|    Mar 23 Thu, 2017 4:12 pm
FLASH NEWS

കാണാതാവുന്ന ബീച്ചുകള്‍; ഭീതിയൊഴിയാതെ തീരം

Published : 18th July 2016 | Posted By: SMR

പൊന്നാനി: വിശാലമായ കടല്‍പരപ്പുകളും കടല്‍ മൈതാനങ്ങളും ബിച്ചുകളും കടല്‍ക്ഷോഭത്തില്‍ കാണാതാവുന്നത് പൊന്നാനി തീരത്ത് തുടരുന്ന പ്രതിഭാസമായി മാറുന്നു. ഓരോ വര്‍ഷവും കടലെടുക്കുന്നത് മീറ്റര്‍ കണക്കിന് കരയാണ്.
തീരവും അധികൃതരും നിസ്സഹായരായതോടെ ഭീതിയൊഴിയാതെ കഴിയുകയാണ് കടലോരവാസികള്‍. പൊന്നാനി താലൂക്കിലെ പതിമൂന്ന് കിലോമീറ്റര്‍ തീരത്ത് കഴിഞ്ഞ പന്ത്രണ്ട് കൊല്ലം കൊണ്ട് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പഴയ കാലത്ത് വഞ്ചികളും വള്ളങ്ങളും കയറ്റിവയ്ക്കുകയും വൈകുന്നേരങ്ങളില്‍ കായികവിനോദങ്ങളിലും വിശ്രമത്തിനും സമയം കണ്ടെത്തിയിരുന്ന പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും കടല്‍ തീരം ഇപ്പോള്‍ ഇല്ലാതായി. പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിന്റെ ഖബര്‍സ്ഥാന്‍ കടലിന്റെ വക്കിലെത്തി. പണ്ട് രണ്ട് ക്കിലോമീറ്റര്‍ അപ്പുറത്തായിരുന്നു കടലെന്ന് പഴമക്കാര്‍ പറയുന്നു. പള്ളിയുടെ പ്രാര്‍ഥനാഹാള്‍ ആയ മഹഌറ രണ്ട് വര്‍ഷം മുമ്പ് കടലെടുത്തു. അജ്മീര്‍ നഗര്‍ റോഡ് ഈ വര്‍ഷം കടലിലേക്ക് ഒലിച്ചുപോയി. പുതുപൊന്നാനിയിലെ മുല്ല റോഡില്‍ നിന്നു മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു കടല്‍. ഇന്ന് തിരയടിക്കുന്നത് മുല്ല റോഡിലേക്കാണ്. വര്‍ഷങ്ങക്ക് മുമ്പ് പൊന്നാനി മരക്കടവ് കടപ്പുറത്ത് സമ്മേളനങ്ങള്‍ നടക്കുമായിരുന്നു. ഇന്നിവിടെ തീരമില്ല.
തീരദേശ റോഡുകളിലേക്ക് കടല്‍ ആഞ്ഞടിക്കുകയാണ്. പുതുപൊന്നാനിയിലെയും പാലപ്പെട്ടിയിലെയും വെളിയംകോട്ടെയും ബീച്ചുകളാണ് ഇത്തരത്തില്‍ അപ്രത്യക്ഷങ്ങളായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 500 മീറ്റര്‍ കര കടലെടുത്തതായാണ് കണക്ക്. പൊന്നാനിയില്‍ പുലിമുട്ട് നിര്‍മിച്ചതോടെയാണ് വെളിയംകോടും പാലപ്പെട്ടിയിലും പുതുപൊന്നാനിയിലും കടലാക്രമണം രൂക്ഷമായത്. പൊന്നാനി അഴിമുഖത്തെ ജങ്കാര്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. തിരക്കയറ്റത്തില്‍ മണലടിഞ്ഞ ഈ റോഡിലെ മണല്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പാലപ്പെട്ടിയില്‍ എട്ടു വര്‍ഷം മുന്‍പ് വരെ ഫിഷ് ലാന്റിങ് സെന്ററും 20 ലധികം മീന്‍ ചാപ്പകളും തീരത്തുണ്ടായിരുന്നു. ഇന്ന് എല്ലാം കടലെടുത്തു. കടല്‍ഭിത്തി കെട്ടിയിട്ടും പൊന്നാനി തിരങ്ങളില്‍ കടലാക്രമണത്തിന് ശമനമില്ല. പൊന്നാനിയില്‍ പുതുതായി കടല്‍ നികത്തി പണിയുന്ന ചരക്ക് ഗതാഗത തുറമുഖം മറ്റു തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുലിമുട്ടുകള്‍ നിര്‍മിച്ച സ്ഥലങ്ങളില്‍ തിരകളുടെ ശക്തി കുറയും. എന്നാല്‍, പൊന്നാനിയിലെ പുലിമുട്ട് തകര്‍ന്നതിനാല്‍ ഇവിടെയും തിര നാശം വിതക്കുന്നുണ്ട്. ഓരോ വര്‍ഷവും ഭവനരഹിതരാക്കപ്പെടുന്നവര്‍ നിരവധിയാണ്.
കടലോരത്തെ ഇപ്പോഴത്തെ താമസക്കാര്‍ കണ്ണെത്താ ദൂരത്ത് കടല്‍ ഉണ്ടായിരുന്നപ്പോള്‍ വീട് വച്ചവരായിരുന്നു. ഓരോ വര്‍ഷവും മുന്നിലെ വീടുകള്‍ കടലെടുത്ത് തൊട്ടടുത്ത ഊഴക്കാരനായി എത്തിയതാണ് ഇപ്പോഴത്തെ ദുരിത ബാധിതര്‍. ഇത് ഇനിയും തുടരുമെന്നതിനാല്‍ ഭവനരഹിതരാവാന്‍ കാത്തിരിക്കുകയാണ് തൊട്ടു പിന്നിലെ ഓരോ വീടുകളും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് കടലാക്രമണ ദുരിതമുണ്ടാവുന്ന പ്രദേശങ്ങളില്‍ മുന്നില്‍ പൊന്നാനി തീരദേശമാണ്. കടല്‍ഭിത്തിയില്ലാത്ത ജനവാസ മേഖല പൊന്നാനി തീരത്ത് ഏറെയുണ്ട്. കടലാക്രമണം കേന്ദ്രസര്‍ക്കാര്‍ പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കാര്യമായ ധനസഹായം പോലും ഇവര്‍ക്ക് ലഭിക്കാറില്ല.

(Visited 71 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക