|    Jan 22 Sun, 2017 3:33 pm
FLASH NEWS

കാട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികില്‍സ നിര്‍ത്തലാക്കാന്‍ നീക്കം

Published : 6th October 2016 | Posted By: Abbasali tf

ഇരിങ്ങാലക്കുട: കാട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികില്‍സ നിര്‍ത്തലാക്കാന്‍ നീക്കം. ഡെപ്യൂട്ടേഷനില്‍ നിയമിച്ച ഡോക്ടറുടെ കാലാവധി പൂര്‍ത്തിയായതാണ് കിടത്തി ചികില്‍സ നിര്‍ത്തലാക്കുന്നതിനുള്ള കാരണം. കാട്ടൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തി ല്‍ സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട് രണ്ടു എന്‍ആര്‍എച്ച്എം ഡോക്ടര്‍മാര്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. അസിസ്റ്റന്റ് സൂപ്രണ്ട് ഒരു വര്‍ഷത്തോളമായി ലീവിലാണ്. ആശുപത്രിയില്‍ കിടത്തി ചികില്‍ സ വേണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് നിരാഹാരം അടക്കമുള്ള സമരങ്ങള്‍ നാട്ടുകാര്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഡെപ്യൂട്ടേഷഷനില്‍ നിയമിച്ചത്. ഇതിനാലാണ്  കിടത്തി ചികില്‍സ അടക്കമുള്ളവയുമായി ആശുപത്രി മുന്നോട്ടുപോവുന്നത്. എന്നാല്‍ ഡെപ്യൂട്ടേഷനില്‍ വന്ന ഡോക്ടറുടെ കാലാവധി ഇന്നലെ തീര്‍ന്നു. ഡോക്ടര്‍ക്ക് ഇവിടെ തന്നെ തുടരാനുള്ള ഉത്തരവുകളൊന്നും ഇതുവരെ ലഭിച്ചില്ല. അതുപോലെ തന്നെ എന്‍ആര്‍എച്ച്എം വിഭാഗത്തിലെ ഒരു ഡോക്ടര്‍ ഈ മാസം 30ന് സേവനം അവസാനിപ്പിക്കുമെന്നും അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ കിടത്തി ചികില്‍സ അടക്കമുള്ളവ പ്രതിസന്ധിയിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളതാണ് കാട്ടൂര്‍ സാമൂഹികാരോഗ്യകേന്ദ്രം. കാട്ടൂര്‍, കാറളം, എടത്തിരുത്തി, താന്ന്യം തുടങ്ങിയ പഞ്ചായത്തുകളിലെ നിര്‍ധന രോഗികളുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. ദിവസേന 200ഓളം രോഗികള്‍ ഇവിടെ ചികില്‍സ തേടിയെത്തുന്നുണ്ട്. പുതിയ ഡോക്ടര്‍മാരെ നിയമിക്കണമെന്നും കിടത്തി ചികില്‍സ തുടരണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആശുപത്രി ഉള്‍പ്പെടുന്ന അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ  നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ അടിയന്തിരമായി ഇടപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി ചെയര്‍മാനും പഞ്ചായത്ത് അംഗവുമായ ധീരജ് തേറാട്ടില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക