|    Aug 17 Thu, 2017 1:20 pm
FLASH NEWS

കാട്ടാനകളെ കാടുകയറ്റാന്‍ തീവ്രശ്രമം തുടരുന്നു

Published : 11th August 2017 | Posted By: fsq

 

ഒറ്റപ്പാലം: ഏഴ് ദിവസമായി പാലക്കാട്, തൃശൂര്‍ ജില്ലകളെ ഭീതിയിലാഴ്ത്തിയ കാട്ടാനക്കൂട്ടത്തെ കാട് കയറ്റാന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം തുടരുന്നു. ഇന്നലെ രാവിലെ മങ്കര റെയില്‍വേ സ്‌റ്റേഷന് സമീപം ഭാരതപ്പുഴയോട് ചേര്‍ന്ന് അതിര്‍ക്കാട്ടില്‍ നിലയുറപ്പിച്ച മൂന്നംഗ കാട്ടാന സംഘത്തെ കാട്ടിലേക്ക് തിരികെ കയറ്റാന്‍ വനംവകുപ്പ് പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ശ്രമം തുടങ്ങിയത്. രാവിലെ ഒമ്പതരയോടെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും പരമ്പരാഗത രീതിയിലാണ് ശ്രമം പുരോഗമിച്ചത്. ഇറങ്ങിവന്ന അതേ ദിശയില്‍ കാടുകയറ്റാന്‍ ശ്രമിച്ചെങ്കിലും ദിശയറിയാതെ ആനകള്‍ ഭാരതപ്പുഴയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്നു. വയനാട്ടില്‍ നിന്നും കോന്നിയില്‍ നിന്നുമെത്തിയ വിദഗ്ധ സംഘം പ്രത്യേക പ്ലാന്‍ തയ്യാറാക്കി ഭാരതപ്പുഴയിലൂടെ സ്പീഡ്‌ബോട്ടില്‍ ആനകളുടെ സമീപത്തേക്ക് നീങ്ങി. കാട്ടില്‍ കയറിയും വെള്ളത്തില്‍ നീരാടിയും നിന്ന ആനകളെ പറളി അയ്യര്‍മല വഴി കല്ലടിക്കോടന്‍ മലകളിലേക്ക് കയറ്റാനാണ് തീരുമാനിച്ചത്. വൈകീട്ട് വരെ ആനകള്‍ പ്രകോപനത്തെ അതിജീവിച്ച് നിന്നു. മങ്കരയില്‍ നിന്ന് എട്ട് കിലോമീറ്ററാണ് അയ്യര്‍മലയിലേക്കുള്ളത്. വൈകീട്ട് അഞ്ചരയായപ്പോള്‍ ആനകള്‍ സ്ഥലം മാറാന്‍ തുടങ്ങിയതോടെ വനംവകുപ്പിന്റെ പദ്ധതി ഏറെക്കുറെ വിജയം കണ്ടു. മങ്കര റെയില്‍വേ സ്‌റ്റേഷന് സമീപത്ത് റെയില്‍പാതയ്ക്ക് സമാന്തരമായി ട്രാക്കിലേക്ക് കയറ്റാതെ കുറ്റിക്കാട്ടിലൂടെ അയ്യര്‍മലയിലേക്ക് കൊണ്ടുപോവാനാണ് ശ്രമം നടത്തിയത്. ഇന്നലെ രാവിലെ എട്ടോടെ വനംവകുപ്പ് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നാണ് ദൗത്യം തുടങ്ങിയത്. സ്വമേധയാ തയ്യാറുള്ള ഏഴംഗ നാട്ടുകാരുടെ സംഘത്തെ വഴി കാണിക്കാനായി പ്രത്യേക ക്ലാസ് നല്‍കിയ ശേഷം ഒപ്പം കൊണ്ടുപോയി. മധ്യമേഖലാ വനംവകുപ്പ് മേധാവി, തൃശൂര്‍, പാലക്കാട് ഡിഎഫ്ഒമാര്‍, നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഒറ്റപ്പാലം, മങ്കര, പഴയന്നൂര്‍, ചേലക്കര പോലിസ് സ്‌റ്റേഷനുകളില്‍ നിന്നായി നൂറോളം പോലിസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനകളെ കാടു കയറ്റാന്‍ ശ്രമം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക