|    Jan 21 Sat, 2017 5:50 am
FLASH NEWS

കാണം വില്‍ക്കാതെ ഓണമുണ്ണാം: വിപണി ജനകീയമാവുന്നു; പച്ചക്കറി-പലചരക്ക് വില താഴേക്ക്

Published : 3rd September 2016 | Posted By: SMR

നിഷ ദിലീപ്

കൊച്ചി: കീശ കാലിയാവാതെ ഇത്തവണ മലയാളികള്‍ക്ക് ഓണമുണ്ണാം. ഓണം അടുക്കുമ്പോള്‍ പച്ചക്കറിവിലയും മറ്റു സാധനങ്ങളുടെ വിലയും കുതിക്കുമെന്ന പേടിയും വേണ്ട. പച്ചക്കറികള്‍ക്കും പലചരക്കുസാധനങ്ങള്‍ക്കും വിലക്കുറവിന്റെ കാലമാണ്. ചില സാധനങ്ങള്‍ക്കു മാത്രമാണ് വില കൂടുതലുള്ളത്.
ഓണക്കാലമടുക്കുമ്പോള്‍ വില കയറുമെന്ന പതിവു രീതി ഇത്തവണ ഉണ്ടാവില്ലെന്ന് എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. ഉല്‍സവസീസണുകളെന്നാല്‍ വിലക്കയറ്റത്തിന്റെ നാളുകളാണെന്ന ധാരണയാണ് ഇത്തവണ ഓണത്തിനു തെറ്റുന്നത്. പഞ്ചസാര, പരിപ്പ്, ഉഴുന്നുപരിപ്പ്, ചെറുപയര്‍ എന്നിവയുടെ വിലയിലും കാര്യമായ കുറവാണുണ്ടായിരിക്കുന്നത്. കടല, കടലപ്പരിപ്പ് എന്നിവയുടെ വിലയില്‍ മാത്രമാണ് നേരിയ വര്‍ധനയുണ്ടായിട്ടുള്ളത്. കടലയുടെ മൊത്തവില 80ല്‍ നിന്ന് 108 രൂപയും കടലപ്പരിപ്പിന്റേ ത് 100ല്‍ നിന്ന് 130രൂപയും ആയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അനുകൂല കാലാവസ്ഥയും ഉല്‍പാദനവര്‍ധനയും വില കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.
വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലയുണ്ടായിരുന്നത് ഉഴുന്നിനായിരുന്നു. കിലോയ്ക്ക് 145 രൂപയായിരുന്ന ഉഴുന്നിന് ഇപ്പോള്‍ 125 രൂപയാണ്. 140 രൂപയായിരുന്ന തുവരപ്പരിപ്പിന് 90 രൂപയും 100 രൂപയുണ്ടായിരുന്ന ചെറുപയറിന് 80 രൂപയുമാണ് വില. 40 രൂപയ്ക്ക് മുകളില്‍ ഉയര്‍ന്ന പഞ്ചസാരവില താഴ്ന്ന് 36ല്‍ എത്തി.
പച്ചക്കറിവിലയിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ജൈവപച്ചക്കറികൃഷിയും നിരവധിപേര്‍ കൃഷിയിലേക്കു തിരിഞ്ഞതും പച്ചക്കറികളുടെ വില ഇടിയുന്നതിനു കാരണമായിട്ടുണ്ട്. ഉല്‍പാദനം കൂടിയതും ഒരേ ഉല്‍പന്നങ്ങള്‍ നിരവധിപേര്‍ കൃഷി ചെയ്തതും ചില പച്ചക്കറികളുടെ വിലകുറയുന്നതിനു കാരണമായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച വരെ 75 രൂപയുണ്ടായിരുന്ന ഏത്തക്കായവില കുത്തനെ താഴ്ന്ന് 35 രൂപയിലെത്തി. പടവലം- ഏഴുരൂപ, കുമ്പളം- നാലു രൂപ, വെള്ളരി- അഞ്ചുരൂപ, ചുരയ്ക്ക- ഏഴുരൂപ, പയര്‍- 30 രൂപ എന്നിങ്ങനെയാണ് എറണാകുളത്തെ വില.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക