|    Apr 30 Sun, 2017 10:03 pm
FLASH NEWS

കാട്ടാനകള്‍ കൃഷി നശിപ്പിച്ചു; കര്‍ഷകര്‍ ദുരിതത്തില്‍

Published : 7th November 2016 | Posted By: SMR

പുല്‍പ്പള്ളി: മൂഴിമലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാനശല്യത്തില്‍ നിരവധി കര്‍ഷകരുടെ വിവിധ കൃഷികള്‍ നശിച്ചു. പ്രധാനമായും നെല്ല്, വാഴ,കവുങ്ങ് എന്നിവയാണ് കാട്ടാനകള്‍ കൂട്ടമായെത്തി നശിപ്പിച്ചത്. പുത്തന്‍പുരയില്‍ കൊച്ചിന്റെ നൂറോളം കായ്ഫലമുള്ള കമുകുകളാണ് ഒറ്റ ദിവസംകൊണ്ട് കാട്ടാനകള്‍ പിഴുതെടുത്തത്. അറയ്ക്കല്‍ ജോസിന്റെ വയലില്‍ നട്ട ഇരുനൂറോളം വാഴകള്‍ നശിപ്പിച്ചു.
പുതിയിടം ദേവകിയുടെ രണ്ടേക്കര്‍ വയലിലെ നെല്‍കൃഷി പൂര്‍ണമായും ആനകള്‍ നശിപ്പിച്ചു.സ്വാശ്രയസംഘത്തില്‍നിന്നും വായ്പയെടുത്ത പണംകൊണ്ട് കൃഷിചെയ്ത നെല്ലിനു കതിരുവന്നപ്പോഴാണ് ആനക ള്‍ ചവിട്ടി നശിപ്പിച്ചത്. നെല്‍കൃഷി ചെയ്ത് കഴിഞ്ഞപ്പോഴുണ്ടായ കടുത്ത വരള്‍ച്ചയില്‍ കൃഷി നശിക്കാറായി. അടുത്തയിടെ പെയ്ത മഴയില്‍ വീണ്ടും കതിരു വന്നപ്പോഴാണ് കാട്ടാന ഇറങ്ങി  നാശം വിതച്ചത്. വട്ടക്കാട്ട് ചാക്കോയുടെ അരയേക്കര്‍ സ്ഥലത്തെ നെല്‍കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പാതിരി വനത്തോടു ചേര്‍ന്ന മൂഴിമലയില്‍ അടുത്തകാലത്താണ് കാട്ടാനകളുടെ ആക്രമണം ഇത്രയേറെ വര്‍ധിച്ചതെന്ന് കര്‍ഷകര്‍ ആവലാതിപ്പെടുന്നു.  ഇരുപതോളം ആനകളുടെ രണ്ട് സംഘങ്ങളാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശത്തെ വനത്തില്‍ സ്ഥിരവാസമാക്കിയിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശല്യക്കാരായ ആനകളെ ഓടിച്ചു വിടാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും നടപ്പാക്കുവാന്‍ വനപാലകര്‍ തയാറാകുന്നില്ലന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. നൂറോളം വരുന്ന വാനരസംഘങ്ങളും ഈ പ്രദേശങ്ങളില്‍ കൃഷിഭൂമിയില്‍ വന്‍നാശം വിതക്കുന്നു. വനാതിര്‍ത്തിയിലെ വീടുകള്‍ക്കുള്ളില്‍ കടക്കുന്ന കുരങ്ങുകള്‍ വസ്ത്രങ്ങളും, ഭക്ഷണസാധനങ്ങളും നശിപ്പിക്കുന്നു. വനപാലകരോട് പലതവണ പരാതിപ്പെട്ടിട്ടും ഇതിനെതിരേ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day