|    Apr 24 Tue, 2018 12:02 pm
FLASH NEWS
Home   >  Kerala   >  

കാണാതെ പോവരുത് നഴ്‌സുമാരുടെ അതിജീവനത്തിനുള്ള പോരാട്ടം

Published : 18th July 2017 | Posted By: shins

നിഖില്‍ ബാലകൃഷ്ണന്‍

കൊച്ചി: ”അമ്മയുടെ സാലറി സര്‍ട്ടിഫിക്കറ്റിലേക്ക് നോക്കിയാല്‍ അറിയാതെ മനസ്സൊന്ന് പിടയും.. 30 വര്‍ഷമായി ഒരു ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിനോക്കുന്ന അമ്മയുടെ മാസശമ്പളം 12,000 രൂപ മാത്രം.. ആ ജോലിയോടുള്ള ഇഷ്ടമാണ് അവഗണനകള്‍ക്കിടയിലും അമ്മയെ അവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്”- സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സായ സ്ത്രീയുടെ മകന്‍  ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചതാണ് ഇങ്ങനെ.
കേരളത്തിലെ നഴ്‌സിങ് മേഖലയില്‍ ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ മനോവേദനയാണ് വാചകങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത്. ദൈവത്തിന്റെ മാലാഖമാരെന്ന് പൊതുസമൂഹം സ്‌നേഹത്തോടെ വിശേഷിപ്പിക്കുന്ന ഇക്കൂട്ടര്‍ ഇന്ന് ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയിട്ടുണ്ടെങ്കില്‍ ആരാണ് അതിന് ഉത്തരവാദികള്‍. നഴ്‌സിങ് മേഖല അതികഠിനമായ ചൂഷണങ്ങളിലൂടെ കടന്ന് പോയ വേളയില്‍ 2011ലാണ് യുഎന്‍എയുടെ കീഴില്‍  നഴ്‌സുമാര്‍ ഒന്നിക്കുന്നത്. പിന്നീട് പോരാട്ടത്തിന്റെ ദിനങ്ങളായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ആശുപത്രികളുള്ളത്  എറണാകുളം ജില്ലയിലാണ്. നഗരത്തിന് അകത്ത് മാത്രം 10 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ സ്ഥിതി ചെയ്യുന്നു. അനുബന്ധ നഗരങ്ങളിലെ കണക്കുകള്‍ വേറെ.  ആവശ്യത്തിന് ശമ്പളം പോലുമില്ലാതെ കടുത്ത തൊഴില്‍ ചൂഷണമാണ് ഈ ആശുപത്രികളില്‍ നടക്കുന്നതെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്നു.
800ന് മുകളിള്‍ ബെഡ്ഡുകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്‌സുമാര്‍ക്ക് 18,232 രൂപ മുതല്‍ 23,760 രൂപവരെയാണ് സര്‍ക്കാര്‍ അടുത്തിടെ നിജപ്പെടുത്തിയ ശമ്പളം. വേതനം കുത്തനെ ഉയര്‍ത്തിയെന്ന തരത്തിലാണ് ഇതിനെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍, 800 ബെഡ്ഡിന് മുകളിലുള്ള 8 സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 5 എണ്ണവും എറണാകുളം ജില്ലയിലാണ്.  എന്നാല്‍, ഈ ഹോസ്പിറ്റലുകളില്‍ ആകെ ജോലി ചെയ്യുന്ന 3000ഓളം നഴ്‌സുമാരില്‍ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജനറല്‍ കാറ്റഗറിയിലുള്ള നഴ്‌സുമാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.
ഏറിയ പങ്കും ജോലി ചെയ്യുന്നത് ട്രെയിനിങ് വ്യവസ്ഥയില്‍. മറ്റുള്ളവരെ ജനറല്‍ കാറ്റഗറിയില്‍ പെടുത്തുവാന്‍ ആശുപത്രികള്‍ തയറായിട്ടില്ല. ജനറല്‍ കാറ്റഗറിയില്ലെങ്കില്‍ കൂടി ജോലിക്ക് കുറവൊന്നുമില്ലെന്ന് നഴ്‌സുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ കാര്യം പരിശോധിച്ചാല്‍ ഇതിലും കഷ്ടമാണ് കാര്യങ്ങള്‍. എത്ര ബുദ്ധിമുട്ടുണ്ടായാലും വര്‍ഷങ്ങളെടുത്ത് പഠിച്ച തൊഴില്‍ തന്നെ തുടരണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പല നഴ്‌സുമാരും ഇന്നും ജോലിയില്‍ തുടരുന്നത്. ഇത് മുതലാക്കുകയാണ് പല ആശുപത്രി മാനേജുമെന്റുകളും. ലോണെടുത്ത് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ പലരും തിരിച്ചടവിന് മാര്‍ഗം കാണാതെ പലിശയ്ക്ക് പണമെടുക്കേണ്ട അവസ്ഥയിലാണ്. കണ്‍മുന്നില്‍ നടക്കുന്ന ഈ അനീതിക്കെതിരേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടയ്ക്കുന്നതിനെതിരേ കൂടിയാണ് നഴ്‌സുമാര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത്. 800 ബെഡ്ഡിന് മുകളിലുള്ള ആശുപത്രികള്‍ ജനറല്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 18,000ത്തിന് മുകളില്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കുവാന്‍ എറണാകുളം ജില്ലയിലെ പ്രസിദ്ധമായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കണ്ടുപിടിച്ച മാര്‍ഗം വിചിത്രമാണ്. ഈ ആശുപത്രിയില്‍ നേരത്തെ 1000 ബെഡ്ഡാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ പുതിയ നിര്‍ദേശം അറിയിച്ചതോടെ ഈ ആശുപത്രി ഉടമസ്ഥതാ അവകാശം രണ്ട് മാനേജുമെന്റിന്റെ കീഴിലേക്ക് മാറ്റി. രേഖകളില്‍ മാത്രം 500 ബെഡ്ഡുകള്‍ വീതമുള്ള രണ്ട് ആശുപത്രിയാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് തന്നെ. നഴ്‌സുമാര്‍ക്ക് അടിസ്ഥാന വേതനം നല്‍കാതിരിക്കാനുള്ള ആശുപത്രികളുടെ തന്ത്രങ്ങളില്‍ ഒന്നുമാത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss