|    May 30 Tue, 2017 4:37 am
FLASH NEWS

കാണിയൂര്‍ പാതയ്ക്ക് പ്രതീക്ഷയുടെ ചൂളംവിളി

Published : 9th July 2016 | Posted By: SMR

കാഞ്ഞങ്ങാട്: ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് വഴി തുറക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളി. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ 20 കോടി രൂപയാണ് വകയിരുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പാതയുടെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് പാതക്കായി തുക ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പാത യാഥാര്‍ത്ഥ്യമാവുകയുള്ളു. ഇതിനുള്ള ആദ്യപടിയാണ് ബജറ്റില്‍ പാതയ്ക്ക് തുക വകയിരുത്തിയത്. കഴിഞ്ഞ സര്‍ക്കാര്‍ പാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പി കരുണാകരന്‍ എംപിയുടെ ശ്രമഫലമായാണ് കേരള-കര്‍ണാടക സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് രൂപരേഖയായത്.
കഴിഞ്ഞ കേന്ദ്ര സര്‍ക്കാറിന്റെ കാലത്ത് പാതയ്ക്ക് അനുമതി വാങ്ങിയെടുത്തതോടെ കാണിയൂര്‍ റെയില്‍വേ പാതക്ക് ജീവന്‍ വച്ചു. തുടര്‍ന്ന് റെയില്‍വേയുടെ സര്‍വേ പൂര്‍ത്തിയായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാതയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്നു കാണിച്ച് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ റെയില്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇതില്‍ പുരോഗതിയുമുണ്ടായില്ല. കാഞ്ഞങ്ങാട് മുതല്‍ കാണിയൂര്‍ വരെയുള്ള 91 കിലോമീറ്റര്‍ ദൂരത്തിലാണ് പാത. പാതയ്ക്ക് 1,300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 650 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ബാക്കിയുള്ള 650 കോടി രൂപയില്‍ കേരള-കര്‍ണാടക സര്‍ക്കാരുകള്‍ 325 കോടി വീതം മുടക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിബന്ധന. പാത കടന്നുപോകുന്ന പ്രദേശത്തെ സ്ഥലം ഏറ്റെടുക്കുന്നതിനുള്‍പ്പെടെയാണ് ഈ തുക.
ദക്ഷിണമേഖല റെയില്‍വേ കണ്‍സള്‍ട്ടിങ് സര്‍വേയറായ ജയപ്രകാശന്റെ നേതൃത്വത്തില്‍ വിവിധ തലത്തിലുള്ള സര്‍വേ ഇവിടെ പൂര്‍ത്തിയാക്കിയത്. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ അഞ്ചുതവണ സര്‍വേ നടത്തി. പാത ലാഭകരമാണെന്ന സര്‍വേ റിപോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. പാതയില്‍ മീങ്ങോത്ത്, കൊട്ടോടി, പാണത്തൂര്‍, സുള്ള്യ, ജാല്‍സൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് റെയില്‍വേ സ്‌റ്റേഷനുണ്ടാവും. ഇരിയ, പാണത്തൂര്‍ എന്നിവിടങ്ങളില്‍ രണ്ട് തുരങ്കവും നിര്‍മിക്കണം. സര്‍വേ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണ് പാതയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day