|    Oct 17 Wed, 2018 2:53 pm
FLASH NEWS

കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് : ഭീതിയൊഴിയാതെ ജനം; വനംവകുപ്പ് സംരക്ഷണമൊരുക്കുന്നില്ല

Published : 22nd September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ കൂട്ടമായി എത്തി വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു. വന്യമൃഗ ഭീഷണിയില്‍ സംരക്ഷണമൊരുക്കാതെ വനം വകുപ്പ്. ഭീതിയൊഴിയാതെ പ്രദേശവാസികള്‍. കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന പ്രദേശങ്ങളില്‍ കിടങ്ങും, വൈദ്യതി കമ്പി വേലികളും സ്ഥാപിച്ച്  ജനങ്ങളുടെ ഭീതിയും കൃഷിയിടങ്ങളും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  ഏതാനും ദിവസങ്ങളായി വള്ളക്കടവ്, തങ്കമല, മാട്ടുപ്പെട്ടി, എച്ച്പിസി, മൂലക്കയം, പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കാട്ടാനയിറങ്ങി വ്യാപകമായ കൃഷി നാശമാണ് ഉണ്ടാക്കുന്നത്. ഏലം, കവുങ്ങ്, തെങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ച വിലേറെയും. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന പെരിയാര്‍ നദിയിലൂടെയുളള വഴിയാണ് കാട്ടാന എത്തുന്നത്. സന്ധ്യയോടെ എത്തുന്ന ആന പുലര്‍ച്ചയോടു കൂടിയാണ് മടങ്ങുന്നത്. തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ പകല്‍ സമയങ്ങളില്‍ ഏറെ ഭീതിയോടെയാണ്  ഇവിടെ പണിയെടുക്കുന്നത്.പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനവാസ കേന്ദ്രമായ തങ്കമലയിലും, വഞ്ചി വയല്‍ ആദിവാസിക്കുടിക്കും സമീപത്തായി വനം വകുപ്പ് പതിനഞ്ച് ലക്ഷത്തോളം രൂപ മുടക്കി  വൈദ്യുതി  ഫെന്‍സിംഗ് സ്ഥാപിച്ചെങ്കിലും ഇത് ഫലപ്രദമായില്ല.   നാട്ടുകാര്‍ പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയതോടെയാണ് ആനക്കൂട്ടത്തെ ഓടിക്കുന്നത്.  പെരിയാര്‍ നദിയില്‍ നീരൊഴുക്ക് കുറവായതിനാല്‍ എളുപ്പത്തില്‍ ജനവാസ മേഖലയില്‍ എത്താന്‍ കാരണം. രാത്രി കാലത്താണ് കാട്ടാനകള്‍ വ്യാപകമായി എത്തുന്നത്ത്. പടക്കം പൊട്ടിച്ചാണ് ആനകളെ ഓടിക്കുന്നത്. ദിവസങ്ങള്‍ക്ക്  മുന്‍പ് ഈ പ്രദേശത്ത് കാട്ടാനകള്‍ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു .കാട്ടാനകള്‍ വ്യാപകമായി ജനവാസ മേഖലകളില്‍ എത്തുന്നതോടെ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. ടയറുകള്‍ കത്തിച്ചും, പടക്കം പൊട്ടിച്ചും കാട്ടാനകള്‍ കുഷി നശിപ്പിക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കുകയാണ് ഇവിടെയുള്ള കര്‍ഷകരും പ്രദേശവാസികളും. വനം വകുപ്പില്‍ വിവരം അറിയിക്കുമെങ്കിലും ആരും തന്നെ എത്താറില്ല എന്നും ആക്ഷേപമുണ്ട്. നഷ്ടപ്പെട്ട വിളകള്‍ക്ക് ആനുപാതികമായ നഷ്ട പരിഹാരം വനം വകുപ്പ് നല്‍കാത്തതും കൃഷിക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സി (എഫ്ഡിഎ) വൈദ്യുതി ഫെന്‍സിംഗ്, കല്ല് കയ്യാല എന്നിവ നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിനായി പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss