|    Sep 20 Wed, 2017 5:53 am
FLASH NEWS

കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു

Published : 20th October 2016 | Posted By: SMR

പെര്‍ള: അതിര്‍ത്തി മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായി. കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നി, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങള്‍ കൂട്ടതോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം കാട്ടുകുക്കെ അരിക്കോടി, പെര്‍ത്താജെ, മുണ്ടാജെ തുടങ്ങിയ പ്രദേശങ്ങളിലിറങ്ങിയ ഒരുകൂട്ടം കാട്ടുപോത്തുകള്‍ കര്‍ഷകരായ അപ്പക്കുഞ്ഞി മണിയാണി, ഗോപാലകൃഷ്ണ ഭട്ട് എന്നിവരുടെ നെല്‍കൃഷിയും കവുങ്ങിന്‍ തോട്ടത്തിലെ വാഴകളും വ്യാപകമായി നശിപ്പിച്ചു. ദിവസങ്ങളോളമായി രാത്രി കാലങ്ങളില്‍ മാത്രംഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കാറുള്ള കാട്ടുപോത്തുകള്‍ പകല്‍ സമയങ്ങളില്‍ പോലും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ ജനം ഭീതിയിലായി. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കാട്ടുകുക്കെ സ്‌കൂള്‍ പരിസരത്ത് ഇറങ്ങിയ ആറ് കാട്ട് പോത്തുകള്‍ നാടിനെ വിറപ്പിച്ചു. മണിക്കുറുകളോളം കാട്ടുകുക്കെ സ്‌കൂള്‍ പരിസരത്തും ടൗണിലും അലഞ്ഞു തിരയുന്ന കാട്ടുപോത്തിനെ കാണാന്‍ പലരും എത്തിയെങ്കിലും കാട്ടുപോത്തിന്റെ അക്രമണം ഭയന്ന് പലരും സമീപത്തെ മരങ്ങളില്‍ കയറി. രണ്ടു വലതും നാല് ചെറുതും കാട്ടുപോത്തുകളാണ് ദിവസങ്ങളോളമായി ഈ ഭാഗങ്ങളില്‍ വിലസുന്നത്. കാട്ടുപോത്തിനെ കണ്ട് വിരണ്ടോടി കുഴിയില്‍ വീണ കാട്ടുകുക്കെ സമീപം പെല്‍ത്തഡുക്കയിലെ അബുബക്കറിന്റെ പശുവിന്റെ കാലൊടിഞ്ഞു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതരും നാട്ടുകാരും രാത്രി ഏറെ വൈകുവോളം നടത്തിയ പരിശ്രമത്തെ തുടര്‍ന്ന് അഞ്ചെണ്ണം കര്‍ണാടക വനമേഖലയിലേക്ക് കടന്നുവെങ്കിലും അതില്‍ ഒരെണ്ണം റവന്യു വന മേഖലയിലേക്ക് കടന്നുവെന്നും റവന്യു വനമേഖലയില്‍ കാട്ടുപൊത്തിന്റെ കുഞ്ഞിനെ കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ഈ ഭാഗങ്ങളില്‍ വീണ്ടും കാട്ടുപോത്തുകള്‍ ഇറങ്ങുവാനുള്ള സാധ്യതയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക