|    Mar 25 Sat, 2017 7:24 am
FLASH NEWS

കാട്ടാനക്കുട്ടി വെടിയേറ്റ് ചരിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Published : 5th October 2016 | Posted By: Abbasali tf

മണ്ണാര്‍ക്കാട്: തെങ്കര മെഴുകും പാറയില്‍ കാട്ടാനക്കുട്ടി വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആറ് പേരടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചതായി ഡിഎഫ്ഒ ജയപ്രകാശ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് മെഴുകും പാറയില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇടത് വശം ചരിഞ്ഞാണ് കിടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മറിച്ചിട്ടപ്പോഴാണ് പരിക്കേറ്റ വ്രണം കണ്ടെത്തിയത്. പരിശോധനയില്‍ ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു. പോസ്റ്റ്മാര്‍ട്ടത്തില്‍ വെടിയേറ്റുണ്ടായ വ്രണമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ആനക്കുട്ടിയുടെ വാരിയെല്ലില്‍ ഏറ്റ വെടിയുണ്ട ആന്തരീകാവയവങ്ങളില്‍ ഏല്‍പ്പിച്ച മുറിവ് പഴുത്താണ് ചരിഞ്ഞതെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷാജി പണിക്കശ്ശേരി അറിയിച്ചു. സര്‍ജന്‍ ഷാജി പണിക്കശ്ശേരി, അസിസ്റ്റന്റ് സര്‍ജന്‍ അബൂബക്കര്‍ സിദ്ദീഖ് എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആനയുടെ ജഡം കിടന്ന സ്ഥലത്ത് ദഹിപ്പിക്കുന്നത് പ്രദേശവാസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ജഡം കഷണങ്ങളാക്കി ഉശക്കാട്ടില്‍ കൊണ്ടുപോയാണ് ദഹിപ്പിച്ചത്. നായാട്ടുസംഘങ്ങളെയാണ് വനം വകുപ്പ് പ്രാഥമികമായി സംശയിക്കുന്നത്. ഈ മേഖലകളില്‍ നായാട്ടുസംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നേരത്തെ മെഴുകുംപാറ, തത്തേങ്ങലം മേഖലയില്‍ മാനിനെ വേട്ടയാടിയ സംഘത്തെ വനം വകുപ്പ് പിടികൂടിയിട്ടുണ്ട്. എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികളെ  ഉടന്‍ പിടികൂടാനാവുമെന്നും ഡിഎഫ്ഒ അറിയിച്ചു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക