|    Jan 24 Tue, 2017 2:45 pm
FLASH NEWS

കാണാതായ നിമിഷയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം സ്വദേശി ഫാത്തിമ എന്ന നിമിഷയുടെ അമ്മ ആറ്റുകാല്‍ തെക്കേവീട്ടില്‍ ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് പരാതി നല്‍കിയത്. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. 2015 നവംബര്‍ 11 മുതല്‍ നിമിഷയെ കാണാനില്ലെന്ന് ബിന്ദു മുഖ്യമന്ത്രിയെ അറിയിച്ചു.
എഡിജിപി ആര്‍ ശ്രീലേഖയെ കണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയ കാര്യവും ബിന്ദു മുഖ്യമന്ത്രിയെ അറിയിച്ചു. തന്റെ പരാതിയില്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മകള്‍ മടങ്ങിവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും നിമിഷയുടെ അമ്മയെ ആറ്റുകാലുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ആറ്റുകാല്‍ സ്വദേശിയായ നിമിഷ കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയായിരിക്കെയാണ് പാലക്കാട് സ്വദേശി ബക്‌സണ്‍ വിന്‍സെന്റിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. നാലുദിവസത്തെ പരിചയം വിവാഹത്തിലേക്ക് എത്തിച്ചെന്നാണ് അമ്മ ബിന്ദു പറയുന്നത്. പിന്നീട് മതംമാറിയ നിമിഷ ഫാത്തിമയെന്നും ബക്‌സണ്‍ ഈസായെന്നും പേരു മാറ്റുകയായിരുന്നു.
കാണാതാവുന്ന സംഭവങ്ങള്‍: കേസുകളെല്ലാം ഐഎസുമായി ബന്ധപ്പെട്ടതെന്ന് പറയാനാവില്ല: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആളുകളെ കാണാതാവുന്ന കേസുകളെല്ലാം ഐഎസുമായി ബന്ധപ്പെട്ടതാണെന്ന് പറയാന്‍ കഴിയിെല്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതുകൊണ്ട് ഇതിന്റെ നിജസ്ഥിതി സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. മതേതര വിശ്വാസികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സദാ ജാഗരൂകരായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഐഎസ്സില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി നിമിഷ ഫാത്തിമയുടെ മാതാവിനെ രമേശ് ചെന്നിത്തല ഇന്നലെ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക