|    Sep 24 Mon, 2018 10:54 am
Home   >  Todays Paper  >  page 10  >  

കാട് പൂക്കുന്ന നേരം

Published : 31st January 2017 | Posted By: fsq

ആദിമ ജനതയ്ക്ക് മേല്‍ നടക്കുന്ന ഭരണകൂട അതിക്രമങ്ങളുടെ കലര്‍പ്പില്ലാത്ത കാഴ്ചയാണ് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം. മാവോവേട്ട എന്ന പ്രധാന വിഷയം കൊണ്ടുതന്നെ ശ്രദ്ധേയമായ ഈ സിനിമ പറയുന്നത് ഫാബ്രിക്കേറ്റഡ് എന്‍കൗണ്ടറുകളുടെ കഥ തന്നെയാണ്. കൃത്യമായ വിവര ശേഖരണത്തിലൂടെയല്ലാതെ സ്ഥിതിവിവരക്കണക്കുകളോ സാമൂഹിക സാഹചര്യങ്ങളോ അറിയാതെ ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായ ഒരുപാട് പേരുടെ സംഘമാണ് സിനിമയില്‍ പോലിസ്. സംശയമുള്ളവരെ സാഹചര്യത്തെളിവുകള്‍പോലും ഇല്ലാതെ ആക്രമിക്കുന്ന അവസ്ഥയെ സിനിമയില്‍ തീവ്രമായി പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്. എന്താണ് മാവോയിസം, എന്താണ് സാമൂഹികപ്രവര്‍ത്തനം എന്നൊന്നും വേര്‍തിരിച്ചറിയാത്ത ഒരു സമൂഹത്തെപ്പറ്റിയും ചിത്രം പറയുന്നു.മാവോവാദി വേട്ടയ്ക്കായി കാട്ടിലെ ആദിവാസി ഊരിലേക്ക് ഒരു സംഘം പോലിസുകാര്‍ എത്തുന്നു. സര്‍ക്കാര്‍ ഗോഡൗണില്‍ നിന്ന് അരി കടത്തിയ ‘മാവോവാദി’കളെ തേടിയാണ് സംഘമെത്തുന്നത്. ഊരിലെ ഏക വിദ്യാലയത്തിലാണ് പോലിസ് ക്യാമ്പ്. കുട്ടികളെ പുറത്താക്കി പാഠശാല പോലിസ് തങ്ങളുടെ താവളവും നിരീക്ഷണകേന്ദ്രവുമാക്കുന്നു. ഒരു രാത്രി പോസ്റ്റര്‍ ഒട്ടിക്കാന്‍ വന്ന സംഘത്തിലെ ഒരു സ്ത്രീയെ (റിമ കല്ലിങ്ങല്‍) പോലിസ് സംഘത്തില്‍പ്പെട്ട ഒരാള്‍ (ഇന്ദ്രജിത്ത്) പിടികുടുന്നു. വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോവുന്ന അവരുടെ രണ്ടു പേരുടെയും കുറച്ചു ദിവസങ്ങളിലൂടെയാണ് കാട് പൂക്കുന്ന നേരം വികസിക്കുന്നത്. കാടിനുള്ളില്‍ ഒറ്റപ്പെട്ടുപോവുന്ന മാവോവാദി എന്നാരോപിക്കുന്ന സ്ത്രീയും പോലിസുകാരനായ പുരുഷനും രണ്ടു കഥാപാത്രങ്ങള്‍ എന്നതിലുപരി രണ്ടു പ്രതീകങ്ങളാണ്. പേരില്ലാത്തവരാണ് ഇവര്‍ രണ്ടു പേരും. ഒരാള്‍ ഭരണകൂടത്തിന്റെ കൂടെനിന്ന് ചോദ്യം ചെയ്യാനോ ചിന്തിക്കാനോ ഒന്നും മുതിരാതെ അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്ന പുരുഷന്‍. മറ്റെയാള്‍ ഭരണകൂടത്തിന്റെ വ്യവസ്ഥകളുടെ സാമൂഹികാവസ്ഥകളുടെ ഒക്കെ ഇരയായ അതിനെയൊക്കെ ചോദ്യം ചെയ്യുന്ന സ്ത്രീ. ഈ പവര്‍ പൊളിറ്റിക്‌സിന്റെ പ്രതിനിധാനം സിനിമയില്‍ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. ഇവരുടെ സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ നീങ്ങുന്നത്. ചില വിയോജിപ്പുകള്‍തുടക്കത്തില്‍ ആദിവാസി സ്‌കൂളിലും പോലിസ് ഇടപെടലിലും രാഷ്ട്രീയധ്വനികളെയും ഭരണകൂടത്തിന്റെയും പ്രതിരോധത്തിന്റെ രാഷ്ട്രീയമുഖങ്ങളെയും ദൃശ്യഭാഷയിലൂടെ പ്രതിനിധീകരിച്ച സിനിമ തുടര്‍ന്നങ്ങോട്ട് സംഭാഷണകേന്ദ്രീകൃതമാവുകയാണ്. സംവിധായകന് മുന്നോട്ടുവയ്ക്കാനുള്ള രാഷ്ട്രീയത്തെ കഥാപാത്രങ്ങളിലേക്ക് പൊടുന്നനെ നിറച്ചുവച്ച് കെട്ടഴിച്ചുവിട്ടെന്ന തോന്നല്‍ റിമയുടെ കഥാപാത്രം രാഷ്ട്രീയം വിശദീകരിക്കുന്ന ഘട്ടത്തിലുണ്ട്. സിനിമയുടെ സ്വഭാവിക പ്രയാണത്തിനും ഇത് തടസ്സമായി മാറുന്നുണ്ട്. പറയാനിരിക്കുന്ന രാഷ്ട്രീയം രണ്ട് കഥാപാത്രങ്ങളെ മുഖാമുഖം നിര്‍ത്തി വാദപ്രതിവാദമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതും വലിയ വിയോജിപ്പായി. കോളനി രംഗത്തില്‍ മോഷ്ടിക്കപ്പെട്ട അരി എന്ത് ചെയ്യുന്നുവെന്ന് വിശദീകരിക്കുന്നിടത്തുതന്നെ ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയത്തിന് കൃത്യമായ വിശദീകരണമുണ്ട്. അത് ‘പ്രസംഗ’/മുദ്രാവാക്യ സ്വഭാവത്തില്‍ കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നിടത്താണ് കാഴ്ചാനുഭവം   കാണികളെ വിരസമാക്കിയത് .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss