|    Mar 27 Mon, 2017 12:36 am
FLASH NEWS

കാട്ടാന കൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published : 7th October 2016 | Posted By: Abbasali tf

എടക്കര:     കാട്ടാന കൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ മരത്തില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വഴിക്കടവ് ആനമറിയിലെ പറമ്പില്‍ ബേബി എന്ന ജോണ്‍ മാത്യു(49) വാണ് വനത്തിലെ മരത്തില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയത്. നഷ്ടപരിഹാരം നല്‍കാമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് മണിക്കൂറുകള്‍ക്ക് ശേഷം ബേബി മരത്തില്‍ നിന്നുമിറങ്ങിയത്. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. പത്തോടെ സ്ഥലത്തെത്തിയ റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍, ആന നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പു നല്‍കി. ഇതോടെയാണ് ബേബി സമരം അവസാനിപ്പിച്ചത്. ആനമറിയില്‍ വനാതിര്‍ത്തിയില്‍ പാട്ടത്തിനെടുത്ത ഒരേക്കര്‍ ഭൂമിയില്‍ ബേബി നേന്ത്ര വാഴകൃഷി ചെയ്യുന്നുണ്ട്. വന്യമൃഗശല്ല്യം രൂക്ഷമായതിനാല്‍  കൃഷിക്ക് ബേബി രാത്രി കാവല്‍ കിടക്കാറുമുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുവരെ ബേബി കൃഷിയിടത്തിലുണ്ടായിരുന്നു. വീട്ടില്‍ പോയി കാപ്പി കുടിച്ച് വന്ന സമയത്തിനുള്ളില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ബേബിയുടെ ഇരൂനൂറോളം വാഴകള്‍ നശിപ്പിച്ചു. കുലച്ച വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കൃഷിയിടം ആനക്കൂട്ടം തകര്‍ത്തതുകണ്ട് മനംനൊന്ത ബേബി ഉടുതുണിയുമായി വനത്തിലെ മരത്തില്‍ കയറുകയായിരുന്നു. മതിയായ നഷ്ടപരിഹാരം നല്‍കാമെന്ന വനം ഉദേ്യാഗസ്ഥരുടെ ഉറപ്പില്‍ ബേബി മരത്തില്‍ നിന്നുമിറങ്ങി സമരം അവസാനിപ്പിക്കുകയായിരുന്നു. ആനമറി, പൂവത്തിപ്പൊയില്‍ തുടങ്ങി വഴിക്കടവ് മേഖലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗശല്ല്യം രൂക്ഷമാണ്. കാലങ്ങളായി കര്‍ഷകര്‍ ദുരിതത്തിലായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നു മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ബേബിയുടെ സമീപത്തെ കൃഷിക്കാരായ ഈന്തന്‍കുഴിയന്‍ മുഹമ്മദാലിയുടെ ഇരൂനൂറ് വാഴകളും മുന്നൂറ് പാല്‍ചേമ്പും കാട്ടാനയും മുള്ളന്‍പന്നികളും നശിപ്പിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക