|    Dec 12 Tue, 2017 12:09 pm
FLASH NEWS

കാട്ടാമ്പള്ളി ടൂറിസം പദ്ധതി കാടുകയറി നശിക്കുന്നു

Published : 26th November 2016 | Posted By: SMR

കാട്ടാമ്പള്ളി: ലക്ഷങ്ങള്‍ വിനിയോഗിച്ച് കാട്ടാമ്പള്ളി പുഴയോരത്ത് നിര്‍മിച്ച പാര്‍ക്ക് ഉപയോഗശൂന്യമായി നശിക്കുന്നു. വര്‍ഷങ്ങളായി ഇതാണു സ്ഥിതി. കാട്ടാമ്പള്ളി ടൂറിസം പദ്ധതിയുടെ ഭാഗമായി 2008ല്‍ എ പി അബ്ദുല്ലക്കുട്ടി എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കാട്ടാമ്പള്ളി ഇറിഗേഷന്‍ പദ്ധതിക്കു സമീപം പാര്‍ക്കും ബോട്ടുജെട്ടിയും പണിതത്. പുതിയതെരു-മയ്യില്‍ റോഡില്‍ കാട്ടാമ്പള്ളി പാലത്തിനു സമീപം വലതുഭാഗത്തായി അര ഏക്കറിലധികം വരുന്ന ഭൂമിയില്‍ പുഴയോടു ചേര്‍ന്ന് കരിങ്കല്‍ ഭിത്തികളാല്‍ ചുറ്റപ്പെട്ട് ബോട്ടുജെട്ടിയും വാഹന പാര്‍ക്കിങ് ഏരിയയും സിമന്റ് ഇന്റര്‍ലോക്ക് ചെയ്ത നടപ്പാതയും ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. ചെങ്കല്ലില്‍ സിമന്റ് പൂശി അതിനുമുകളില്‍ കാസ്റ്റ് അയേണ്‍ ഗ്രില്‍സ് ഉപയോഗിച്ച് ചുറ്റുമതിലോടുകൂടി സംരക്ഷിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും പാര്‍ക്ക്  കാടുമൂടിയ നിലയിലാണ്. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ച ബോട്ടുജെട്ടി പൂര്‍ണമായും പുഴയില്‍ മുങ്ങിത്താഴ്ന്നു. ചുറ്റുമതിലിന്റെ ഭാഗമായ കാസ്റ്റ് അയേണ്‍ സാമൂഹിക വിരുദ്ധര്‍ മുറിച്ചുകടത്തി. ബോട്ടുജെട്ടിയിലേക്കുള്ള നടപ്പാത പുഴയിലേക്ക് തകര്‍ന്നുതാഴുന്ന നിലയിലും.  ഇതോടെ പ്രവേശനകവാടം അടച്ചിട്ടിരിക്കുകയാണ്. പദ്ധതിയിലെ അശാസ്ത്രീയതയാണ് സഞ്ചാരികളെ ആകര്‍ഷിക്കാതിരിക്കാന്‍ കാരണം. പുതിയതെരു-മയ്യില്‍ റോഡില്‍ ഇടതുഭാഗത്തായി കാട്ടാമ്പള്ളി ഷട്ടറിനു സമീപമായിരുന്നു ഈ ടൂറിസം പദ്ധതി വേണ്ടിയിരുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. എങ്കിലേ, മാട്ടൂല്‍-വളപട്ടണം-പറശ്ശിനിക്കടവ് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് സര്‍വീസിന് ഈ ജെട്ടിയിലെത്താനാവൂ. ജെട്ടി റോഡിനു വലതുഭാഗത്തായതിനാല്‍ ബോട്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്തവിധം ഇറിഗേഷന്റെ ഷട്ടറുണ്ട്.  കാട്ടാമ്പള്ളി പാലം നിലവില്‍ വരുന്നതിനു മുമ്പ് വാരം കടവിലേക്ക് ഇവിടെനിന്ന് ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. പിന്നീടത് പൂര്‍ണമായും നിലച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക