|    Nov 20 Tue, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാണാതായവരുടെ ശരീരഭാഗങ്ങള്‍ എസ്ഡിപിഐ ആര്‍ജി ടീം കണ്ടെടുത്തു

Published : 27th August 2018 | Posted By: kasim kzm

അടിമാലി: ഔദ്യോഗിക രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ രക്ഷാ ദൗത്യം ഉപേക്ഷിച്ച പ്രദേശത്ത് എസ്ഡിപിഐ ആര്‍ജി ടീമിന്റെ ദൗത്യ പൂര്‍ത്തീകരണം. ഇടുക്കി താലൂക്കിലെ പന്നിയാര്‍കുട്ടി എസ് വളവില്‍ ആഗസ്ത് 15ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മൂന്നു ഉരുള്‍പൊട്ടലുകളുണ്ടായത്. ഉരുള്‍ പൊട്ടലില്‍ പ്രദേശവാസിയായ പുളിക്കകുടിയില്‍ മുഹമ്മദ്കുട്ടി (മമ്മൂട്ടി 45), ഇയാളുടെ ഭാര്യ അസ്മ (40), ഇവരുടെ മകന്‍ മുഹ്‌സില്‍ (17) എന്നിവരെ കാണാതാവുകയായിരുന്നു. കനത്ത വെള്ളപ്പാച്ചിലിനേയും കുത്തൊഴുക്കിനേയും അവഗണിച്ച് ആര്‍ജി ടീം നടത്തിയ പരിശോധനയില്‍ കാണാതായവരുടേതെന്നു സംശയിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തി.പന്നിയാര്‍കുട്ടി ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നംഗ കുടുംബത്തിനു വേണ്ടിയുള്ള തിരച്ചില്‍ എസ്ഡിപിഐ ആര്‍ജി ടീം തുടങ്ങുന്നത് സംഭവം നടന്ന് 11 ദിവസത്തിനു ശേഷമാണ്. നേവി, പോലിസ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രദേശത്ത് പരിശോധന നടത്തിയ ശേഷം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍ജി ടീമും എസ്ഡിപിഐ സ്‌കൂബാ സംഘവുമാണ് തിരച്ചിലില്‍ പങ്കാളികളായത്. ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് മണ്ണും പാറക്കഷണങ്ങളും മരങ്ങളും നീക്കി ഒരു വിഭാഗം പ്രവര്‍ത്തിച്ചപ്പോള്‍ സ്‌കൂബാ ടീം പന്നിയാര്‍ പുഴയില്‍ പരിശോധന നടത്തി. മൂന്നു മണ്ണുമാന്തി യന്ത്രങ്ങളും ആര്‍ജി ടീം അംഗങ്ങളും രണ്ടരയേക്കറോളം പ്രദേശത്തെ മണ്ണു ഇളക്കി പരിശോധിച്ചെങ്കിലും തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല. മൃതശരീരങ്ങള്‍ പുഴയില്‍ പതിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പന്നിയാര്‍ പുഴയില്‍ തിരച്ചില്‍ നടത്താന്‍ ആര്‍ജി സംഘം തീരുമാനിച്ചത്. എന്നാല്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ ഹെഡ് വര്‍ക്‌സ്, പൊന്‍മുടി അണക്കെട്ടുകള്‍ തുറന്നു വിട്ടതിനാല്‍ പുഴയില്‍ വലിയ വെള്ളപ്പൊക്കവും കുത്തൊഴുക്കും അനുഭവപ്പെട്ടിരുന്നു. ജലനിരപ്പ് കുറയ്ക്കുന്നതിനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കുന്നതിന് ആര്‍ജി റെസ്‌ക്യു ടീം പോലിസിനോട് ആവശ്യപ്പെട്ടു. ഇതോടെ വെള്ളത്തൂവല്‍ പോലിസ് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വൈകീട്ട് നാലു വരെ പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടര്‍ അടയ്ക്കാന്‍ ബോര്‍ഡ് തയ്യാറായി. പിന്നീട് നടത്തിയ തിരച്ചിലില്‍ ഒരു മനുഷ്യന്റെ കാല്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഒരു കൈയുടെ ഭാഗവും കണ്ടെത്താനായി. ഇന്ന് കേരള ഫയര്‍ഫോഴ്‌സിന്റെ 20 അംഗ സ്‌കൂബാ ടീമും എസ്ഡിപിഐ ആര്‍ജി സ്‌കൂബാ ടീമിന്റെ 30 പേരും അടങ്ങുന്ന സംയുക്ത സംഘം പുഴയില്‍ പരിശോധന നടത്തുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss