|    Feb 21 Tue, 2017 11:10 am
FLASH NEWS

കാട്ടാനയുടെ ആക്രമണം കൊലപാതകമായി; പോലിസിന് അഭിമാനിക്കാവുന്ന നേട്ടം

Published : 21st October 2016 | Posted By: SMR

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു കരുതുകയും സര്‍ക്കാര്‍ ആശ്രിത നിയമനവും നഷ്ടപരിഹാരവും പ്രഖ്യാപിക്കുകയും ചെയ്ത ശേഷം മരണം ആസൂത്രിത കൊലപാതകമാണെന്നു കണ്ടത്തിയത് പോലിസിന് അഭിമാനിക്കാവുന്ന നേട്ടം. ഇത്തരത്തില്‍ തെളിയിക്കപ്പെടുന്ന അപൂര്‍വ സംഭവങ്ങളില്‍ ഒന്നായിരിക്കുകയാണ് വാകേരി കോട്ടക്കല്‍ തോമസിന്റെ (ഷിമി-28) മരണം. ഈ മാസം 15നാണ് തോമസിന്റെ മൃതദേഹം അരണപ്പാറ വനത്തോടു ചേര്‍ന്ന് റോഡരികില്‍ കാണപ്പെട്ടത്. വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ കാണുന്ന മുറിവുകളല്ല ഇയാളുടെ ദേഹത്തുണ്ടായിരുന്നത് എന്നതിനാല്‍ തുടക്കം മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് തോമസ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന രീതീയില്‍ വ്യാപക പ്രചാരണം നടത്തിയത്. ഇതോടെ നാട്ടുകാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മൃതദേഹം കൊണ്ടുപോവുന്നത് തടയുകയും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ അന്തര്‍സംസ്ഥാന പാതയായ മാനന്തവാടി-കുട്ട റോഡ് മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായും അടിയന്തര ധനസഹായമായി 30,000 രൂപയും ആശ്രിത നിയമനവും പ്രഖ്യാപിച്ച ശേഷമാണ് ഉപരോധം അവസാനിപ്പിച്ചതും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവാന്‍ അനുവദിച്ചതും. ഈ സംഭവങ്ങളിലെല്ലാം തന്നെ പ്രതികളായ ലിനു മാത്യു, എം എ നിസാര്‍, വി ഡി പ്രതീഷ് എന്നിവര്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. തോമസിന്റെ മരണം ആനയുടെ ആക്രമണത്താല്‍ തന്നെയാണെന്നു വരുത്തിത്തീര്‍ക്കാനും തങ്ങളിലേക്ക് ഒരിക്കല്‍ പോലും സംശയം നീളാതിരിക്കാനുമുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍, തോമസിന്റെ ശരീരത്തിലേറ്റ മുറിവുകളും മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ഇരുമ്പുവടിയും അന്വേഷണം വഴിതിരിക്കുകയായിരുന്നു. സംശയത്തിന്റെ പേരില്‍ വനംവകുപ്പ് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും നാട്ടുകാരില്‍ ചിലര്‍ ജീവനക്കാരോട് തുമ്പൊന്നും കിട്ടിയില്ല. കൊലപ്പെടുത്തിയ ശേഷം വനത്തോട് ചേര്‍ന്ന സ്ഥലത്ത് കൊണ്ടിട്ടാല്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാവുമെന്നു കരുതിയേക്കുമെന്ന നിഗമനത്തില്‍ നിന്നാണ് പോലിസ് അന്വേഷണം പ്രദേശവാസികളിലേക്ക് കേന്ദ്രീകരിക്കുന്നതിനും തോമസിന്റെ ബന്ധുവുള്‍പ്പെടെയുള്ള സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുന്നതിനും ഇടയാക്കിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു കണ്ടെത്തുകയും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് പോലിസിന്റെ കിരീടത്തിലെ പൊന്‍തൂവലായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക