|    Jan 16 Mon, 2017 4:28 pm

കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് ഉടന്‍ അറിയാന്‍ പുത്തന്‍ സാങ്കേതികവിദ്യ

Published : 2nd July 2016 | Posted By: SMR

കല്‍പ്പറ്റ: കാട്ടാനകള്‍ കാടിറങ്ങുന്ന വിവരം ഞൊടിയിടയില്‍ നാട്ടാരെ അറിയിക്കുന്ന വിദ്യയുമായി യുവ എന്‍ജിനീയര്‍. നടവയല്‍ താഴ്‌വനാല്‍ ബാബു ജെയിംസ്-ലില്ലി ദമ്പതികളുടെ മകന്‍ ലിബിന്‍ ബാബുവിന്റേതാണ് ശാസ്ത്രലോകത്തിനുള്ള പുത്തന്‍ സംഭാവന. എലിഫന്റ് അലര്‍ട്ട് സിസ്റ്റം എന്ന പേരില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ലിബിന്‍ ഇന്നലെ പ്രസ്‌ക്ലബ്ബില്‍ അവതരിപ്പിച്ചു.
സെന്‍സര്‍, നൈറ്റ്‌വിഷന്‍ സൗകര്യത്തോടെയുള്ള കാമറ, മാസ്റ്റര്‍ അലര്‍ട്ട് മോണിറ്ററിങ് യൂനിറ്റ്, പോര്‍ട്ടബിള്‍ വയര്‍ലെസ് യൂനിറ്റ്, സ്ട്രീറ്റ്, ഹോം, മെസേജ് അലര്‍ട്ട് യൂനിറ്റുകള്‍ എന്നിവയാണ് 25കാരനായ ലിബിന്റെ ബുദ്ധിയില്‍ പിറന്ന എലിഫന്റ് അലര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗങ്ങള്‍. കാടിനും നാടിനും ഇടയില്‍ കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതകളിലാണ് കാമറയും സെന്‍സറും സ്ഥാപിക്കേണ്ടത്. ഇവയെ മാസ്റ്റര്‍ അലര്‍ട്ട് മോണിറ്ററിങ് യൂനിറ്റുമായി ബന്ധിപ്പിക്കണം. ഇതിന് വയര്‍ലെസ് സാങ്കേതികവിദ്യയോ കേബിളോ ഉപയോഗിക്കാം.
കാട്ടാന കാമറയ്ക്കും സെന്‍സറിനും മുന്നില്‍പ്പെട്ടാലുടന്‍ മാസ്റ്റര്‍ അലര്‍ട്ട് മോണിറ്ററിങ് യൂനിറ്റില്‍ ബെല്‍ മുഴങ്ങും. ഇവിടെ ആനയുടെ സ്ഥാനം, നീക്കം എന്നിവയടക്കം വിവരം ലഭിക്കും. മോണിറ്ററിങ് യൂനിറ്റില്‍നിന്ന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് വിവരം പോര്‍ട്ടബിള്‍ അലര്‍ട്ട് യൂനിറ്റിലും സ്ട്രീറ്റ്, ഹോം, മെസേജ് അലര്‍ട്ട് യൂനിറ്റുകളിലും ലഭ്യമാക്കുന്നത്. ഈ യൂനിറ്റുകള്‍ മാസ്റ്റര്‍ അലര്‍ട്ട് യൂനിറ്റില്‍ നിന്ന് എത്ര അകലത്തിലുമാവാം. വനാതിര്‍ത്തിയിലെ ആനത്താരകളില്‍ കാമറകളും സെന്‍സറുകളും അവയുടെ ശേഷിയുടെ അടിസ്ഥാനത്തില്‍ ഇടവിട്ടാണ് സ്ഥാപിക്കേണ്ടത്.
കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ച് കര്‍ഷകര്‍ക്കും വനപാതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതില്‍ വനംവകുപ്പിന് ഉപയോഗപ്പെടുത്താവുന്നതാണ് എലിഫന്റ് അലര്‍ട്ട് സിസ്റ്റമെന്ന് ലിബിന്‍ പറഞ്ഞു. വനാതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകളില്‍ ഹോം അലര്‍ട്ട് യൂനിറ്റോ മെസേജ് അലര്‍ട്ടിനായി മൊബൈല്‍ ഫോണോ ഉണ്ടാവണമെന്നും മാത്രം. വനം ഓഫിസുകളില്‍ സ്ഥാപിക്കുന്ന മാസ്റ്റര്‍ യൂനിറ്റില്‍ നിന്നുള്ള മുന്നറിയിപ്പ് ലഭിക്കുന്ന കര്‍ഷകര്‍ക്ക് കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി നാശം വരുത്തുന്നതും വീടുകള്‍ തകര്‍ക്കുന്നതും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. ഹോം, മേസേജ് അലര്‍ട്ട് യൂനിറ്റുകളിലെത്തുന്ന വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള മാപ്പ് ലോക്കേഷന്‍ സിസ്റ്റവും ലിബിന്‍ വികസിപ്പിച്ചിട്ടുണ്ട്.
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ ലിബിന്‍ തായ്‌ലന്‍ഡിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കട്രോണിക്‌സില്‍ ഹ്രസ്വകാല പരിശീലനം നേടുന്നതിനിടെയാണ് എലിഫന്റ് അലര്‍ട്ട് സിസ്റ്റം രൂപകല്‍പന ചെയ്തത്. ഏകദേശം അര ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ഈ സംവിധാനം വനം-വന്യജീവി വകുപ്പ് മേധാവികളെ പരിചയപ്പെടുത്താനും അതുവഴി പ്രയോജനം വന്യജീവി ശല്യംമൂലം വലയുന്ന ജനങ്ങളില്‍ എത്തിക്കാനുമാണ് ലിബിന്റെ ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക