|    Jul 23 Mon, 2018 11:36 am
FLASH NEWS

കാട്ടാന സര്‍വേനാലുമാസം പിന്നിട്ടിട്ടും കണക്ക് പുറത്തുവിട്ടില്ല

Published : 22nd September 2017 | Posted By: fsq

 

മാനന്തവാടി: തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും നടത്തിയ കാട്ടാന സര്‍വേയുടെ വിവരങ്ങള്‍ നാലുമാസം പിന്നിട്ടിട്ടും പുറത്തുവിടാത്തതിന് പിന്നില്‍ ജനരോഷവും ആനവേട്ട ഭയവുമെന്ന് സൂചന. മെയ് 17 മുതല്‍ 19 വരെയായിരുന്നു ജില്ലയിലുള്‍പ്പെടെ കാട്ടാനകളുടെ കണക്കെടുപ്പ് നടത്തിയത്. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ മുന്ന് വനം ഡിവിഷനുകളെ 63 ബ്ലോക്കുകളായി തിരിച്ച് കണക്കെടുപ്പ് നടത്തിയത്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ വിവിധ റേഞ്ചുകളില്‍ അഞ്ചു സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന 26, വയനാട് വന്യജീവി സങ്കേതത്തില്‍ 21, സൗത്ത് വയനാട് ഡിവിഷനില്‍ 16 ബ്ലോക്കുകളാക്കിയാണ് കണക്കെടുത്തത്. നേരിട്ട് കാണുന്ന ആനകളുടെ എണ്ണം, ആനപ്പിണ്ടം, കൂട്ടമായി ആനകളെ കാണപ്പെടുന്ന വെള്ളമുള്ള മേഖലകള്‍, വാച്ച് ടവറുകള്‍, നിബിഡവനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുള്ള കണക്കുകള്‍, ആണ്‍, പെണ്‍, കുട്ടികള്‍, മോഴയാന തുടങ്ങി വേര്‍തിരിച്ചുള്ള കണക്കുകള്‍ എന്നിവയും ഒറ്റയാനെയോ കൂട്ടത്തെയോ കാണപ്പെടുന്ന സ്ഥലത്തിന്റെ പ്രത്യേകത, എതു തരം വനം, ഈ സ്ഥലത്തിന്റെ ജിപിഎസ് റീഡിങ് എന്നിവയെല്ലാം മെയില്‍ നടന്ന കണക്കെടുപ്പില്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ക്രോഡീകരണത്തിനായി പീച്ചി വനഗവേഷണ കേന്ദ്രത്തെ വിവരങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, നാലുമാസം പിന്നിട്ടിട്ടും ക്രോഡീകരണം കഴിഞ്ഞില്ലെന്നാണ് വിവരം. 2012ലാണ് ഇതിനു മുമ്പ് സംസ്ഥാനത്ത് ആനകളുടെ കണക്കെടുപ്പ് നടന്നത്. അന്നു വയനാട് സങ്കേതത്തില്‍ 1155, നിലമ്പൂര്‍ 1044, ആനമുടി 2220, പെരിയാര്‍ 1758 ഉള്‍പ്പെടെ 6177 ആനകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ഗജദിനത്തില്‍ കേന്ദ്ര വന്യജീവി മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 3054 ആനകളേ കേരളത്തില്‍ ഉള്ളൂവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതായത് 2012ലെ കണക്കില്‍ നിന്ന് പകുതിയോളം ആനകളുടെ കുറവ്. എന്നാല്‍, ഇതു പൂര്‍ണമായി തെറ്റാണെന്നു വന്യജീവിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. നാലുമാസം മുമ്പ് നടത്തിയ കണക്കെടുപ്പില്‍ മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കണക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss