|    Dec 16 Sat, 2017 5:15 am
FLASH NEWS

കാടുവെട്ടാന്‍ മല്‍സരം; വെള്ളം കെട്ടിനിന്ന് റോഡ് തകരുന്നു

Published : 5th August 2016 | Posted By: SMR

മാനന്തവാടി: വെള്ളം കെട്ടിനിന്നു റോഡ് തകരുന്നതിനെതിരേ നടപടികളില്ല. എന്നാല്‍, റോഡരികിലെ കാടുവെട്ടാന്‍ തൊഴിലുറപ്പുകാരും പൊതുമരാമത്ത് വകുപ്പും തമ്മില്‍ മല്‍സരം. ജില്ലയില്‍ കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് നവീകരിച്ച റോഡുകളാണ് മഴവെള്ളം കെട്ടിനിന്ന് നശിച്ചുകൊണ്ടിരിക്കുന്നത്. മഴ തുടങ്ങുന്നതിനു മുമ്പായി ഓവുചാലുകളിലെ തടസ്സം നീക്കി വെള്ളം ഒഴുകാന്‍ സൗകര്യമൊരുക്കാത്തതാണ് ഇതിനു കാരണം.
പൊതുമരാമത്ത് വകുപ്പ് റോഡ് സംരക്ഷണത്തിനായി ഈ വര്‍ഷം ജില്ലയില്‍ ഒരുകോടി രൂപയാണ് ചെലവഴിക്കുന്നത്. എന്നാല്‍, ഇതില്‍ ഏറിയ പങ്കും വകുപ്പിന് കീഴിലുള്ള റോഡുകള്‍ക്കിരുവശവുമുള്ള കാടുവെട്ടാനാണ് നീക്കിവച്ചിരിക്കുന്നത്. ഇതു തന്നെ പലഭാഗങ്ങളിലും ഇനിയും തുടങ്ങിയതു പോലുമില്ല. എന്നാല്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം റോഡുകള്‍ക്കിരുവശവും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ മറവില്‍ വിവിധ പഞ്ചായത്തുകള്‍ റോഡരികിലെ കാടുകള്‍ വെട്ടിമാറ്റുന്നുണ്ട്.
തൈകള്‍ നട്ടുപിടിപ്പിക്കുന്നതോടൊപ്പം ഇവയുടെ സംരക്ഷണവും ഇവരുടെ ചുമതലയാണെന്ന നിലയിലാണ് വളര്‍ന്നുവരുന്ന കാടുകള്‍ ഇവര്‍ വെട്ടിമാറ്റുന്നത്.
100 ദിവസം ജോലി പൂര്‍ത്തിയാക്കുന്നതിനായാണ് തൈ സംരക്ഷണത്തിന്റെ മറവില്‍ റോഡരികിലെ കാട് ഏറിയ പങ്കും ഇവര്‍ വെട്ടുന്നത്. മൂന്നു വര്‍ഷം മുമ്പ് വരെ തൊഴിലുറപ്പ് തൊഴിലാളികള്‍ കാട് വെട്ടിയിരുന്നെങ്കിലും ഒരേ ജോലിക്കായി പൊതുമാരാമത്ത് വകുപ്പില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഫണ്ട് ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കുകയായിരുന്നു.
ഇതിനു പുറമെ റോഡരികില്‍ വളരുന്ന ഔഷധസസ്യങ്ങളുള്‍പ്പെടെ നശിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് നല്‍കിയ കാടുവെട്ട് കരാര്‍ ഏറ്റെടുത്ത കരാറുകാര്‍ തൊഴിലുറപ്പുകാരുടെ കാടുവെട്ട് കഴിഞ്ഞയുടന്‍ പണിപൂര്‍ത്തിയായതായി കാണിച്ച് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫണ്ട് തട്ടുന്നതായും ആക്ഷേപമുണ്ടായിരുന്നു.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് നവീകരിച്ച റോഡുകള്‍ പോലും സംരക്ഷിക്കാന്‍ നടപടിയുണ്ടാവാത്തതിനു പിന്നിലും അഴിമതി ആരോപണമുയരുന്നുണ്ട്. റോഡില്‍ മഴവെള്ളം കെട്ടിനിന്നാല്‍ തകരുന്ന ഭാഗങ്ങള്‍ കണ്ടെത്തി തടയാന്‍ യാതൊരു ശ്രമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
ഇത്തരം ഭാഗങ്ങളില്‍ വെള്ളം ഒഴുകിപ്പോവാനുള്ള സൗകര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച റോഡുകള്‍ മാസങ്ങള്‍ കൊണ്ട് തകരില്ലായിരുന്നു. എന്നാല്‍, ഇങ്ങനെ റോഡുകള്‍ തകരുകയും വീണ്ടും അറ്റകുറ്റപ്പണി നടത്തി വിഹിതം കൈപ്പറ്റുകയുമാണ് ചില ഉദ്യാഗസ്ഥരുടെ ലക്ഷ്യമെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക