‍ത്തി. ദുര്‍ഗന്ധത്തെ തുടര്‍ന്ന് പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണിപ്പോള്‍. ജനങ്ങള്‍ക്കും പ്രകൃതിക്കും നാശം വിതയ്ക്കുന്ന കമ്പനി പ്രവര്‍ത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക് ഷന്‍ കൗണ്‍സില്‍ വര്‍ഷങ്ങളായി നടത്തിവന്ന സമരങ്ങളും കമ്പനി നിര്‍വീര്യമാക്കുകയാണെന്നും പറുന്നു. പ്രദേശവാസികളെ പ്രതികളാക്കി കള്ളകേസുകളില്‍ കുടുക്കി സമരം ദുര്‍ബലമാക്കുന്ന ധിക്കാരപരമായ നടപടികളാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുമണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക