|    Mar 29 Wed, 2017 1:01 pm
FLASH NEWS

കാട്ടാമ്പള്ളി-നാറാത്ത് റൂട്ടില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍

Published : 17th October 2016 | Posted By: Abbasali tf

നാറാത്ത്: വളപട്ടണം പാലത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള വാഹനനിയന്ത്രണം തുടരവെ പുതിയതെരു-കമ്പില്‍ റൂട്ടില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍ മൂലം യാത്രക്കാര്‍ ഭീതിയില്‍. റൂട്ടില്‍ പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും മദ്‌റസ, സ്‌കൂള്‍ വിദ്യാര്‍ഥികളും വാഹനങ്ങളുടെ അമിതവേഗം മൂലം ബുദ്ധിമുട്ടുകയാണ്. ബദല്‍ ട്രാഫിക് സംവിധാനത്തിന്റെ ഭാഗമായി ബസ്സുകള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍, ആംബുലന്‍സ്, എന്നിവ ഒഴികെയുള്ള വാഹനങ്ങള്‍ പുതിയതെരു, കാട്ടാമ്പള്ളി, നാറാത്ത്, കമ്പില്‍, കൊളച്ചേരിമുക്ക്, കരിങ്കല്‍ക്കുഴി, പറശ്ശിനിക്കടവ്, ധര്‍മശാല വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ധര്‍മശാല, പറശ്ശിനിക്കടവ്, കരിങ്കല്‍ക്കുഴി, കൊളച്ചേരിമുക്ക്, കമ്പില്‍, നാറാത്ത്, കാട്ടാമ്പള്ളി, പുതിയതെരു വഴിയും പോവണം. എന്നാല്‍, ദേശീയപാതയില്‍ അമിതവേഗത്തിലോടുന്ന ചരക്കുവണ്ടികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ താരതമ്യേന ഇടുങ്ങിയ പാതയായ പുതിയതെരു-കമ്പില്‍ റൂട്ടിലൂടെ കുതിച്ചുപായുകയാണ്. കാട്ടാമ്പള്ളി, നാറാത്ത്, കമ്പില്‍ ബസാറുകളിലെ തിരക്ക് ഇവര്‍ ഗൗനിക്കാറില്ല. വളപട്ടണം പാലത്തിലെ നവീകരണ ജോലികള്‍ നവംബര്‍ അഞ്ചുവരെ തുടരും. ബദല്‍റൂട്ടില്‍ ട്രാഫിക് സിഗ്നലുകളൊന്നും സ്ഥാപിച്ചിട്ടില്ല. നേരത്തെ റൂട്ടില്‍ അപകടം പതിവായതോടെ  കാക്കത്തുരുത്തി ബസ്‌റ്റോപ്പിന് സമീപം മയ്യില്‍ പോലിസ് ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, പുതിയ ഗതാഗത പരിഷ്‌കരണത്തോടെ ഡിവൈഡര്‍ എടുത്തുമാറ്റി കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍-ഒക്ടോബര്‍ കാലയളവില്‍ എട്ടോളം അപകടങ്ങളും രണ്ടു മരണവും ഈ റൂട്ടില്‍ സംഭവിച്ചിരുന്നു. ഇതിനു പുറമെ ഓടുന്ന ബൈക്കിനു മുകളില്‍ മരംപൊട്ടി വീണ് ഒരു വിദ്യാര്‍ഥിനി മരണപ്പെടുകയുമുണ്ടായി. പലപ്പോഴും വാഹനങ്ങളുടെ അമിതവേഗതയാണു അപകടത്തിനു പ്രധാന കാരണം. ആനന്ദതീര്‍ഥ കോളനി മുതല്‍ നാറാത്ത് ബസാര്‍ വരെയുള്ള റോഡിലെ ഇറക്കവും അപകടത്തിനു കാരണമാവുന്നുണ്ട്. മെക്കാഡം ടാറിങ് നടത്തിയ ശേഷം റൂട്ടില്‍ അപകടം പതിവായി. കമ്പില്‍ ടൗണില്‍ ഡിവൈഡര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമല്ല. റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് ഡിവൈഡര്‍ സ്ഥാപിക്കാനാണു ഫണ്ട് അനുവദിച്ചതെങ്കിലും റോഡിനു വീതിയില്ല. ഈ ഭാഗത്തെ സ്റ്റോപ്പുകളില്‍ ബസ്സുകള്‍ നിര്‍ത്തുമ്പോള്‍ ഡിവൈഡര്‍ മൂലം മറികടക്കാനാവാതെ മറ്റു വാഹനങ്ങള്‍ പിറകില്‍ നിര്‍ത്തേണ്ടി വരികയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day