|    Oct 20 Sat, 2018 10:37 pm
FLASH NEWS

കാട്ടാന ഭീതി ; അതിര്‍ത്തിയിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

Published : 1st May 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലയിലെ  വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കര്‍ഷകര്‍ കാട്ടാനപേടിയില്‍ കൃഷി ഉപേക്ഷിക്കുന്നു. വേനല്‍കാലങ്ങളില്‍ വെള്ളത്തിനും ആഹാരത്തിനുമായി കാട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങുന്ന കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുകയാണ്. ദേലംമ്പാടി, ബേഡകം, റാണിപുരം, ബളാല്‍, ഓടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് വേനല്‍കാലത്ത് കാട്ടാന ശല്യം രൂക്ഷം. വന്യമൃഗശല്യം കാരണം കൃഷി തന്നെ ഉപേക്ഷിച്ചവരാണ് റാണിപുരത്തെ പന്നിക്കാല്‍ പൂവന്നിക്കുന്നേല്‍ സന്തോഷ് ജോസഫും റാണിപുരം വെച്ചുവെട്ടിക്കല്‍ വി ടി ജോയിയും.  റാണിപുരം വനമേഖലയോടുചേര്‍ന്നാണ് 38കാരനായ സന്തോഷിന്റെ ആറേക്കര്‍ കൃഷിഭൂമി സ്ഥിതിചെയ്തിരുന്നത്. കാപ്പി, കവുങ്ങ്, തെങ്ങ്, വാഴ എന്നിവയാണ് പ്രധാനമായും കൃഷിചെയ്തിരുന്നത്. 500ല്‍പരം വാഴകള്‍ കൃഷിചെയ്തിരുന്നു. എന്നാല്‍ കാട്ടുപന്നിയുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായതോടെ വാഴ കൃഷി പൂര്‍ണമായും ഉപേക്ഷിച്ചു. ഇതിനുപുറമേ കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് കാട്ടാനശല്യവും ആരംഭിച്ചു. ഇതോടെ കുടുംബത്തിന്റെ സുരക്ഷയെക്കരുതി തന്റെ വീടും സ്ഥലവും കാര്‍ഷികവൃത്തിയുമുപേക്ഷിച്ച് സന്തോഷും മാതാവും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം ഇവിടെ നിന്നും പലായനം ചെയ്തു. സന്തോഷ് കൃഷി ഉപേക്ഷിച്ച് മറ്റൊരു തൊഴില്‍മേഖലയ്ക്ക് പ്രവേശിച്ചപ്പോള്‍ ഇതിനു നിവൃത്തിയുമില്ലാത്തതിനാലാണ് വന്യമൃഗശല്യം സഹിച്ചും 54കാരനായ ജോയിയും കുടുംബവും റാണിപുരത്തെ തന്റെ കൃഷിഭൂമിയില്‍ തന്നെ ജീവിതം തുടര്‍ന്നത്. കവുങ്ങ്, കാപ്പി, വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങി ഈ അഞ്ചേക്കര്‍ ഭൂമിയില്‍ ഇല്ലാത്ത കൃഷിവിളകളൊന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി വന്യമൃഗശല്യം രൂക്ഷമായതോടെ ഭക്ഷ്യവിളകളുടെ കൃഷി ജോയി പൂര്‍ണമായും ഉപേക്ഷിച്ചു.  നാല്‍പതോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന ഈ പ്രദേശത്ത് ഇന്നു നാലു കുടുംബങ്ങള്‍ മാത്രമാണുള്ളത്.ബളാല്‍ പഞ്ചായത്തിലെ ദര്‍ഘാസ്, ഇടക്കാനം പ്രദേശങ്ങളില്‍ നിന്നും കാട്ടാനയെ പേടിച്ച് വീടും സ്ഥലവും ഉപേക്ഷിച്ചുപോയത് 30ഓളം കുടുംബങ്ങളാണ്. ചെമ്പകശേരില്‍ വേണു, ചെമ്പകശേരില്‍ ബാലന്‍, മാടത്തില്‍ ഗോപി, ജോസഫ് നീര്‍വേലി, മാത്യു കുരങ്ങമ്പുഴ, ആന്റണി തൂങ്ങുപാറ, ജിബിന്‍ കാര്യാവില്‍, പട്ടികവര്‍ഗ കോളനിയിലെ ദാമോദരന്‍, ബിന്ദു തുടങ്ങി നിരവധി കുടുംബങ്ങളാണ് വീടുപേക്ഷിച്ചത്. ബളാല്‍ പഞ്ചായത്തിലെ കോട്ടഞ്ചേരി, മൈക്കയം, കമ്മാടി പ്രദേശങ്ങളിലും കാട്ടാനഭീഷണിയിലാണ്.  വനാതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാര്‍ കിടങ്ങോ സോളാര്‍ ഫെന്‍സിങോ നിര്‍മിക്കാത്തിനാല്‍ കാട്ടാനകള്‍ കേരളത്തിലെ കൃഷി സ്ഥലത്ത് എത്തുകയാണ്. ഈസ്റ്റ് ഏളേരിയിലെ പാലാവയലിലെ ഓടക്കോലില്‍ കര്‍ണാടകയിലെ മുണ്ടറോട്ട് റേഞ്ച് വനം ആന സംരക്ഷണ മേഖലയായി കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആനകള്‍ കേരളത്തിലെ കൃഷി സ്ഥലത്ത് എത്തുന്നത് തടയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കിടങ്ങുകള്‍ നികന്നു കഴിഞ്ഞു. കേരള സര്‍ക്കാര്‍ ചില സ്ഥലങ്ങളില്‍ സൗരോര്‍ജ്ജവേലി നിര്‍മ്മമിച്ചിട്ടുണ്ടെങ്കിലും ആനകള്‍ നാട്ടിലെത്തുന്നത് തടയാന്‍ ഇത് പര്യാപ്തമാവുന്നില്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൃഷി നാശം നേരിട്ടവര്‍ക്ക് വര്‍ഷങ്ങളായി നഷ്ടപരിഹാരം ലഭിക്കുന്നുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss