|    Feb 27 Mon, 2017 8:01 am
FLASH NEWS

കാട്ടാനകളെ തടയാന്‍ വാളയാറില്‍ എട്ട് കോടിയുടെ റെയില്‍പ്പാള വേലി

Published : 2nd December 2016 | Posted By: SMR

പാലക്കാട്: വാളയാര്‍ മേഖലയില്‍ കാട്ടാനകള്‍ റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നത് തടയാന്‍ പഴയ റെയില്‍ പാളങ്ങള്‍കൊണ്ട് ശക്തമായ വേലി സ്ഥാപിക്കും. മലമ്പുഴ നിയോജക മണ്ഡലത്തിലെ പദ്ധതി പുരോഗതികള്‍ വിലയിരുത്താന്‍ ‘ഭരണപരിഷക്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വി എസ് അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പാലക്കാട് ഡിഎഫ്ഒ കെ കാര്‍ത്തികേയന്‍ വേലി സ്ഥാപിക്കുന്നതിനായി എട്ടുകോടിയുടെ ഭരണാനുമതി ലഭിച്ചെന്ന് അറിയിച്ചത്. ആദ്യഘട്ടത്തില്‍ ആറ് കിമീ നീളത്തിലാണ് വേലി സ്ഥാപിക്കുക. പുതുശ്ശേരി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും ഉടന്‍ നഷ്ടപരിഹാര തുക നല്‍കണമെന്ന് ‘ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു. മരിച്ച വ്യക്തികളുടെ കുടംബത്തിന് ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് നടപടി ത്വരിതപ്പെടുത്തും. കഞ്ചിക്കോട് മേഖലയില്‍ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് വി എസ് അച്യുതാനന്ദന്‍ നിര്‍ദേശം നല്‍കി. നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. മണ്ഡലത്തിലെ ജലക്ഷാമം നേരിടുന്ന ആദിവാസി മേഖലകളില്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ളം എത്തിക്കണം. അകത്തേത്തറ നടക്കാവ് റെയില്‍വെ മേല്‍പ്പാലം വേഗത്തില്‍ പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടു. കല്ലേപ്പുള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പണി പൂര്‍ത്തിയാക്കി. ചുരുക്കപ്പള്ളം റോഡ് ഡിസംബര്‍ 31നും കല്ലമ്പറ്റ റോഡ് മാര്‍ച്ച് 31നും ഗതാഗതയോഗ്യമാക്കും. ഏറ്റെടുത്ത പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത കോണ്‍ട്രാക്റ്റര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി ഒഴിവാക്കണമെന്നും എംഎല്‍എ പറഞ്ഞു.പാലക്കാട് ഗവ. റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ പിഎ എന്‍ അനില്‍കുമാ, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day