|    Apr 24 Tue, 2018 12:32 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കാട്ടിലെ മരം, തേവരുടെ ആന

Published : 8th October 2016 | Posted By: SMR

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി പി കെ ശ്രീമതി എംപിയുടെ മകനെ നിയമിച്ച നടപടി സര്‍ക്കാര്‍ തന്നെ റദ്ദാക്കിയിരിക്കുകയാണ്. ഇതേക്കുറിച്ച് നടന്ന അന്വേഷണങ്ങള്‍ ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സിപിഎമ്മിലെ ഉന്നതനേതാക്കളില്‍ പലരുടെയും മക്കളും പേരക്കുട്ടികളും ബന്ധുക്കളും പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുണ്ട്.
സാധാരണനിലയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ ലഭിക്കാന്‍ ആളുകള്‍ പെടാപ്പാടുപെടുമ്പോഴാണ് ചുളുവില്‍ നേതാക്കളുടെ ബന്ധുക്കള്‍ ‘ആശ്രിതനിയമന’ങ്ങള്‍ വഴി ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്നത്. അതിനു കൈക്കൊള്ളുന്ന വഴികളും വിചിത്രമാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരില്‍ മന്ത്രിയായിരുന്നപ്പോള്‍ ശ്രീമതി മകന്റെ ഭാര്യയെ പാചകക്കാരിയായി നിയമിച്ചിരുന്നു. പിന്നീട് അവരെ ഗസറ്റഡ് റാങ്കിലേക്ക് ഉയര്‍ത്തി. വിവാദമായപ്പോള്‍ ജോലി ഉപേക്ഷിച്ചുവെങ്കിലും ഈ ഉദ്യോഗസ്ഥ പെന്‍ഷന് അര്‍ഹത നേടിക്കഴിഞ്ഞിരുന്നുവത്രേ. കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി!
വേവുന്ന പുരയില്‍ നിന്നു തഞ്ചത്തില്‍ കഴുക്കോലൂരുന്ന ഈ മാതൃക ഇടതുപക്ഷത്തിന്റേതു മാത്രമല്ല. ഏതു മുന്നണി ഭരിക്കുമ്പോഴും സ്വന്തക്കാര്‍ക്ക് ഉദ്യോഗവും ഉദ്യോഗക്കയറ്റവും കൊടുക്കുന്നതും സ്ഥലം മാറ്റുന്നതും പതിവാണ്. പലപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളും സംരംഭങ്ങളുമാണ് രാഷ്ട്രീയക്കാരുടെ വിളയാട്ടങ്ങള്‍ക്കു വേദികളാവുന്നത്. പരസ്പര സമ്മതത്തോടെയാണ് കേരളത്തില്‍ മാറിമാറി ഭരണത്തിലേറുന്ന മുന്നണികള്‍ ഈ പണിയൊപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണങ്ങളോ തുടര്‍നടപടികളോ ഇത്തരം കാര്യങ്ങളില്‍ സംഭവിക്കാറില്ല. ജനാധിപത്യ വ്യവസ്ഥ ഇത്തരം കുറുക്കുവഴികള്‍ സാധ്യമാക്കുന്നുവെന്ന സമാശ്വാസത്തില്‍ അവസാനിക്കുന്നു കാര്യങ്ങള്‍.
എല്ലാം ശരിയാവുമെന്ന വാഗ്ദാനവുമായാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. ഭരണത്തില്‍ കാര്യക്ഷമതയും സുതാര്യതയും ഉണ്ടാവുമെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയാറുണ്ട്. ഉദ്യോഗസ്ഥരെ രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയോ രാഷ്ട്രീയ ചായ്‌വിന്റെ അടിസ്ഥാനത്തില്‍ ഒരു ഉദ്യോഗസ്ഥനെയും ഉപദ്രവിക്കുകയോ ചെയ്യില്ലെന്നൊക്കെ അദ്ദേഹം ഉറപ്പു നല്‍കിയിട്ടുമുണ്ട്.
പക്ഷേ, അധികാരത്തിലേറിയ ഉടനെ സര്‍ക്കാര്‍ ആദ്യം ചെയ്ത നടപടികളിലൊന്ന്, തങ്ങള്‍ക്ക് അനഭിലഷണീയരായ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. സഹകരണം, വ്യവസായം, റവന്യൂ തുടങ്ങിയ വകുപ്പുകളില്‍ യുഡിഎഫ് അനുകൂലികളെന്നു കരുതപ്പെടുന്ന ഉദ്യോഗസ്ഥരെ മര്‍മസ്ഥാനങ്ങളില്‍ നിന്നു മാറ്റുകയും ദൂരസ്ഥലങ്ങളിലേക്കു നാടുകടത്തുകയും ചെയ്തു. അതേത്തുടര്‍ന്ന് ആത്മഹത്യ പോലുമുണ്ടായെന്നാണ് പരാതി. നേരത്തേ സൂചിപ്പിച്ച രാഷ്ട്രീയ നിയമനങ്ങളോട് ഇത്തരം നടപടികളും ചേര്‍ത്തുവായിക്കണം. എല്ലാം ശരിയായിവരുന്നു എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവകാശവാദം. ഇങ്ങനെയാണെങ്കില്‍ കാര്യങ്ങള്‍ എവിടെയാണാവോ എത്തിച്ചേരുക!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss