|    Feb 27 Mon, 2017 12:42 pm
FLASH NEWS

കാട്ടാനയെ വെടിവച്ചുകൊന്ന സംഭവം; പ്രതികള്‍ വലയിലായത് പഴുതടച്ച അന്വേഷണത്തിലെന്ന് വനംവകുപ്പ്

Published : 26th October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത് പഴുതടച്ച അന്വേഷണത്തിലൂടെയെന്നു വനംവകുപ്പ്. സംഭവം നടന്ന് അഞ്ചുമാസങ്ങള്‍ക്കു ശേഷമാണ് വനംവകുപ്പിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയ കേസില്‍ മുഖ്യപ്രതിയെ പിടികൂടുന്നത്. പുല്‍പ്പള്ളി കുളത്തിങ്കല്‍ ഷാജി(48)യെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ നായ്ക്കട്ടി നൂല്‍പ്പുഴ പഞ്ചായത്ത് ഓഫിസിന് സമീപത്ത് വച്ച് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധമുള്ള നാലു പ്രതികളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ മെയ് 29നാണ് കാട്ടനയെ വെടിയേറ്റ് ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. അന്നേദിവസം രാത്രി പുതുക്കുടി ഷാജിയുടെ വീട്ടില്‍ നിന്ന് തോക്ക് വാങ്ങി കുളത്തിങ്കല്‍ ഷാജി, ബേബി, സഞ്ചു, കോടാലി ഷിജു, കല്ലുവയല്‍ നെബു, നായ്ക്കട്ടി ജുനൈസ് എന്നിവര്‍ ഷാജിയുടെ കാറില്‍ പണയമ്പം വഴി പുല്‍പ്പള്ളി റോഡിലെത്തുകയും ഇവിടെ നിന്നു പുല്‍പ്പള്ളി ഭാഗത്തേക്ക്് പോവുന്നതിനിടെ നാലാംമൈലില്‍ റോഡരികില്‍ ആനയെ കാണുകയും ചെയ്തു. പുല്‍പ്പള്ളി ഭാഗത്തേക്ക് അല്‍പദൂരം കൂടി സഞ്ചരിച്ച ശേഷം തിരിച്ചുവന്ന് കാറില്‍ നിന്നു തോക്കുമായി പുറത്തിറങ്ങി കുളത്തിങ്കല്‍ ഷാജി മുന്നോട്ടു നടന്ന്് ആനയെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടത്തിയത്. പിന്നീട്് പണയമ്പം വഴി തന്നെ സുല്‍ത്താന്‍ ബത്തേരിയിലെത്തി. വനംവകുപ്പിനോടുള്ള മുന്‍വൈരാഗ്യമാണ് ആനയെ കൊല്ലുന്നതിലേക്ക് ഷാജിയെ എത്തിച്ചതത്രേ. ഷാജിയുടെ മുടിക്കോട് റിസോര്‍ട്ടിലേക്കുള്ള വഴി വനംവകുപ്പ് അടച്ചിരുന്നു. പുതുതായി നിര്‍മിക്കുന്ന റിസോര്‍ട്ടിന് അനുമതി നല്‍കിയിതുമില്ല. നിരവധി റിസോര്‍ട്ടുകള്‍ സ്വന്തമായുള്ളയാളാണ് ഷാജി. ഇവിടങ്ങളില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ നാലിനു വടക്കനാട് അംബേദ്കര്‍ വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ ചുണ്ടാട്ട് ബേബിയെ വാഷ് സഹിതം വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പുതുക്കുടി ഷാജിയുടെ കൈവശം തോക്കും മറ്റുമുള്ള കാര്യം വനംവകുപ്പ് അറിയുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നു കള്ളത്തോക്ക്, അഞ്ചു തിരകള്‍, അമ്പതോളം ഈയം ഉണ്ടകള്‍, മാന്‍കൊമ്പ് എന്നിവ കണ്ടെടുത്തു. പുതുക്കുടി ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുളത്തിങ്കല്‍ ഷാജിയെ തിങ്കളാഴ്ച പിടികൂടിയത്. പുതുക്കുടി ഷാജിയെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ നിന്നു ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ബലമായി മോചിപ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നു. ജൂലൈ 26നു രാത്രി നൂല്‍പ്പുഴ പാട്ടവയല്‍ ഭാഗത്ത് വനത്തില്‍ വേട്ടയാടുന്നതിനിടെ ഒരുസംഘത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. പുത്തന്‍കുന്ന് സ്വദേശികളായ പാലപ്പൊറ്റ സംജാദ് (23), തോട്ടപുര പ്രവീണ്‍ (23), ചെതലയം വാളയില്‍ സുമേഷ് (42) മലപ്പുറം മങ്കടകൂട്ടില്‍ നെല്ലേങ്കര ഷമീര്‍ ഫൈസല്‍ (48),അബ്ദുല്‍ ഗഫൂര്‍ (41), അബ്ദുല്‍ ലത്തീഫ് (40) എന്നിവരെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആനക്കൊലയുമായി ബന്ധപ്പെട്ട തുമ്പ് ലഭിച്ചത്. ഇതില്‍ സഞ്ചു എന്നു വിളിക്കുന്ന സംജാദിന് ആനക്കൊലയുമായി ബന്ധമുണ്ടെന്നു വനംവകുപ്പിന് ബോധ്യപ്പെട്ടിരുന്നു. കുളത്തിങ്കല്‍ ഷാജിയുമായി അടുത്ത ബന്ധമാണ് സംജാദിന്. ഇയാള്‍ക്കെതിരേ വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ നാലിനാണ് വനത്തില്‍ വച്ച് വാഷുമായി ചുണ്ടാട്ട് ബേബിയെ പിടികൂടുന്നത്. മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ഷാജിക്കെതിരേ ചുമത്തിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day