|    Jan 21 Sat, 2017 12:00 pm
FLASH NEWS

കാട്ടാമ്പള്ളി പദ്ധതിയിലെ ഉപ്പുവെള്ളം; വിദഗ്ധ സമിതി ശുപാര്‍ശ സര്‍ക്കാരുകള്‍ അവഗണിച്ചു

Published : 13th May 2016 | Posted By: SMR

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ ചര്‍ച്ചയായ കിണറുകളിലെ ഉപ്പുവെള്ളത്തിനു കാരണം മാറിമാറി വന്ന സര്‍ക്കാരുകളുടെ അനാസ്ഥ.
കാട്ടാമ്പള്ളി പദ്ധതിയുടെ ഷട്ടര്‍ തുറന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് നോക്കുകുത്തിയായതാണ് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ചത്. പതിറ്റാണ്ടുകളോളം പഴക്കമുള്ള കര്‍ഷക പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് കൃഷിവിദഗ്ധനായ ഡോ. ബാലചന്ദ്രന്‍ കണ്‍വീനറായി കമ്മീഷനെ നിയമിച്ച് വിദഗ്ധ പഠനം നടത്തിയത്.
റിപോര്‍ട്ട് കര്‍ഷക സംഘടനകളെല്ലാം അഗീകരിച്ചതോടെയാണ് ഷട്ടര്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായത്. എന്നാല്‍, വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരും തുടര്‍ന്നു അഞ്ചുവര്‍ഷം ഭരിച്ച യുഡിഎഫ് സര്‍ക്കാരും അനാസ്ഥ കാണിച്ചു. ഇതേത്തുടര്‍ന്ന് 300ഓളം കുടുംബങ്ങളുടെ കിണറിലാണ് ഉപ്പുവെള്ളമായത്. മാസങ്ങളായി പദ്ധതി പുഴയോരത്തെ വീടുകളിലുള്ളവര്‍ ഉപ്പുവെള്ളം കാരണം ദുരിതത്തിലാണ്.
കാട്ടാമ്പള്ളി പദ്ധതി ഉള്‍ക്കൊള്ളുന്ന പ്രദേശം മുഴുവന്‍ സന്ദര്‍ശിച്ചാണ് ഡോ. ബാലചന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നത്. ഉപ്പുവെള്ളം കയറുന്നത് പൂര്‍ണമായും തടയാനും നാറാത്ത് ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ മൂന്ന് പുതിയ ഷട്ടറുകള്‍ നിര്‍മിക്കണമെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, ഇതിന്റെ പ്രാഥമിക നടപടികള്‍ പോലും നടത്തിയില്ല. കുട്ടനാടന്‍ മാതൃകയില്‍ ബണ്ട് കെട്ടി ആവശ്യമായ സമയത്ത് മഴക്കാലത്ത് ശുദ്ധജലം ശേഖരിച്ച് തോടുകളും ചാലുകളും മുഖേന രണ്ടും മൂന്നും വിളവുകളെടുക്കാനും തീരുമാനിച്ചിരുന്നു. ഏറ്റവും താഴ്ന്ന പ്രദേശമായ ചിറക്കലിനെ ഉപ്പുവെള്ളത്തില്‍ നിന്നു രക്ഷിക്കാന്‍ പ്രത്യേക ബണ്ട് കെട്ടാനും തൈക്കണ്ടിച്ചിറ, കല്ലുകെട്ട് ചിറ, പത്തായച്ചിറ എന്നിവിടങ്ങളില്‍ വിസിബി.നിര്‍മിക്കാനും ശുപാര്‍ശ ചെയ്തിരുന്നു.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കാട്ടാമ്പള്ളി നെല്‍കൃഷി വികസന സമിതി രൂപീകരിക്കുകയും ചെയ്തു.
എന്നാല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഹ്രസ്വ-ദീര്‍ഘകാല പദ്ധതികളൊന്നും നടപ്പാക്കാതെ മാറിമാറി വന്ന സര്‍ക്കാരുകളും ജനപ്രതിനിധികളും പ്രദേശവാസികളെ കൈയ്യൊഴിയുകയായിരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സമിതിയുടെ കൈയ്യിലുണ്ടായിരുന്ന തുക, ആവശ്യമുള്ളപ്പോള്‍ തരാമെന്നു പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ വാങ്ങിയതായും ആക്ഷേപമുയര്‍ന്നിരുന്നു.
കൃഷിയിടങ്ങളിലേക്കു വെള്ളം കയറ്റാനെന്ന പേരില്‍ ഷട്ടര്‍ തുറന്നപ്പോള്‍ ഉപ്പുവെള്ളം തടയാന്‍ പദ്ധതികള്‍ നടപ്പാക്കാത്തതാണു ദുരിതമായത്. ഷട്ടര്‍ തുറന്ന ശേഷം നാമമാത്രമായ കൃഷിയാണ് നടത്തിയതെന്ന് കണക്കുകള്‍ കാട്ടി അധികൃതരും സമ്മതിക്കുന്നു.
ആകെയുള്ള 2000 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ 140 ഹെക്ടര്‍ മാത്രമാണ് കൃഷി ചെയ്യുന്നതെന്ന് കൃഷിവകുപ്പ് തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഷട്ടര്‍ അടക്കുന്നതിനെ മല്‍സ്യബന്ധന തൊഴിലാളികളും എതിര്‍ക്കുകയാണ്.
1957ലാണ് മലബാറിലെ പ്രധാന ജലസേചന പദ്ധതികളിലൊന്നായ കാട്ടാമ്പള്ളി പദ്ധതിക്കു രൂപം നല്‍കിയത്. 1958ല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒന്നാംഘട്ടം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്തത് 1966ലാണ്. പ്രദേശത്തെ വിശാലമായ കൈപ്പാട് കൃഷി വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം.
ചിറക്കല്‍, നാറാത്ത്, പുഴാത്, ചേലോറ, കൊളച്ചേരി, മയ്യില്‍, എളയാവൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പ്രധാനമായും കൃഷി ലക്ഷ്യമിട്ടത്. ഇതോടൊപ്പം കണ്ണൂര്‍ പട്ടണവുമായി കാട്ടാമ്പള്ളി പുഴയുടെ വടക്കുഭാഗത്തായി നാറാത്ത്, കണ്ണാടിപ്പറമ്പ്, കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍ പ്രദേശങ്ങളെയും മറ്റു മലയോരമേഖലയെയും ബന്ധിപ്പിച്ച് റോഡ് പാലവും പ്രധാനലക്ഷ്യമായിരുന്നു. ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്തതോടെ ഭാഗികമായി ലക്ഷ്യം കണ്ടെങ്കിലും പിന്നീടു വന്ന സര്‍ക്കാരുകളെല്ലാം പദ്ധതി പൂര്‍ത്തീകരിക്കാതെ അവഗണിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക