|    May 24 Wed, 2017 11:50 am
FLASH NEWS

കാട്ടാന പ്രതിരോധത്തിന് വീണ്ടും അശാസ്ത്രീയ മാര്‍ഗങ്ങള്‍; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം

Published : 17th July 2016 | Posted By: SMR

പാലക്കാട്: കാട്ടാന നാട്ടിലിറങ്ങുന്ന അവസ്ഥ പരിഹരിക്കുവാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വൈദ്യതിവേലിയും കിടങ്ങുകളും സ്ഥാപിക്കുന്നത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണതയും വ്യപ്തിയും കൂട്ടുവാനെ ഉപകരിക്കുകയുള്ളൂവെന്നും അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെതിരേ മനുഷ്യവാകാശ കമ്മീഷന്‍ ഇടപെടണമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണ മേഖലാ കോ-ഓഡിനേറ്റര്‍ എസ് ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടു. നാളിതുവരെ സ്ഥാപിച്ച സൗരോര്‍ജ വേലികളില്‍ ബഹുഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല എന്നത് തന്നെ ഇതു പ്രായോഗികമല്ല എന്നതിനുദാഹരണമാണ്. ഇക്കാര്യം അറിയാമായിരുന്നിട്ടും തെറ്റായ തീരുമാനങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നത് ദുരൂഹമാണ്. ഇതുസംബന്ധിച്ച ശാസ്ത്രീയ പഠന റിപോര്‍ട്ടുകള്‍ ഒന്നും തന്നെ പരിഗണിക്കാതെ ജനങ്ങളുടെ താല്‍ക്കാലിക വൈകാരിക തലത്തെ മാത്രം കണക്കിലെടുത്തു തീരുമാനമെടുക്കുന്നത് യുക്തിസഹമല്ല. പുതുശ്ശേരി, കഞ്ചിക്കോട്, വേനോലി, കൊട്ടേക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ആനകള്‍ കാടിറങ്ങാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷത്തില്‍ താഴെ മാത്രമെ ആയിട്ടുള്ളു.
വാളയാര്‍ മേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആനകളെ ട്രാക്കില്‍ വരുന്നതില്‍നിന്നും ഒഴിവാക്കുന്നതിനായി ആദ്യമായി സൗരോര്‍ജവേലി സ്ഥാപിച്ചതുമുതലാണ് കാടിനുപുറത്തേക്ക് ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയത്. അപ്പോള്‍ നാട്ടിലും കുറച്ചു ദൂരത്തേക്ക് കരണ്ടു വേലി നീട്ടി.
അതോടെ തൊട്ടടുത്ത സ്ഥലത്തേക്ക് ആനകള്‍ നീങ്ങി നാട്ടിലിറിങ്ങാന്‍ തുടങ്ങി. ഇക്കാര്യങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പുതന്നെ വനം വകുപ്പ് ഉള്‍പ്പെടെയുള്ളവരേയും മന്ത്രിമാരുള്‍പ്പെട്ട ജനപ്രതിനിധികളെയും നേരിട്ടും രേഖാമൂലവും നിരവധി തവണ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും തെറ്റായ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതേ സ്ഥിതി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ആനകളിറങ്ങി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും.
തുടര്‍ന്നുണ്ടാവുന്ന എല്ലാ നാശനഷ്ടങ്ങള്‍ക്കും പാലക്കാട് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായിരിക്കും ഉത്തരവാദികള്‍. വാളയാറിലെ ആനത്താരയില്‍ ആനകള്‍ക്ക് സ്വാതന്ത്രമായി സഞ്ചക്കരിക്കുവാന്‍ അവസരമൊരുക്കി നാട്ടില്‍ ആനകള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ വനാതിര്‍ത്തിയിലെ ജനങ്ങള്‍ക്കു സുരക്ഷിതമായി ജീവിക്കുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയും പകലും കാട്ടാനകളുടെ വിളയാട്ടം
മണ്ണാര്‍ക്കാട്: കൊറ്റിയോട് ഗ്രാമത്തെ ഭീതിയിലാഴ്ത്തി ഒരു രാത്രിയും പകലും കാട്ടാന. കൊറ്റിയോട് നിന്ന് രാവിലെ ആട്ടിപ്പോയിച്ച കാട്ടാന മണ്ണാര്‍ക്കാട് ടൗണിനോട് ചേര്‍ന്ന് നൊട്ടന്‍മല വളവില്‍ ദേശീയപാതയിലേക്ക് ഇറങ്ങാവുന്ന ദൂരത്ത് എത്തി. ആദ്യമായാണ് കാട്ടാന ദേശീയ പാതയ്ക്കടുത്ത് എത്തുന്നത്. ഇതോടെ അധികൃതരും പ്രദേശവാസികളും അങ്കലാപ്പിലായി.
വെള്ളിയാഴ്ച രാത്രിയോടെയാണ് കാട്ടാന കാഞ്ഞിരത്തെത്തിയത്. പഞ്ചായത്ത് പ്രതിനിധികളും വനം വകുപ്പും ആര്‍ആര്‍ടി സംഘവും നാട്ടുകാരും ആനയെ ഓടിക്കാന്‍ രാത്രി വൈകും വരെ ശ്രമം നടത്തി. കാഞ്ഞിരത്ത് നിന്ന് ഓടിയ അമ്പാഴക്കോട് കിണറത്ത് ഭാഗം പത്തുകുടിപാടം വഴി നരിയംകോട് മലയിലെത്തി. പുലര്‍ച്ചയോടെ കൊറ്റിയോട് നിലയുറപ്പിച്ചു.
വനം വകുപ്പും പഞ്ചായത്ത് അധികൃതരും പോലിസും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് ഓടിച്ചതോടെ കനാല്‍ കണ്ടക്കാമലയിലൂടെ നഗരത്തിന് സമീപം നൊട്ടന്‍മലയിലെത്തി. ഇതോടെ ജനം നൊട്ടന്‍മലയിലേക്കൊഴുകി. ഇതോടെ ആന ജനവാസ കേന്ദ്രമായ തെങ്കര പറശ്ശിരിയിലെത്തി. ഇവിടെയും നാട്ടുകാര്‍ കൂടിയതോടെ നൊട്ടന്‍മലയിലെ എംജെആര്‍ എസ്റ്റേറ്റില്‍ നിലയിലുറപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി കെ ഷംസുദ്ദീന്‍, പഞ്ചായത്തംഗം മണികണ്ഠന്‍, എസ്‌ഐ ഷിജു എബ്രാഹാം, റേഞ്ച് ഓഫി സര്‍ ഗണേശന്‍ നേതൃത്വത്തിലാണ് ആനയെ ഓടിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day