|    Sep 24 Mon, 2018 3:12 am
FLASH NEWS

കാണിയൂര്‍ റെയില്‍ പാത: നടപടി സ്വീകരിക്കണമെന്ന് സിപിഎം

Published : 10th January 2018 | Posted By: kasim kzm

കാസര്‍കോട്്: വടക്കന്‍ കേരളത്തിന്റെ വികസനത്തിന് നാന്ദിയാകുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയില്‍വെ വികസന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നിയമനുസരിച്ച് പദ്ധതിക്ക് വേണ്ടിവരുന്ന ചെലവിന്റെ പകുതി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതുണ്ട്.അതനുസരിച്ച് കേരളത്തിലൂടെ കടന്നുപോകുന്ന പാതയുടെ പകുതി കേരള സര്‍ക്കാര്‍ വഹിക്കേണ്ടതാണ്. ഈ ചെലവ് വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചാല്‍ മാത്രമേ റെയില്‍വെബോര്‍ഡ് പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയുള്ളു.സംസ്ഥാന സര്‍ക്കാറിന്റെ 2017-2018 ബജറ്റില്‍ ഈ പദ്ധതി അംഗീകരിക്കുകയും 20 കോടി രൂപ ഇതിന് വേണ്ടി നീക്കിവെച്ചിട്ടുണ്ട്്. പദ്ധതിക്കാവശ്യമായ കേന്ദ്രഫണ്ട് ഉടന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജില്ലയുടെ സര്‍വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ കാസര്‍കോട് പാക്കേജിന് സംസ്ഥാന ബജറ്റ് വിഹിതം 11000 കോടി രൂപയുടെ പക്കേജില്‍ 7500 കോടിയോളം കേന്ദ്ര-പൊതുമേഖലാ സ്വകാര്യ വിഹിതങ്ങളായാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. വ്യാവസായം, ടൂറിസം തുടങ്ങി ജില്ലയുടെ വികസനത്തിന് അനന്തസാധ്യകളാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ കാസര്‍കോട് വികസന പാക്കേജിന് നിര്‍ദ്ദേശിച്ച കേന്ദ്ര-വിഹിതം പ്രത്യേക പാക്കേജായി അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. റെയില്‍വേ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും രാജധാനി അടക്കമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജനശതാബ്ദി എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആരോഗ്യപരിപാലനം, പുനരധിവാസം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സഹായധനം എന്നിങ്ങനെ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ട 483 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിപിഎം ജില്ലാസമ്മേളനത്തിലെ റിപോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ നീലേശ്വരം ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചിട്ടി നടത്തിയ നീലേശ്വരം ഏരിയ സെക്രട്ടറി ടി കെ രവിക്കെതിരേ രൂക്ഷവിമര്‍ശനം. സംസ്ഥാനകമ്മിറ്റി റിപോര്‍ട്ടില്‍ രണ്ടുപ്രാവശ്യം രേഖപ്പെടുത്തിയിട്ടും ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ നടപടിയെടുത്തില്ലെന്നും ഏരിയ സെക്രട്ടറിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ബേഡകം വിഷയമായിരുന്നു സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമുണ്ടായ മറ്റൊരു വിഷയം. ബേഡകത്തെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനുണ്ടായ സംഭവത്തില്‍ ജില്ലാ സെക്രട്ടറിയേറ്റിനും ജില്ലാ സെക്രട്ടറിക്കും വീഴ്ച പറ്റിയെന്നും പ്രതിനിധി ചര്‍ച്ചയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ കന്നട മുഖപത്രമായിരുന്ന തുളുനാട് ടൈംസ് വേണ്ടത്ര ആലോചന കൂടാതെയാണ് പുനരാരംഭിച്ചതെന്നും ഇതു നേതൃത്വത്തിന്റെ വീഴ്ചയാണെന്നും ഒരു പ്രതിനിധി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss