|    Mar 30 Thu, 2017 4:34 pm
FLASH NEWS

കാട്ടാനക്കൂട്ടം ശീതകാല പച്ചക്കറി തോട്ടങ്ങളിലും നാശം വിതച്ചു; വനം വകുപ്പ് ഇടപെടുന്നില്ല

Published : 2nd October 2016 | Posted By: SMR

മറയൂര്‍: കാട്ടാനക്കൂട്ടം കാന്തല്ലൂരിലെ പച്ചക്കറിത്തോട്ടത്തിലും നാശം വിതയ്ക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ചന്ദ്രമണ്ഡലം, വെട്ടുകാട്, സെവാപന്തി എന്നിവിടങ്ങളില്‍ തമ്പടിച്ച് കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടമാണ് ഒടുവില്‍ കാന്തല്ലൂരിലെ ശീതകാല പച്ചക്കറി തോട്ടത്തിലേയ്ക്കും ഇറങ്ങിയത്.
കാന്തല്ലൂര്‍ ഗ്രാമത്തിലെ പൊന്നുസാമി, രവിചന്ദ്രന്‍, രാമമൂര്‍ത്തി, നളിനി, ജ്യോതിലക്ഷ്മി, കാനത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ കാന്തല്ലൂര്‍ ആടിവയലിലുള്ള പച്ചക്കറി തോട്ടങ്ങളാണ് നശിപ്പിച്ചത്.
കാബേജ്, കാരറ്റ്, ബീന്‍സ്, ഉരുളകിഴങ്ങ് തുടങ്ങിയ പത്തേക്കറോളം വരുന്ന തോട്ടങ്ങളും അവരുടെ സ്വപ്‌നങ്ങളുമാണ് ഒറ്റരാത്രികൊണ്ട് കാട്ടാനകള്‍ തകര്‍ത്തെറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് കാട്ടാനകൂട്ടം ഇവിടെ വരുന്നതും പച്ചക്കറി തോട്ടങ്ങളിലിറങ്ങി കൃഷി നാശം വരുത്തുന്നതെന്നും കാന്തല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മുന്‍ കാലങ്ങളില്‍ കാട്ടാന കൂട്ടം ഇറങ്ങി വരുന്ന സമയങ്ങളില്‍ വനത്തിന്റെ അതിര്‍ത്തി ഭാഗങ്ങളില്‍ വച്ച് തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവയെ കാട്ടിലേയ്ക്ക് തിരികെ ഓടിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ ചന്ദ്രമണ്ഡലത്തില്‍ എത്തിയ കാട്ടാന ക്കൂട്ടം മാരിയമ്മയുടെ ആയിരത്തിലധികം വാഴയും രണ്ടേക്കറില്‍ കൃഷി ചെയ്തിരുന്ന ഏലം, സ്‌ട്രോബറി, പൈനാപ്പിള്‍, മാവ് എന്നിവ നാമവശേഷമാക്കി.മുന്‍കാലങ്ങളില്‍ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയാല്‍ വനം വകുപ്പ് ഓഫിസില്‍ വിവരം അറിയിച്ചാല്‍ കാന്തല്ലൂര്‍ റേഞ്ച് ഓഫിസറും ജീവനക്കാരും ഓടിയെത്തുമായിരുന്നു. അല്ലെങ്കില്‍ മറയൂര്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ റേഞ്ച് ഓഫിസറെങ്കിലും എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഈ രണ്ട് ഓഫിസുകളിലും റേഞ്ച് ഓഫിസര്‍മാര്‍ ഇല്ലാത്തതാണ് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കേരളത്തിന്റെ പ്രധാന ശീതകാല പച്ചക്കറികളുടെ ഉറവിടമായ കാന്തല്ലൂരില്‍ പച്ചക്കറി തോട്ടത്തിലും കാട്ടാന കുട്ടം എത്തിയത് പ്രദേശത്തെ കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മറയുരിന്റെ ഭൂരിഭാഗം പ്രദേശത്തും കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ കൃഷി നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയിലാണ്.
അതേ സ്ഥിതിയിലാകുമോ കാന്തല്ലൂരിന്റെ ശീതകാല പച്ചക്കറി കര്‍ഷകരും എന്ന ആശങ്കയാണ് ഉയരുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day