|    Jan 16 Mon, 2017 10:46 pm
FLASH NEWS
Home   >  Life   >  

കാണുക, കാലത്തിന്റെ ചുവരെഴുത്തുകള്‍

Published : 7th October 2015 | Posted By: swapna en

triveni
കുടുംബശ്രീകളും കുടുംബസ്ത്രീകളും ഭരണസിരാകേന്ദ്രങ്ങളിലേക്കെത്തുന്ന കാഴ്ചയാണ് ഇനി കാണാനുള്ളത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം ഏര്‍പ്പെടുത്തിയതോടെ സ്ത്രീകള്‍ പൊതുരംഗത്തേക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ വെട്ടിലായിരിക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളും പ്രാദേശികനേതാക്കളുമാണ്.

പഞ്ചായത്ത് അംഗത്തിന്റെ കുപ്പായം തയ്ച്ചിരുന്ന പലരുടെയും വാര്‍ഡുകള്‍ സംവരണവാര്‍ഡുകളായി. മാത്രമല്ല, വിജയസാധ്യതയുള്ള സ്ത്രീകളെ കണ്ടെത്താന്‍ മുന്‍കൂട്ടി ഒരു ശ്രമവും നടത്താതിരുന്നതിനാല്‍ ആരെ നിര്‍ത്തുമെന്ന ആശങ്കയും പരന്നു. പിന്‍സീറ്റ് ഡ്രൈവിങ് ആകാമെന്ന വ്യാമോഹത്തില്‍ പല ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ രംഗത്തിറക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. വനിതാസംവരണം കൂടുതലായി എന്ന ആശങ്കയാണിപ്പോള്‍ പലര്‍ക്കും. പഞ്ചായത്ത് ഓഫിസുകള്‍ കുടുംബശ്രീ യോഗങ്ങള്‍ പോലെ പരദൂഷണത്തിനും ഏഷണിക്കുമുള്ള ഇടമാകുമെന്നാണ് പ്രചരണം. പ്രസിഡന്റ്പദം വരെ സ്വപ്‌നം കണ്ടിരിക്കുന്ന പുരുഷകേസരികളില്‍ പലരും അവര്‍ അനുവര്‍ത്തിച്ചുപോന്ന സ്ഥിരം ശൈലിയുടെ തുടര്‍ച്ചക്കാരാവാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനൊക്കെ ഒരു തിരിച്ചടിയാണ് ഈ നിര്‍ബന്ധിത വനിതാസ്ഥാനാര്‍ഥിത്വം.

എഴുത്തുകാരിയെ വേദിയിലിരുത്താന്‍ കഴിയാത്ത സ്വാമിമാരെ പോലുള്ള ചിലര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുമുണ്ട്. അവര്‍ എന്തു ചെയ്യുമെന്നാണറിയാത്തത്. സ്ത്രീകളെ കാണുന്നതു പോലും നിഷിദ്ധമായവര്‍ ഇനി എങ്ങനെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പില്‍ പങ്കാളികളാവും? ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയതോടെ ഇവരൊക്കെ ഇനി എങ്ങനെ വോട്ടുചെയ്യും!ഇതിന് മറ്റൊരു വശം കൂടിയുണ്ട്.

ഇക്കാലമത്രയും വീടിനുള്ളില്‍ മാത്രം ഭരണം നടത്തിയിരുന്ന സ്ത്രീകള്‍ കുടുംബശ്രീ പോലുള്ള കൂട്ടായ്മകളിലൂടെ ഒരുമിച്ചപ്പോള്‍ അവര്‍ക്കുണ്ടായ മാറ്റം ശ്രദ്ധേയമാണ്. ഇപ്പോള്‍ ഭൂരിഭാഗം സ്ത്രീകളും ഏതെങ്കിലും രീതിയില്‍ തൊഴില്‍ ചെയ്ത് സമ്പാദിക്കുന്നു.

സ്വന്തം മക്കളുടെ പ്രഫഷന്‍, വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ തനിയെ നോക്കാന്‍ പ്രാപ്തരായവര്‍ പോലുമുണ്ട്. വീടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി തങ്ങളുടെ വേദനകളും പ്രശ്‌നങ്ങളും കുടുംബകലഹങ്ങളാക്കി മാറ്റുന്നതില്‍നിന്നും അവര്‍ക്ക് മോചനവും കിട്ടിയിട്ടുണ്ട്. വേദികളില്‍ സംസാരിക്കാനറിയാതിരുന്ന പലരും പഞ്ചായത്തംഗങ്ങളും കുടുംബശ്രീ കോ-ഓഡിനേറ്റര്‍മാരുമൊക്കെ ആയതോടെ നല്ല പ്രാസംഗികരായതും ഇത്തരം മാറ്റത്തിന് ഉദാഹരണമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എപ്പോഴും ജനങ്ങളോടടുത്ത് നില്‍ക്കേണ്ടവരും നാട്ടിന്‍പുറത്തെ വിഷയങ്ങളില്‍ സജീവമായി ഇടപെടേണ്ടവരുമാണ്. കുടുംബപരമായ കാര്യങ്ങളില്‍ പോലും ഇടപെടേണ്ടി വരും. അതുകൊണ്ടു പുരുഷനേക്കാള്‍ എന്തുകൊണ്ടും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുക സ്ത്രീകള്‍ക്കാണ്. കൂടാതെ, അഴിമതി കുറയാനും സാധ്യതയുണ്ട്.

 

LEADPACKAGEPIC_1
കേരളത്തില്‍ തിരഞ്ഞെടുപ്പുകളുടെ വിധി നിര്‍ണയിക്കുന്നത് സ്ത്രീകളാണെന്നത് വസ്തുതയാണ്. കാരണം സ്ത്രീപുരുഷ അനുപാതത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് നമ്മുടേത്. 1000 പുരുഷന്‍മാര്‍ക്ക് 1079 സ്ത്രീകള്‍. പോളിങ് ബൂത്തുകളിലും സജീവസാന്നിധ്യമായി സ്ത്രീവോട്ടര്‍മാരെ കാണുന്നതും നമ്മുടെ നാട്ടില്‍ തന്നെയാണ്.

എന്നാല്‍, ഈ നിര്‍ബന്ധിത തീരുമാനമില്ലെങ്കില്‍ മലയാളികള്‍ എത്ര സ്ത്രീകള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കുമായിരുന്നു? ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കണക്കെടുത്താല്‍ അതു മനസ്സിലാവും. സ്ത്രീകളുടെ വോട്ട് വാങ്ങി വിജയിക്കുന്ന നമ്മുടെ നാട്ടില്‍ എത്ര വനിതാ എം.പിയും എം.എല്‍.എയുമുണ്ട്? എന്തിന് പത്രപ്രവര്‍ത്തക യൂനിയന്‍ തിരഞ്ഞെടുപ്പിലെ വനിതാപ്രാതിനിധ്യത്തെ കുറിച്ച് മുമ്പ് ഇതേ കോളത്തില്‍ സൂചിപ്പിച്ചിരുന്നു. സ്ത്രീകള്‍ സ്വയം മുന്നോട്ടുവരാതെ ആരും കൈപിടിച്ചുയര്‍ത്തില്ലെന്ന നിലപാടാണ് മാധ്യമകൂട്ടായ്മകള്‍ക്കു പോലും ഉള്ളത്. പലവിധ കുടുംബപ്രശ്‌നങ്ങളിലും ആണ്ടുമുങ്ങി ജീവിക്കേണ്ടിവരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവസരങ്ങള്‍ നല്‍കി കൈപിടിച്ചുയര്‍ത്തിയാല്‍ മാത്രമേ പൊതുരംഗത്തേക്ക് എത്താന്‍ കഴിയൂ. ഇത്തരം പ്രശ്‌നങ്ങളിലേക്ക് സ്ത്രീകളെ തള്ളിയിടുന്നതും പുരുഷന്മാരായതിനാല്‍ അതവരുടെ കടമയായും കണക്കാക്കേണ്ടി വരും.
കഴിവും കാര്യക്ഷമതയുമുള്ള ധാരാളം സ്ത്രീകളുണ്ട്. പക്ഷേ, അവരെയൊന്നും കണ്ടെത്തി പൊതുരംഗത്തെത്തിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവുന്നില്ലെന്നതാണ് സത്യം. പൊതുവെ പുരുഷനോളം സ്ഥാനമാനങ്ങളിലുള്ള അതിമോഹം വനിതകള്‍ക്ക് കുറവായിരിക്കും. അതുകൊണ്ടു തന്നെ അവര്‍ ഉള്‍വലിയും. അതൊരു അവസരമാക്കിയെടുക്കുന്നവരാണ് പലരും.  എന്നാല്‍, സമൂഹത്തിന്റെ പകുതിയില്‍ കൂടുതലായ സ്ത്രീകളെ മാറ്റിനിര്‍ത്തി വലിയൊരു വിജയം സ്വപ്‌നം കാണുന്നത് മറ്റൊരു അതിമോഹമായിരിക്കും. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക