|    Jan 17 Tue, 2017 12:53 am
FLASH NEWS

കാണാതായ പ്യൂണിന്റെ മൃതദേഹം കിണറ്റില്‍; സുഹൃത്ത് അറസ്റ്റില്‍

Published : 16th September 2016 | Posted By: SMR

തളിപ്പറമ്പ്: ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ സ്‌കൂള്‍ പ്യൂണിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തു. പറശ്ശിനിക്കടവ് എയുപി സ്‌കൂള്‍ പ്യൂണ്‍ കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷി(34)ന്റെ മൃതദേഹമാണ് ബക്കളം നെല്ലിയോട്ടെ അടച്ചിട്ട ഫാക്ടറിക്ക് പിന്നിലെ കാടുമൂടിയ കിണറ്റില്‍ തിരുവോണ നാളില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണു രാവിലെ 11.30ഓടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമാണെന്നു തെളിഞ്ഞതോടെ രജീഷിന്റെ സുഹൃത്ത് നെല്ലിയോട്ടെ കാശിനാഥന്‍ എന്ന രാകേഷിനെയാണ് തളിപ്പറമ്പ് പോലിസ് ബുധനാഴ്ച രാത്രി 8.30ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു പിടികൂടിയത്. കൊലപാതകശേഷം സൗദിയിലേക്കു കടന്ന രാകേഷ് തിരിച്ചുവരുന്നതിനിടെ എയര്‍പോര്‍ട്ട് പോലിസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പോലിസിനു കൈമാറുകയായിരുന്നു. മൃതദേഹത്തിന് ഒമ്പത് ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. നെഞ്ചത്തും വയറ്റിലും മുഖത്തുമെല്ലാം കുത്തേറ്റിട്ടുണ്ട്.
വിദേശത്തേക്കു കടന്ന പ്രതിയെ, പോലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ മുന്‍കൈയെടുത്താണ് നാട്ടിലേക്കയച്ചതെന്നാണു സൂചന. ഇക്കഴിഞ്ഞ 5നു സ്‌കൂളിലെത്തിയ രജീഷിനെ വൈകീട്ടോടെയാണു കാണാതായത്. സുഹൃത്തിന്റെ മകളുടെ ജന്‍മദിനാഘോഷത്തിനു പോവാനുണ്ടെന്നു പറഞ്ഞ് നേരത്തേ സ്‌കൂളില്‍ നിന്നിറങ്ങിയ രജീഷിനെ കാണാതാവുകയായിരുന്നു. തുടര്‍ന്നു സ്‌കൂള്‍ അധികൃതരും ബന്ധുക്കളും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.
കാണാതായ ദിവസംതന്നെ രജീഷ് കൊല്ലപ്പെട്ടതായാണ് പോലിസ് നിഗമനം. കൊലപാതകശേഷം പിറ്റേന്നു തന്നെ പ്രതി വിദേശത്തേക്കു കടക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് പോലിസ്  ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ജില്ലാ പോലിസ് ചീഫ് സഞ്ജയ്കുമാര്‍ ഗുരുഡിന്‍, സിഐ കെ ഇ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. പരേതനായ പി പി ലക്ഷ്മണന്‍-രാധ ദമ്പതികളുടെ മകനാണ് രജീഷ്. സഹോദരങ്ങള്‍: ധനീഷ് (ബഹ്‌റയ്ന്‍), ജിനേഷ് (എയര്‍ഫോഴ്‌സ്).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക