|    Jan 24 Tue, 2017 7:01 pm
FLASH NEWS
Home   >  Sports  >  Cricket  >  

കാണ്‍പൂരില്‍ ഇന്ത്യന്‍ അശ്വമേധം

Published : 27th September 2016 | Posted By: SMR

കാണ്‍പൂര്‍: 500ാം ടെസ്റ്റെന്ന നാഴികക്കല്ല് എന്നും ഓര്‍ത്തിരിക്കാവുന്ന വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഗംഭീരമാക്കി. ചരിത്ര ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരേ 197 റണ്‍സിന്റെ ഗംഭീര വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. രണ്ടാമിന്നിങ്‌സില്‍ 434 റണ്‍സെന്ന ഏറക്കുറെ അപ്രാപ്യമായ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 236ല്‍ ചിറകറ്റുവീണു.
സ്പിന്നര്‍ ആര്‍ അശ്വിന്റെ മാന്ത്രിക ബൗളിങാണ് കിവികളുടെ കഥ കഴിച്ചത്. അശ്വിന്‍ ആറു വിക്കറ്റുകള്‍ കടപുഴക്കി. ഒന്നാമിന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ നേടിയ താരം ഇതോടെ 10 വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു.
മധ്യനിരയില്‍ ലൂക്ക് റോഞ്ചിയും (80) മിച്ചെല്‍ സാന്റ്‌നറും (71) നടത്തിയ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ കിവീസിന്റെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു. ക്യാപ്റ്റ ന്‍ കെയ്ന്‍ വില്യംസണാണ് (25) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. അശ്വിന്റെ ആറു വിക്കറ്റ് പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. രണ്ടിന്നിങ്‌സുകളിലായി 92 റ ണ്‍സും ആറു വിക്കറ്റും വീഴ്ത്തിയ ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്.
ഈ വിജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡ് കരസ്ഥമാക്കി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 30 മുതല്‍ കൊല്‍ക്കത്തയില്‍ നടക്കും.
കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യദിനവും രണ്ടാംദിനവും പിന്നിലായിരുന്ന ഇന്ത്യ പിന്നീടുള്ള മൂന്നു ദിനങ്ങളില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഒന്നാമിന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ ലീഡ് വഴങ്ങിയേക്കുമെന്ന ഘട്ടത്തില്‍ സ്പിന്നര്‍മാരുടെ മികവി ല്‍ ഇന്ത്യ കിവികളുടെ ചിറകരിയുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യ മല്‍സരത്തില്‍ പിടിമുറുക്കുകയും ചെയ്തു.
ഇന്നലെ നാലിന് 93 റണ്‍സെന്ന നിലയിലാണ് കിവീസ് രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ചത്. കളിയുടെ ആദ്യ ഒരു മണിക്കൂറില്‍ ഇന്ത്യക്കു വിക്കറ്റൊന്നും ലഭിച്ചില്ല. അഞ്ചാം വിക്കറ്റില്‍ റോഞ്ചി-സാന്റ്‌നര്‍ ജോടി 102 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.
എന്നാല്‍ ജഡേജ ഇന്ത്യക്കു നിര്‍ണായക ബ്രേക് ത്രൂ നല്‍കി. ടീം സ്‌കോര്‍ 158ല്‍ വച്ച് റോഞ്ചിയെ പുറത്താക്കി ജഡേജ ഇന്ത്യന്‍ വിജയപ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. 120 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് റോഞ്ചി സന്ദര്‍ശകരുടെ ടോപ്‌സ്‌കോററായത്.
പിന്നീട് ഇന്ത്യ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് ജയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം 43 മിനിറ്റ് മാത്രമേ കിവികളെ തീര്‍ക്കാന്‍ ഇന്ത്യക്കു വേണ്ടിവന്നുള്ളൂ.
വാട്‌ലിങാണ് (18) ആറാമനായി ക്രീസ് വിട്ടത്. സാന്റ്‌നര്‍ക്കൊപ്പം 36 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു വാട്‌ലിങിന്റെ പുറത്താവല്‍. രണ്ടു റണ്‍സ് കൂടി നേടുമ്പോഴേക്കും ക്രെയ്ഗിനെ മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡാക്കി.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും മറുഭാഗത്ത് അചഞ്ചലനായി നിന്ന സാന്റ്‌നര്‍ക്ക് മടക്കടിക്കറ്റ് നല്‍കിയത് അശ്വിനാണ് (8-223). 179 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും സാന്റ്‌നറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയാണ് (17) ഒമ്പതാമനായി പുറത്തായത്. അശ്വിന്റെ ബൗളിങില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. (9-236). ഇതേ ടീം സ്‌കോറില്‍ നീല്‍ വാഗ്‌നറെയും (0) വിക്കറ്റിനു മുന്നില്‍ കുരുക്കി അശ്വിന്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക