|    Jan 21 Sat, 2017 5:40 am
FLASH NEWS

കാടുമൂടിയ സ്ഥലം ഉപയോഗയോഗ്യമാക്കും: ദക്ഷിണ റെയില്‍വേ മെറ്റീരിയല്‍ മാനേജര്‍

Published : 24th September 2016 | Posted By: SMR

കാഞ്ഞങ്ങാട്: കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സതേണ്‍ റെയില്‍വേ ചീഫ് മെറ്റീരിയല്‍ മാനേജര്‍ (സിഎംഎം) വി സുധാകരറാവും സംഘവും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനും പരിസരവും സന്ദര്‍ശിച്ച് പഠനം നടത്തി. ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെത്തിയ സംഘം പരിശോധനയുടെ വിശദമായ റിപോര്‍ട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സമര്‍പ്പിക്കും. സ്‌റ്റേഷന്റെ തെക്കുഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ച് കാട് മൂടി വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തി ഉപയോഗയോഗ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം നാലു മണിക്കൂറുകളോളം സ്‌റ്റേഷനും പരിസരവും സംഘം വിശദമായി പരിശോധിക്കുകയുണ്ടായി. കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനില്‍ സസ്യ-സസ്യേതര ഭോജനശാലകള്‍ ആരംഭിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ പണിയാന്‍ ഇപ്പോള്‍ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സ്‌റ്റേഷന്റെ വടക്കുഭാഗത്ത് റെയില്‍വേ ഗേറ്റുവരെയുള്ള സ്ഥലം പൂര്‍ണ്ണമായും മണ്ണിട്ട് നികത്തി പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഇതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടും. റെയില്‍വേ സ്‌റ്റേഷന്‍ പരിസരം വൃത്തിയായി  സൂക്ഷിക്കാനും സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ ഉണ്ടാകും.
വിനോദ സഞ്ചാരകേന്ദ്രമായ ബേക്കല്‍, റാണിപുരം, തീര്‍ത്ഥാടന കേന്ദ്രങ്ങളായ ആനന്ദാശ്രമം, കേന്ദ്രസര്‍വകലാശാല, തലക്കാവേരി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷനായ കാഞ്ഞങ്ങാടിന് എല്ലാവിധ സൗകര്യങ്ങളോടും കൂടി വിപുലീകരിക്കും. റെയില്‍വേ പ്ലാറ്റ്‌ഫോം സാമൂഹികവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമാക്കി മാറ്റുന്നത് തടയാന്‍ സ്‌റ്റേഷനില്‍ റെയില്‍വേ സംരക്ഷണസേന (ആര്‍പിഎഫ്)യുടെ ഔട്ട് പോസ്റ്റ് സ്ഥാപിക്കും. അദ്ദേഹം പറഞ്ഞു. സ്‌റ്റേഷന്‍ സൂപ്രണ്ട് ജയരാജ്‌മേനോന്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ അഷറഫ്, നഗരവികസന സമിതി ജനറല്‍ കണ്‍വീനര്‍ സി യൂസഫ്ഹാജി, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്‌ലം, റവ.ഫാദര്‍ മാത്യു ആലങ്കോട്, സി എ പീറ്റര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക