|    Dec 11 Tue, 2018 10:05 am
FLASH NEWS

കാട്ടാക്കട കോടതിക്കു സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാവുന്നു

Published : 7th August 2016 | Posted By: SMR

കാട്ടാക്കട: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കാട്ടാക്കട കോടതിക്ക് സ്വന്തം മന്ദിരം യാഥാര്‍ഥ്യമാവുന്നു. അപര്യാപ്തമായ സൗകര്യങ്ങളോടെ കാട്ടാക്കട പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിക്ക് സ്വന്തമായി ഒരു മന്ദിരം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാട്ടാക്കട പഞ്ചായത്തിന്റെ കാരുണ്യത്താല്‍ വാടക ഒഴിവാക്കി നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കോടതിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലെന്ന പരാതിക്ക് പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
2005ല്‍ അജിതാ ബീഗം പ്രസിഡന്റായ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി കോടതി സമുച്ചയം പണിയുന്നതിനായി അഞ്ചുതെങ്ങിന്‍മൂട് ജങ്ഷനില്‍ 47.5 സെന്റ് ഭൂമി വിലകൊടുത്ത് വാങ്ങി. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം എട്ടുവര്‍ഷം കഴിഞ്ഞാണ് നിയമവകുപ്പ് ഈ ഭൂമി ഏറ്റെടുത്തത്. ഇതിനിടയില്‍ ഓരോ തിരഞ്ഞെടുപ്പ് പഖ്യാപന ഘട്ടത്തിലും അന്നത്തെ സ്ഥലം എംഎല്‍എ എന്‍ ശക്തന്‍ കാട്ടാക്കട കോടതി സമുച്ചയം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും കെട്ടിട നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചതായി അറിയിക്കുകയും ചെയ്യുക പതിവായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പതിവ് പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം യാതൊന്നും നടന്നില്ല. ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോടതി നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തനിക്ക് കമ്മീഷന്‍ മുന്‍കൂറായി ലഭിക്കണമെന്ന ജനപ്രതിനിധിയുടെ പിടിവാശിക്ക് കരാറുകാരന്‍ വഴങ്ങാതായതോടെ കോടതി നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായി. ഒരുഘട്ടത്തില്‍ കരാറുകാരന്‍ കരാര്‍ ഉപേക്ഷിക്കും എന്ന അവസ്ഥ വരെയെത്തി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഡ്വ. ഐ ബി സതീഷ് എംഎല്‍എയായി വന്നതോടെയാണ് കോടതി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്. കോടതി നിര്‍മാണത്തിന് മുമ്പ് രണ്ട് കോടി 81 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. രണ്ടു നിലകളിലായി 19,860 സ്‌ക്വയര്‍ ഫിറ്റിലാണ് കെട്ടിടം പണിയേണ്ടത്. 2.81കോടി രൂപ കൊണ്ട് കോണ്‍ക്രീറ്റ് വരെയുള്ള പണികള്‍ മാത്രമാണ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇക്കഴിഞ്ഞ ബജറ്റില്‍ 42 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു.
ഇപ്പോള്‍ ആകെ 3.23 കോടി രൂപ ചെലവഴിച്ചാണ് കോടതി മന്ദിരം നിര്‍മാണം ആരംഭിക്കാ ന്‍ പോവുന്നത്. കോടതി നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ ഗ്രൗണ്ട് ലെവല്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കും. അഡ്വ. ഐ ബി സതീഷ് എംഎല്‍എയും പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ പൊന്നമ്മ ജോസഫും മറ്റ് ഉദ്യോഗസ്ഥരും കോടതി സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. ഉടന്‍ തന്നെ കോടതി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുമെന്നും എത്രയും വേഗം പണി പൂ ര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു. കോടതി സമുച്ചയം യാഥാര്‍ഥ്യമായാല്‍ നിലവിലുള്ള ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറമേ മറ്റ് കോടതികളും ഇവിടെ അനുവദിക്കപ്പെടും എന്ന പ്രതീക്ഷയും എംഎല്‍എ പങ്കുവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss